രാജ്യത്തെ ഞെട്ടിച്ച ചിത്രങ്ങൾ! ശ്രേയ ഘോഷാൽ അറസ്റ്റിലോ? | Fact Check

Mail This Article
ഗായിക ശ്രേയ ഘോഷാലുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലത്തെ സംഭവങ്ങളിൽ ഇന്ത്യ മുഴുവൻ ഞെട്ടി. ശ്രേയ ഘോഷാൽ സാധാരണ ജീവിതത്തോട് വിട പറയുന്നു, ശ്രേയ ഘോഷാൽ അറസ്റ്റിൽ എന്ന അവകാശവാദങ്ങളോടെയാണ് അവരുടെ പരുക്കേറ്റ മുഖമടങ്ങിയ കൈയ്യിൽ വിലങ്ങുമായി നിൽക്കുന്ന ചിത്രങ്ങളുൾപ്പെട്ട പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വസ്തുതയറിയാം

∙ അന്വേഷണം

ഗായിക ശ്രേയ ഘോഷാലുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു സംഭവമുണ്ടായാൽ അത് ഏറെ പ്രാധാന്യമുള്ള വാർത്തയാകുമായിരുന്നു. എന്നാൽ കീവേർഡ് പരിശോധനയിൽ ഇത്തരത്തിലുള്ള വാർത്തകളൊന്നും തന്നെ എവിടെയും പ്രസിദ്ധീകരിച്ചതായി കണ്ടെത്താനായില്ല
വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി ശ്രദ്ധയിൽപ്പെട്ടു.വൈറൽ ചിത്രത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ‘Malicious Link’എന്ന് വ്യക്തമാക്കുന്ന ഒരു പേജിലേയ്ക്കാണ് എത്തിച്ചേർന്നത്. ഇത്തരത്തിലുള്ള ലിങ്കിൽ ക്ലിക് ചെയ്താൽ അക്കൗണ്ട് വിവരങ്ങളോ മറ്റ് വ്യക്തി വിവരങ്ങളോ നഷ്ടപ്പെട്ടേക്കാം.
The Indian Express News എന്ന പേജിന്റെ പേരിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. The Indian Express വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്തയാണിതെന്ന് തോന്നലുളവാക്കുമെങ്കിലും പേജിന്റെ URL പരിശോധിച്ചപ്പോൾ ഇത് The Indian Express News എന്ന പേരിൽ സൃഷ്ടിച്ച വ്യാജ പേജാണെന്ന സൂചനകൾ നൽകി. നീല ടിക്കോടു കൂടിയ Indian Express-ന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് പരിശോധിച്ചപ്പോൾ അതേ ലോഗോയാണ് വ്യാജമായി നിർമിച്ച പേജിലുള്ളതെന്നും വ്യക്തമായി. യഥാർത്ഥ പേജിൽ ഇന്ത്യൻ എക്സ്പ്രസ് എന്ന് മാത്രമാണ് നൽകിയിട്ടുള്ളത്.
കൂടാതെ ശ്രേയാ ഘോഷാലിന്റെ അറസ്റ്റിനെക്കുറിച്ച് പരാമർശിക്കുന്ന റിപ്പോർട്ടുകളൊന്നും തന്നെ ഇന്ത്യൻ എക്‌സ്പ്രസ് വെബ്‌സൈറ്റിലോ സമൂഹമാധ്യമ പേജുകളിലോ ഞങ്ങൾ കണ്ടെത്തിയില്ല. ഈ ദിവസങ്ങളിൽ ശ്രേയാ ഘോഷാൽ സമൂഹമാധ്യമങ്ങളിൽ വിവിധ പ്രോഗാമുകളുടെ നിരവധി പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്. കൂടാതെ പ്രചരിക്കുന്ന പോസ്റ്റർ എഡിറ്റ് ചെയ്തതാണെന്നും വ്യക്തമായി. മാസങ്ങൾക്ക് മുൻപ് അനന്ത് അംബാനിയുടെ ഇത്തരത്തിലുള്ള ചിത്രങ്ങളും ഇതേ അവകാശവാദങ്ങളോടെ പ്രചരിച്ചിരുന്നു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ഗായിക ശ്രേയാ ഘോഷാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രങ്ങളും വാർത്തകളും വ്യാജമാണെന്ന് വ്യക്തമായി.
∙ വാസ്തവം
ഗായിക ശ്രേയ ഘോഷാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രങ്ങളും വാർത്തകളും വ്യാജമാണ്. പ്രചരിക്കുന്ന ചിത്രങ്ങൾ കൃത്രിമമായി നിർമിച്ചതാണ്. ഇന്ത്യൻ എക്സ്പ്രസിന്റെ ലോഗോ ഉപയോഗിച്ചാണ് വ്യാജപ്രചാരണം.