ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വംശനാശം അരികിൽ; മുന്നറിയിപ്പുമായി ഗവേഷകർ!
Mail This Article
450 കോടിയിലേറെ വര്‍ഷം പഴക്കമുള്ള ഭൂമിയുടെ ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ക്കും ഹിയുഗങ്ങള്‍ക്കും ഉല്‍ക്കാ വീഴ്ചകള്‍ക്കും പ്രകൃതി ക്ഷോഭങ്ങള്‍ക്കും കഴിയാത്തത് മനുഷ്യന് സാധിച്ചിരിക്കുന്നു. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുക പത്ത് ലക്ഷത്തിലേറെ വരുന്ന വ്യത്യസ്ത സസ്യജീവിവര്‍ഗങ്ങളാണ്. കാണ്ടാമൃഗവും, സിംഹവും മുതല്‍ ചെറു പ്രാണികളും കീടങ്ങളും വ്യത്യസ്ത ജനുസ്സില്‍ പെട്ട സസ്യങ്ങളും വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ദിനോസറുകളെ കൊന്നൊടുക്കിയ ഭൂമിയിലെ ഏറ്റവും വലിയ നശീകരണ കാലഘട്ടത്തില്‍ പോലും ഇത്ര ചെറിയ കാലയളവില്‍ ഇത്രയധികം സസ്യജീവിവര്‍ഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ല.
മനുഷ്യനിര്‍മിതമായ കാലാവസ്ഥാ വ്യതിയാനവും, മനുഷ്യരുടെ ആവാസവ്യാപനം നിമിത്തമുണ്ടായ വനനശീകരണവുമെല്ലാം ഇത്രയധികം ജൈവ-സസ്യ വര്‍ഗങ്ങളെ കൂട്ടത്തോടെ വംശനാശത്തിന്‍റെ വക്കിലേക്കു തള്ളിവിട്ടതിനു കാരണമാണ്. 7 രാജ്യാന്തര ഗവേഷകരുടെ നേതൃത്വത്തില്‍ അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷക സംഘം മൂന്ന് വര്‍ഷമെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ടാണ് ഐക്യരാഷ്ട്ര സംഘടന പുറത്തു വിട്ടത്. കൂട്ട വംശനാശത്തിനു കാരണമകുന്ന പ്രതിഭാസങ്ങള്‍ മനുഷ്യരെയും ബാധിക്കാതെ പോകില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. വരള്‍ച്ച മുതല്‍ ഭക്ഷ്യക്ഷാമം വരെയുള്ള ദുരന്തങ്ങളാണ് പരിണിത ഫലങ്ങളായി മനുഷ്യവംശത്തെ കാത്തിരിക്കുന്നത്.
ഇല്ലാതാകുന്നത് ജൈവവൈവിധ്യത്തിന്‍റെ എട്ടിലൊന്ന്
എട്ട് ദശലക്ഷം ഇനങ്ങളില്‍ പെട്ട സസ്യങ്ങളും ജീവികളും ഇന്ന് ഭൂമിയിലുണ്ടെന്നാണു കണക്കാക്കുന്നത്. ഇവയില്‍ 10 ലക്ഷം ഇനം ജൈവ സസ്യവര്‍ഗങ്ങളുടെ വംശനാശം എന്നത് പ്രതീക്ഷിക്കാനാകാത്ത ആഘാതമാകും ജൈവവ്യവസ്ഥയിലുണ്ടാക്കുക. വംശനാശ ഭീഷണി നേരിടുന്നവയില്‍ ഏറ്റവും കൂടുതല്‍ മത്സ്യവര്‍ഗത്തില്‍ നിന്നുമുള്ള ജീവജാലങ്ങളാണ്. ആഗോളതാപനം മൂലം സമുദ്രത്തിന്‍റെ താപനില ഉയരുന്നതതാണ് മത്സ്യ മ്പത്തിന് ഭീഷണിയാകുന്നത്.
ഇതേ ആഗോളതാപനം തന്നെയാണ് പവിഴപ്പുറ്റുകളുടെ മൂന്നൊലൊന്ന് ശതമാനത്തെയും ഇല്ലാതാക്കാന്‍ പോകുന്നത്. ഇത് നേരിട്ടും അല്ലാതെയും മത്സ്യങ്ങളെ കൂടാതെയുള്ള മറ്റ് സമുദ്രജീവികളുടെ നിലനില്‍പിനെയും ബാധിക്കും. ഇതില്‍ കടല്‍ക്കുതിര മുതല്‍ കടലാമ വരെയുള്ള ജീവിവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ വിവിധയിനം കടല്‍ സസ്യങ്ങളും. ആഗോളതാപനത്തിനൊപ്പം തന്നെ വർധിക്കുന്ന കീടനാശിനിയുടെ ഉപയോഗവും, അമിതമായ മത്സ്യബന്ധനവും സമുദ്രജൈവവ്യവസ്ഥയ്ക്കു ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഭൂമിയിലെ ജീവന്‍റെ നിലനില്‍പ് തന്നെ അനിശ്ചിതത്വത്തില്‍
145 ഗവേഷകരടങ്ങുന്ന പാനലിന് നേതൃത്വം നല്‍കിയ ചെയര്‍മാന്‍ റോബര്‍ട്ട് വാട്സണ്‍ ഈ കൂട്ട വംശനാശത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. "മനുഷ്യചരിത്രത്തിലെന്നല്ല ലോക ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത കൂട്ട വംശനാശത്തിനാണ് ഭൂമി വൈകാതെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇത് മനുഷ്യ വംശത്തിന്‍റെ സാമ്പത്തിക ഭദ്രതയ്ക്കും, ഭക്ഷ്യ സുരക്ഷയ്ക്കും, ആരോഗ്യത്തിനും ദൈനംദിവ ജീവിതത്തിനും വരെ വൈകാതെ ഭീഷണിയാകും. "
യുഎന്‍ നിയോഗിച്ച ജൈവസമ്പത്ത് ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ നയരൂപീകരണ സമിതിയാണ് ഈ പഠനം നടത്തിയത്. പഠനത്തില്‍ ഉള്‍പ്പെട്ട എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും ഈ കണ്ടെത്തലുകളോട് പൂര്‍ണമായും യോജിക്കുന്നതായി പ്രഖ്യാപിക്കുകയും എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. യുഎന്‍ അംഗങ്ങളിലെ 132 രാജ്യങ്ങളാണ് ഈ സമിതിയില്‍ അംഗമായിട്ടുള്ളത്. സമിതിയിലെ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളും റിപ്പോര്‍ട്ടില്‍ ഒപ്പു വച്ചിട്ടുണ്ട്.
മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനത്തെയും അത് മൂലമുണ്ടായ ഈ ജൈവസമ്പത്തിന്‍റെ നാശത്തെയും ചെറുക്കാന്‍ അടിയന്തര നടപടി വേണമെന്ന് പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍ ആവശ്യപ്പെടുന്നു.ഇല്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഒരു ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് ഇതാണ്. സമുദ്രതാപനില വ്യവസായവൽക്കരണ കാലത്തേക്കാളും ഏതാണ്ട് 2 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്ത് ഉയര്‍ന്നു നല്‍ക്കുകയാണ്. ഇത് വലിയ തോതിലാണ് സമുദ്രത്തിന്‍റെ അമ്ലവത്കരണത്തിന് (ആസിഡിഫിക്കേഷന്‍) ആക്കം കൂട്ടുന്നത്. അമ്ലാംശം വർധിക്കുന്നത് ക്രമേണ സമുദ്രത്തിലെ പവിഴപ്പുറ്റുകള്‍ നശിക്കുന്നതിന് കാരണമാകും. ഇത് സമുദ്രത്തിലെ ജൈവസമ്പത്തിനെ ബാധിക്കുകയും പ്രാദേശികവും വ്യാവസായികവുമായ മത്സ്യബന്ധനം പ്രതിസന്ധിയിലാകുകയും ചെയ്യും. ഇതോടെ കോടിക്കണക്കിന് വരുന്ന സമുദ്രമേഖലയിലെ ജനങ്ങള്‍ അക്ഷരാർഥത്തില്‍ പട്ടിണിയിലാകും.
സമുദ്രമേഖലയിലെ ജീവികളുടെ വംശനാശം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ഒരു ഉദാഹരണം മാത്രമാണിത്. സമാനമായ പ്രതിസന്ധിളാകും കരയിലുമുണ്ടാകുക. വരള്‍ച്ച മുതല്‍ ചുഴലിക്കൊടുങ്കാറ്റും ഉരുള്‍പൊട്ടലും സുനാമിയും വരെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി വർധിക്കും.
കീടാനാശിനികള്‍ മുതല്‍ അധിനിവേശ ജീവികള്‍ വരെ
മനുഷ്യരുടെ ചെറിയ ഇടപെടലുകള്‍ പോലും എങ്ങനെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നു എന്നതിനുദാഹരണമാണ് കീടനാശിനികളുടെ ഉപയോഗം. കീടനാശിനി ഉപയോഗം വ്യാപകമായതോടെ ഇവ സമുദ്രജീവികളില്‍ മുതല്‍ പൂക്കളില്‍ തേന്‍ കുടിക്കാനെത്തുന്ന വണ്ടുകളില്‍ വരെ വംശനാശത്തിന് കാരണമാകുകയാണ്. വണ്ടുകള്‍ ഉള്‍പ്പടെ പരാഗണം നടത്തുന്ന ജീവികളുടെ എണ്ണത്തില്‍ 98 ശതമാനം വരെ കുറവുണ്ടായ മേഖലകളുണ്ട്. ഈ മേഖലകളിലെല്ലാം പല സസ്യങ്ങളും ഇല്ലാതാകുന്നതിന് ഇത്തരത്തില്‍ പരാഗണം നടത്തുന്ന ജീവികളിലുണ്ടായ കുറവ് കാരണമായി. ഇങ്ങനെ ഓരോ മേഖലകളിലും മനുഷ്യരുടെ ഇടപെടല്‍ എങ്ങനെ ജീവികളുടെയും സസ്യങ്ങളുടെയും വംശനാശത്തിലേക്ക് നയിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കീടാനശിനികള്‍ മാത്രമല്ല കൊതുകിനെയും ഈച്ചയേയും കൊല്ലാനുളള ലൈറ്റ് ഉപയോഗിക്കുന്ന മെഷീനുകളായ ബഗ് സാപ്പറുകള്‍ പോലും പരാഗണ ജീവികളുടെ വംശനാശത്തിനു കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. കൂടാതെ അന്യരാജ്യങ്ങളില്‍ പോയി തിരിച്ചെത്തുന്ന മനുഷ്യരിലൂടെ പുതിയ പ്രദേശങ്ങളിലേക്കെത്തുന്ന അണുക്കള്‍, വളര്‍ത്തുന്നതിനായി കൊണ്ടുവന്ന് പിന്നീട് ഉപേക്ഷിക്കപ്പെട്ട് അധിനിവേശ ജീവികളായി തീരുന്ന ജീവികളും, സസ്യങ്ങളും ഇങ്ങനെ പല തരത്തിലാണ് മനുഷ്യന്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ അറിഞ്ഞും അറിയാതെയും തകര്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
1992 മുതല്‍ ആഗോളതാപനവും, മലിനീകരണവും,വന്യമൃഗകടത്തും, വേട്ടയും, വനനശീകരണവും, കീടനാശിനികളും ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ 1992 പിന്നിട്ടിട്ട് 25 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇതേ പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമായി മനുഷ്യര്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. പരിഹാരങ്ങള്‍ നിശ്ചയിക്കപ്പെടുന്നതും അവ നടപ്പാക്കുന്നതും വളരെ കുറഞ്ഞ തോതിലാണെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. പക്ഷേ പ്രവര്‍ത്തിച്ചു കൊണ്ടിയിരുന്നാല്‍ മാത്രമെ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയൂ. അതിജീവിയ്ക്കും വരെ ഈ പ്രശ്നങ്ങള്‍ നിരന്തരം ചൂണ്ടിക്കാട്ടേണ്ടത് തങ്ങളുടെ ഉത്തരവാാദിത്തമാണെന്നും റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ വ്യക്തമാക്കുന്നു.
English Summary: Extinction threatens one million species because of humans