നികുതി ഭീകരത! കാറിന്റെ വില 14 ലക്ഷം, നികുതി 7 ലക്ഷം

Mail This Article
നികുതി ഒരു ഭാരമായി അനുഭവപ്പെടാത്ത പൗരന്മാര്‍ ഇന്ത്യയിലുണ്ടാവില്ല. ഏതെങ്കിലും വാഹനം വാങ്ങുമ്പോള്‍ എത്ര രൂപയോളമാണ് നികുതി നല്‍കേണ്ടി വരികയെന്ന് ചിന്തിച്ചിട്ടുണ്ടോ? കാറുകളാണെങ്കില്‍ നികുതിയുടെ കണക്കു കൂട്ടി നോക്കിയാല്‍ സാധാരണക്കാരെല്ലാം ഞെട്ടിപ്പോവും. അങ്ങനെ കാറുവാങ്ങിയപ്പോള്‍ അടക്കേണ്ടി വന്ന നികുതിയുടെ പേരില്‍ ഞെട്ടിപ്പോയ ഒരാള്‍ സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റ് വൈറലാണ്. 48 ശതമാനം തനിക്ക് നികുതിയായി നല്‍കേണ്ടി വന്നെന്നാണ് എക്‌സില്‍ പോസ്റ്റ് ഇട്ട വെങ്കടേഷ് അല്ല പറയുന്നത്.
'കാര്‍ വാങ്ങിയപ്പോള്‍ നല്‍കിയത് 48% നികുതി. അതും 31.2% വരുമാന നികുതി നല്‍കിയ ശേഷം. ഇന്ത്യയുടെ ധനകാര്യമന്ത്രി, ഇതെന്താണ്? പകല്‍ക്കൊള്ളക്ക് ഒരു അറുതിയില്ലേ? നിങ്ങള്‍ക്ക് കാര്യക്ഷമത ഇല്ലായ്മയും മത്സരക്ഷമതയില്ലാത്തതുമൊക്കെ ഇന്ത്യയെ പിന്നോട്ടടിക്കുകയാണ്. ഇത് നാണക്കേടാണ്' എന്നാണ് വെങ്കടേഷ് അല്ല എക്‌സില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. ഒപ്പം 14 ശതമാനം എസ്ജിഎസ്ടിയും 14 ശതമാനം സിജിഎസ്ടിയും 20 ശതമാനം ജിഎസ്ടിയും നല്‍കേണ്ടി വന്നതിന്റെ രേഖയും പങ്കുവെക്കുകയുംചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ നികുതി ഭീകരതക്കെതിരെ എന്നാണ് എക്‌സ് അക്കൗണ്ടില്‍ വെങ്കടേഷ് സ്വയം വിശേഷിപ്പിക്കുന്നത്. മഹീന്ദ്രയുടെ എക്‌സ്‌യുവി 700 ആണ് വെങ്കടേഷ് വാങ്ങിയ കാര്‍. ഇതിന് ആകെ 14.58 ലക്ഷം രൂപയാണ് വില വരുന്നത്. എന്നാല്‍ നികുതിയായി 48 ശതമാനം തുക കൂടി വരുന്നതോടെ കാറിന്റെ വില 21.59 ലക്ഷം രൂപയായി മാറുകയും ചെയ്യുന്നു. നിരവധി പേരാണ് വെങ്കടേഷിന്റെ നികുതി വിരുദ്ധപോസ്റ്റുകള്‍ക്കു താഴെ സമാനമായ അഭിപ്രായ പ്രകടനങ്ങളുമായി എത്തിയിരിക്കുന്നത്.
മുന്‍ ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന സുര്‍ജിത്ത് ഭല്ല അടുത്തിടെ ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നികുതിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും കാഴ്ച്ചപ്പാടില്‍ അധികം നാടുകളിലില്ലാത്തവിധം ഇന്ത്യയില്‍ പൗരന്മാര്‍ക്ക് അമിത നികുതി ഏര്‍പ്പെടുത്തുന്നുവെന്നായിരുന്നു സുര്‍ജിത്ത് ഭല്ലയുടെ പരാമര്‍ശം.
ഇന്ത്യയുടെ ടാക്‌സ് ടു ജിഡിപി നിരക്ക് 19 ശതമാനമാണ്. ഇത് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈനയേക്കാളും വിയറ്റ്‌നാമിനേക്കാളുമെല്ലാം അധികമാണ്. ചൈനയിലും വിയറ്റ്‌നാമിലും 14.5 ശതമാനമാണ് ടാക്‌സ് ടു ജിഡിപി നിരക്ക്. 'ചൈന അതിവേഗത്തില്‍ വളരുകയാണ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും പുരോഗമിക്കുന്നു. നമ്മള്‍ എന്തുകൊണ്ട് ഇവരുടെ നികുതി മാതൃകകളെ പിന്തുടരുന്നില്ല? നമ്മളേക്കാള്‍ പത്തിരട്ടിയിലേറെ സമ്പന്ന രാജ്യങ്ങളായ അമേരിക്കയേയും ദക്ഷിണകൊറിയയേയും പോലെയാണ് ഇന്ത്യ നികുതി ചുമത്തുന്നത്. ഇക്കാര്യം വിശദീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്' എന്നായിരുന്നു സുര്‍ജിത്ത് ഭല്ല പറഞ്ഞത്.