ടിഗോർ ഇലക്ട്രിക് ഇറങ്ങി; 11.99 ലക്ഷം, 306 കി മി റേഞ്ച്
Mail This Article
മുംബൈ: ചെറു ഇലക്ട്രിക് കാറുകളിൽ പുതു തരംഗം തീർക്കാൻ ടാറ്റ ടിഗോർ ഇ വി സിപ്ട്രോൺ. വില 11.99 ലക്ഷം, റേഞ്ച് 306 കി മി. എക്്സ് എം 12.49, എക്സ് സി 12.99, ഡ്യുവൽ ടോൺ 13.14 ലക്ഷം എന്നിങ്ങനെയാണ് വില. ബുക്കിങ് ഏതാനും ദിവസം മുമ്പ് ആരംഭിച്ചിരുന്നു.
സിപ്ട്രോൺ സാങ്കേതികത
ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള ഇലക്ട്രിക് വാഹനമായ നെക്സോൺ ഇ വിയിലെ സിപ്ട്രോൺ സാങ്കേതികതയാണ് ടിഗോറിലെത്തുന്നത്. നേരത്തെ റേഞ്ച് കുറവുള്ള മറ്റൊരു ഇലക്ട്രിക് ടിഗോർ വേരിയന്റ് ഇറങ്ങിയിരുന്നു. അതിലെ സാങ്കേതികത ആധുനിക സിപ്ട്രോണിനു വഴിമാറുന്നു. കൂടുതൽ റേഞ്ചും ഈടും മികച്ച ബാറ്ററി പാക്കുമാണ് സിപ്ട്രോണിന്റെ പ്രത്യേകതകൾ.
സ്പോർട്സ് കാർ പ്രകടനം, റോട്ടറി ഗിയർ
75 പി എസ് ശക്തിയും 170 എൻ എം ടോർക്കുമുള്ള ടിഗോർ പൂജ്യത്തിൽ നിന്ന് 60 കി മിയിലെത്താൻ 5.7 സെക്കൻഡ് മതി. പെർഫോമൻസ് കാറുകൾക്ക് തുല്യം പ്രകടനമാണിത്. ഒാട്ടമാറ്റിക് ഗിയർ. റോട്ടറി സ്വിച്ചിലൂടെയാണ് ഗിയർ മാറ്റം. രണ്ട് ഡ്രൈവ് മോഡുകൾ – സ്പോർടസ്, ഡ്രൈവ്.
ഒരു മണിക്കൂറിൽ 80 ശതമാനം ചാർജ്
26 കിലോ വാട്ട് ലിതിയം ബാറ്ററിക്ക് 8 കൊല്ലം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റിയുണ്ട്. പൂർണ ചാർജിങ്ങിന് 8.45 മണിക്കൂർ. ഫാസ്റ്റ് ചാർജറിൽ കുത്തിയാൽ 80 ശതമാനം വരെ 65 മിനിറ്റിൽ ചാർജാകും. സാധാരണ വീടുകളിലുപയോഗിക്കുന്ന 15 ആംസ് പ്ലഗിൽ നിന്നു ചാർജ് ചെയ്യാം. പുറമെ 640 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ രാജ്യത്തൊട്ടാകെ സ്ഥാപിച്ചിട്ടുണ്ട്. ഏതാണ്ടെല്ലാ ടാറ്റാ ഡീലർഷിപ്പുകളിലും ചാർജിങ് പോയിന്റുകളുണ്ട്.
ടിഗോറിലെ സൗകര്യങ്ങളെല്ലാം
വലുപ്പത്തിലും മറ്റു കാര്യങ്ങളിലും സാധാരണ ടിഗോറിനു തുല്യം. 175–65 ആർ 14 ടയറുകൾ. ഇലക്ട്രിക്കൽ പവർ സ്റ്റിയറിങ്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചകളില്ല. ഗ്ലോബൽ എൻ സി പി സുരക്ഷാ പരിശോധനയിൽ നാലു സ്റ്റാറാണ് സുരക്ഷാ റേറ്റിങ്. എയർ ബാഗ് എബിഎസ്, ഇബിഡി എന്നിവ എല്ലാ മോഡലുകൾക്കും.
പ്രീമിയം ഫീച്ചേഴ്സ്
ഉയർന്ന മോഡലിന് പ്രീമിയം കാറുകൾക്കു തുല്യമായ സൗകര്യങ്ങൾ. അലോയ്, പ്രൊജക്ടർ ഹെഡ്ലാംപ്, ഡി ആർ എൽ, പിയാനോബ്ലാക്ക് ഷാർക്ക് ഫിൻ ആന്റിന, ഹാർമൻ ടച്ച് സ്റ്റീരിയോ, റിയർ പാർക്കിങ് ക്യാമറ, പുഷ് ബട്ടൻ സ്റ്റാർട്ട്, റിയർ ആം റെസ്റ്റ്, ഒാട്ടോഫോൾഡ് വിങ് മിറർ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും.
English Summary: Tata Tigor EV Ziptron prices features announced