ശ്രമിച്ചത് കെഎസ്ആർടിസിയെ രക്ഷിക്കാൻ, നാട്ടുകാരുടെ ഇടികൊണ്ട് ലോറി ഡ്രൈവർ–വിഡിയോ

Mail This Article
വളവുകളിൽ അശ്രദ്ധമായി ഓവർടേക്ക് ചെയ്യുന്നത് ധാരാളം അപകടങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. എന്നാൽ മറ്റു ചിലരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ പണി കിട്ടുന്നവരും കുറവല്ല. താൻ അവരെ രക്ഷിക്കാൻ ശ്രമിച്ചതാണ് എന്ന് പറഞ്ഞിട്ടൊന്നും കാര്യമുണ്ടാകില്ല. റോഡിലെ സിസിടിവി ക്യാമറയുടെ വരവോടെ യാഥാർത്ഥ കുറ്റക്കാരെ ഒരു പരിധി വരെ കണ്ടുപിടിക്കാൻ സാധിക്കാറുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഈ വിഡിയോ. അപകടം ഭാഗികമായി കാണുന്നവർക്ക് ലോറിക്കാരൻ തന്നെയാണ് കുറ്റക്കാരൻ. റോഡ് സൈഡിൽ കിടന്ന കാറിൽ ഇടിച്ചതിനെ തുടർന്ന് ലോറി ഡ്രൈവറെ നാട്ടുകാർ കൈകാര്യം ചെയ്തു.
എന്നാൽ സിസിടിവിയിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കാര്യത്തിന്റെ കിടപ്പ് മനസിലായത്. കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം. നിറച്ച് യാത്രക്കാരുമായി വളവിൽ ജീപ്പിനെ മറികടന്നെത്തിയ കെഎസ്ആർടിസിയെ രക്ഷിക്കാൻ ശ്രമിച്ച ലോറിക്കാരനാണ് നാട്ടുകാരുടെ ഇടി കൊണ്ടത്.
ലോറി വേഗം കുറച്ച് വെട്ടിച്ചതുകൊണ്ടു മാത്രമാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ വളവിൽ പാർക്ക് ചെയ്ത് കാറിൽ ലോറി ഇടിക്കുകയായിരുന്നു. തുടർന്നാണ് കാറിലെ ആളുകൾ ലോറി ഡ്രൈവറെ മർദ്ദിച്ചത്. വളവുകളിൽ വാഹനം പാർക്ക് ചെയ്യരുത് എന്നാണ് നിയമമെങ്കിൽ കാറുകാർ അതു പാലിച്ചില്ല. നിരവധി പേർക്ക് പരിക്കേൽക്കേണ്ടിയിരുന്ന അപകടം ഒഴിവാക്കാൻ സാധിച്ചത് ലോറി ഡ്രൈവറുടെ മനസാന്നിധ്യമാണെങ്കിലും അതിന് കിട്ടിയ സമ്മാനം മർദ്ദനമായിരുന്നു.