ADVERTISEMENT

ബ്രസീലില്‍ 62 പേരുടെ മരണത്തിനു കാരണമായ വിമാനാപകടത്തിനു പിന്നില്‍ 'ഡെത്ത് സ്‌പൈറല്‍' എന്നു സൂചന. ആകാശത്തു നിന്നും യാത്രാവിമാനം വട്ടം ചുറ്റി താഴേക്കു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രസീലിലെ വിന്‍യെദോ നഗരത്തില്‍ ജനവാസമേഖലയിലാണ് വിമാനം പതിച്ചത്. അപകടത്തില്‍ പെട്ട വോപാസ് എയര്‍ലൈനിന്റെ എടിആര്‍ 72 വിമാനത്തിലെ 58 യാത്രികരും 4 ക്രൂ അംഗങ്ങളും തല്‍ക്ഷണം മരിച്ചിരുന്നു. 

യാത്രാവിമാനം നിയന്ത്രണം നഷ്ടമായി വട്ടം ചുറ്റി താഴേക്കു പതിക്കുന്നതിന്റെ പേടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബ്രസീലിലെ കസ്കവെലിൽ നിന്നു സാവോപോളോയിലേക്കു പോയ യാത്രാവിമാനമാണ് താഴേക്കു പതിച്ചത്. വിമാനത്തിന്റെ ഒരു ചിറകിലെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാവുകയും മറ്റേ ചിറകിലെ എന്‍ജിന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ്  'ഡെത്ത് സ്‌പൈറല്‍' എന്ന മരണച്ചുഴി സംഭവിക്കാറ്. ഇതു പ്രധാനമായും സാങ്കേതിക പിഴവ്, വളരെ വലിയ തോതിലുള്ള എയര്‍ ടര്‍ബുലന്‍സ്, പൈലറ്റിന്റെ പിഴവ് അല്ലെങ്കില്‍ ചിറകില്‍ പക്ഷിയോ മറ്റോ ഇടിക്കുന്നത് തുടങ്ങിയ കാരണങ്ങളാലാണ് സംഭവിക്കുന്നത്. 

യുഎസ് എയര്‍വേസിന്റെ ഫ്‌ളൈറ്റ് 1549 ഹഡ്‌സണ്‍ നദിയില്‍ ഇറക്കേണ്ടി വന്ന സംഭവവും ഇത്തരത്തിലുള്ളതായിരുന്നു. അന്നു വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 700 അടിയിലെത്തിയപ്പോള്‍ പക്ഷി ഇടിച്ചതായിരുന്നു അപകടകാരണം. പക്ഷി ഇടിച്ചു വിമാനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. 

ബ്രസീലില്‍ എടിആര്‍-72 വിമാനം 17,000 അടി മുകളില്‍ പറക്കുമ്പോഴാണ് അപകടത്തില്‍പെട്ടത്. അതുകൊണ്ടുതന്നെ പക്ഷി ഇടിച്ച് അപകടം സംഭവിക്കാനുള്ള സാധ്യതയില്ല.  വലിയ തോതിലുള്ള എയര്‍ ടര്‍ബുലന്‍സില്‍ പെടുകയോ പൈലറ്റിന് പിഴവു സംഭവിക്കുകയോ ചെയ്തതാവാം അപകടകാരണമെന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. 14 വർഷം പഴക്കുമുണ്ടായിരുന്ന എടിആറാണ് അപകടത്തിൽ പെട്ടത്, പ്രാറ്റ് ആൻഡ് വിറ്റ്നി കാനഡയുടെ പിഡബ്ല്യു 127 എഫ് എൻജിനായിരുന്നു വിമാനത്തിൽ ഉപയോഗിച്ചിരുന്നത്. അപകടം സംഭവിച്ചപ്പോൾ വിമാനം 17000 അടി ഉയരത്തിൽ 556 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചുകൊണ്ടിരുന്നത്. 

1994ല്‍ എടിആര്‍ 72 വിമാനം 16,000 അടി ഉയരത്തില്‍ നിന്നും അറ്റ്‌ലാന്റിസ് മലയില്‍ ഇടിച്ചിറങ്ങി എല്ലാവരും കൊല്ലപ്പെട്ടിരുന്നു. അന്ന് പൈലറ്റിന്റെ ആത്മഹത്യയായിരുന്നു അപകടകാരണമെന്നാണ് കണ്ടെത്തിയത്. പൊതുവില്‍ എടിആര്‍-72 വിമാനങ്ങൾ സുരക്ഷിതമായാണു കണക്കാക്കപ്പെടുന്നത്. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ബ്രസീൽ വ്യോമസേന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com