യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞോ? | Fact Check
![ucc2 ucc2](https://img-mm.manoramaonline.com/content/dam/mm/mo/fact-check/politics/images/2025/1/29/ucc2.jpg?w=1120&h=583)
Mail This Article
യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വാർത്താ കാർഡ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയുമായി പ്രചരിക്കുന്ന വാർത്താ കാർഡിൽ മുഖ്യമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള വാർത്താ കാർഡ് എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരു വാർത്താ കാർഡിൽ യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ലെന്ന ഭാഗം എഡിറ്റ് ചെയ്ത് ചേർത്തതാണ്.
∙ അന്വേഷണം
"ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ, ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ല." എന്നെഴുതിയ വാർത്താ കാർഡ് ഉൾപ്പെടുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.
![image_1_10 image_1_10](https://img-mm.manoramaonline.com/content/dam/mm/mo/fact-check/politics/images/2025/1/29/image_1_10.jpg)
വൈറൽ വാർത്താ കാർഡ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇതിലുള്ള തിയതി കഴിഞ്ഞ വർഷത്തേത് ആണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടു. ഇത് കൂടാതെ കാർഡിൽ "യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ല" എന്നെഴുതിയ ഫോണ്ട് മാത്രം വ്യത്യസ്തമാണെന്നും വ്യക്തമായി. രാമക്ഷേത്രത്തിന്റെയും മോദിയുടെയും ചിത്രങ്ങളും കാർഡിന്റെ പശ്ചാത്തലത്തിൽ കാണാം. തുടർന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിച്ചപ്പോൾ സമാനമായ വാർത്താ കാർഡ് 2024 ജനുവരി 22ന് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഈ വാർത്താ കാർഡിൽ 'ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല' എന്ന് മാത്രമേ എഴുതിയിട്ടുള്ളു. യൂണിഫോം സിവിൽ കോഡിനെ കുറിച്ചുള്ള ഭാഗം ഈ കാർഡിലില്ല. ഇതിൽ നിന്നും വൈറൽ കാർഡിൽ എഡിറ്റഡാണെന്ന് വ്യക്തമായി. രണ്ട് കാർഡുകളും തമ്മിലുള്ള താരതമ്യം ചുവടെ കാണാം.
![image_2_10-jpeg image_2_10-jpeg](https://img-mm.manoramaonline.com/content/dam/mm/mo/fact-check/politics/images/2025/1/29/image_2_10.jpeg)
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി ബന്ധപ്പെട്ടു "മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഉൾപ്പെടുത്തി 2024 ജനുവരി 22ന് ഏഷ്യാനെറ്റ് ന്യൂസ് ഒരു കാർഡ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ആ കാർഡിൽ യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ല എന്ന ഭാഗം ഏഷ്യാനെറ്റ് ന്യൂസ് നൽകിയതല്ല, അത് എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തതാണ്." ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ അധികൃതർ വ്യക്തമാക്കി.
പിന്നീട് ഞങ്ങൾ പരിശോധിച്ചത് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെ കുറിച്ചുള്ള കാര്യങ്ങളാണ്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി "ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നതോ ശരിയല്ല" എന്ന പ്രസ്താവന നടത്തിയത്. അയോധ്യ രാമക്ഷേത്ര ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെയാണ് മുഖ്യമന്ത്രി വിമർശിച്ചതെന്ന് ഇന്ത്യാ ടുഡേ മലയാളം 2024 ജനുവരി 22ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യതയുണ്ടെന്നും എല്ലാ മതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും മുഖ്യമന്ത്രി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് ചുവടെ കാണാം.
![image_3_3-jpeg image_3_3-jpeg](https://img-mm.manoramaonline.com/content/dam/mm/mo/fact-check/politics/images/2025/1/29/image_3_3.jpeg)
2024 ജനുവരി 22ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വിഡിയോകളും ഞങ്ങൾ പരിശോധിച്ചു. അതേ ദിവസം മനോരമ ന്യൂസ് പങ്കുവച്ച വിഡിയോ റിപ്പോർട്ടിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചതായി പറയുന്നു. ഇംഗ്ലീഷിൽ മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വിഡിയോയും ഈ റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. എല്ലാ മതങ്ങൾക്കും ഇന്ത്യൻ ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുന്നുവെന്നും ഒരു മതത്തെ മാത്രം ഉയർത്തി കാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ വിഡിയോ റിപ്പോർട്ട് കാണാം.
യൂണിഫോം സിവിൽ കോഡിനെ സംബന്ധിച്ച് മുഖ്യമന്ത്രി അടുത്തിടെ എന്തെങ്കിലും പ്രസ്താവന നടത്തിയോ എന്നും ഞങ്ങൾ പരിശോധിച്ചു. എന്നാൽ അടുത്തിടെ ഇത്തരം പ്രസ്താവനകളൊന്നും അദ്ദേഹം നടത്തിയതായി കണ്ടെത്താനായില്ല. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് 2023 ആഗസ്റ്റ് 8ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. "ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നു." എന്നാണ് പ്രമേയത്തിൽ പറയുന്നത്. ഇത് സംബന്ധിച്ച് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച കുറിപ്പ് വായിക്കാം.
ലഭ്യമായ വിവരങ്ങളിൽ നിന്നും പ്രചാരത്തിലുള്ള വാർത്താ കാർഡിലെ യൂണിഫോം സിവിൽ കോഡിനെ കുറിച്ചുള്ള ഭാഗം എഡിറ്റ് ചെയ്ത് ചേർത്തതാണെന്ന് വ്യക്തമായി.
∙ വാസ്തവം
യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞതായുള്ള വാർത്താ കാർഡ് എഡിറ്റഡാണ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്താ കാർഡിൽ യൂണിഫോം സിവിൽ കോഡിനെ കുറിച്ചുള്ള ഭാഗം എഡിറ്റ് ചെയ്ത് ചേർത്താണ് പ്രചരിപ്പിക്കുന്നത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)