ADVERTISEMENT

സെല്‍റ്റോസ് അവതരിപ്പിച്ചപ്പോള്‍ മുതല്‍ ഇന്ത്യയിലെ പ്രീമിയം എസ് യു വി വിഭാഗത്തിലെ നിര്‍ണായക സാന്നിധ്യമാണ് കിയ. ഇപ്പോഴിതാ തങ്ങളുടെ പുതിയ കോംപാക്ട് എസ് യു വിയായി സിറോസിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കിയ. ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുകയെന്ന ലക്ഷ്യത്തില്‍ കിയ 2.0 സ്ട്രാറ്റജിയുടെ ഭാഗമായി ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് എസ് യു വി ഇവി9, കാര്‍ണിവെല്‍ പ്രീമിയം എംപിവി എന്നീ മോഡലുകള്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ ജനകീയ വിഭാഗത്തിലേക്കാണ് സിറോസിന്റെ വരവ്.

ക്ലാവിസല്ല, സിറോസ് 

കിയയുടെ കോംപാക്ട് എസ് യു വിയുടെ പേര് ക്ലാവിസ് എന്നാണെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ പേര് 'C'യില്‍ തുടങ്ങിയാല്‍ കാരെന്‍സ്, കാര്‍ണിവെല്‍ തുടങ്ങിയ എംപിവികളുമായി എസ് യു വിക്ക് സാമ്യമുണ്ടാവുമെന്ന ചര്‍ച്ചകളുണ്ടായി. സെല്‍റ്റോസ്, സോണറ്റ് എന്നീ എസ് യു വികളുമായി സാമ്യതയുള്ള സിറോസിന് സ്വഭാവിക നറുക്ക് വീഴുകയായിരുന്നു. ആഴ്ച്ചകള്‍ക്കു മുമ്പ് സിറോസ് എന്ന പേര് ഇന്ത്യയില്‍ കിയ ട്രേഡ് മാര്‍ക്ക് ചെയ്തിരുന്നു. അപ്പോള്‍ തന്നെ പേരിന്റെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായതാണ്. ഇപ്പോള്‍ ക്ലാവിസല്ല, സിറോസ് തന്നെയെന്ന് കിയ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. 

കിയ 2.0

വിപണി പിടിക്കാനുള്ള കിയ 2.0 തന്ത്രത്തിനു കീഴില്‍ കിയ അവതരിപ്പിക്കുന്ന ആദ്യ എസ് യു വിയായിരിക്കും സിറോസ്. നേരത്തെ കാര്‍ണിവല്‍ ലിമസീനും ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് എസ് യു വി ഇവ9ഉമാണ് കിയ 2.0യുടെ ഭാഗമായി വില്‍പ്പനക്കെത്തിയിരുന്നത്. ഈ രണ്ട് പ്രീമിയം വാഹനങ്ങള്‍ക്കും ലഭിച്ച മികച്ച പ്രതികരണം കൂടുതല്‍ ജനകീയ വിഭാഗത്തിലേക്കു കൂടി ചുവടുവെക്കാന്‍ കിയക്ക് ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്. 

ഡിസൈന്‍

സബ് 4 മീറ്റര്‍ സോണറ്റിനും മിഡ് സൈസ് എസ് യു വി സെല്‍റ്റോസിനും ഇടയിലായിരിക്കും കിയ സിറോസിന്റെ സ്ഥാനം. പേരുറപ്പിക്കും മുമ്പു തന്നെ കിയ സിറോസിന്റെ ടെസ്റ്റിങ് ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ 16, 17 ഇഞ്ച് വീലുകള്‍ ഉപയോഗിച്ചിരുന്ന കാര്യവും വ്യക്തമായതാണ്. ഇതില്‍ നിന്നും വ്യത്യസ്ത വകഭേദങ്ങള്‍ക്കനുസരിച്ച് 16, 17 ഇഞ്ച് എന്നിങ്ങനെ വീലിന്റെ വലിപ്പത്തില്‍ മാറ്റം പ്രതീക്ഷിക്കാം. 

ഇവി9, കാര്‍ണിവല്‍ എന്നീ മോഡലുകളിലേതു പോലെ ബോക്‌സി ഡിസൈനാണ് സിറോസിനുമുണ്ടാവുക. കാര്‍ണിവലിനെ ഓര്‍മിപ്പിക്കുന്നതാണ് പിന്നിലെ വിന്‍ഡോയും ക്വാര്‍ട്ടര്‍ ഗ്ലാസും. L രൂപത്തിലുള്ള പിന്നിലെ എല്‍ഇഡി ലാംപുകളും കുത്തനെയുള്ള ഹെഡ്‌ലാംപുകളും ഡ്രോപ് ഡൗണ്‍ എല്‍ഇഡി ഡിആര്‍എല്ലുമാണ് സിറോസിലുള്ളത്. ടൈഗര്‍ നോസ് ഗ്രില്ലിന് മുകളിലായാണ് കിയ ലോഗോ വെച്ചിരിക്കുന്നത്. 

ഫീച്ചറുകളും പവര്‍ട്രെയിനും

ആഡംബരവും സൗകര്യങ്ങളും കൊണ്ട് അമ്പരപ്പിക്കുന്ന കിയയുടെ പതിവ് സിറോസിലും പ്രതീക്ഷിക്കാം. സെഗ്മെന്റിലെ മികച്ച ഫീച്ചറുകള്‍ തന്നെയാവും സിറോസിലും ഉണ്ടാവുക. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ലെതറൈറ്റ് അപ്പോള്‍സ്ട്രി, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവ് മോഡുകള്‍, പവേഡ് മുന്‍ സീറ്റ്, ബോസ് സ്പീക്കര്‍ സിസ്റ്റം, അഡാസ് സുരക്ഷാ ഫീച്ചറുകള്‍, 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

എന്‍ജിന്‍ ഓപ്ഷനിലേക്ക് വന്നാല്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ സിറോയിലുണ്ടാവുമെന്നാണ് കരുതുന്ന്. 1.2 ലീറ്റര്‍ നാച്ചുറല്‍ അസ്പയേഡ് പെട്രോള്‍, 1.0 ലീറ്റര്‍, ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍, 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുകള്‍ക്കാണ് സാധ്യത. മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും iMT ഗിയര്‍ ബോക്‌സ് ഓപ്ഷനും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 

എതിരാളികള്‍ 

ആദ്യഘട്ടത്തില്‍ സിറോസിന്റെ ഐസിഇ മോഡലുകളായിരിക്കും പുറത്തിറങ്ങുക. എന്നാല്‍ വൈകാതെ കിയ മോട്ടോഴ്‌സ് സിറോസിന്റെ ഇവി പതിപ്പും ഇറക്കാനും ഇടയുണ്ട്. ആഡംബര വിഭാഗത്തില്‍ നിന്നും കൂടുതല്‍ ജനകീയ വിപണിയിലേക്ക് കിയ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സിറോസിന്റെ വരവ്. ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ് യു വി 300, റെനോ കിഗര്‍, നിസാന്‍ മാഗ്നെറ്റ്, ഹ്യുണ്ടേയ് വെന്യു, കിയ സോണറ്റ്, മാരുതി സുസുക്കിയുടെ ബ്രെസയും ഫ്രോങ്‌സും, സ്‌കോഡ കൈലാഖ് എന്നിവരോടാണ് സിറോസിന്റെ പ്രധാന മത്സരം.

English Summary:

Kia Syros Compact SUV Launched in India: Everything You Need to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com