ADVERTISEMENT

കാറുകളുടെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം സാങ്കേതികവിദ്യ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എയര്‍ കണ്ടീഷനും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. മാനുവല്‍ എസികള്‍ മാറി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ കാറുകളില്‍ വ്യാപകമായിട്ടുള്ളത്. എന്താണ് ഈ രണ്ടു സാങ്കേതികവിദ്യകളും തമ്മിലുള്ള വ്യത്യാസം? ഏതാണ് മികച്ചത്?

എങ്ങനെയാണ് കാറുകളിലെ എസിയുടെ പ്രവര്‍ത്തനമെന്നു നോക്കാം. കാറിന്റെ പുറത്തു നിന്നോ അകത്തു നിന്നോ ചൂടു വായു വലിച്ചെടുത്ത് തണുപ്പിച്ച് കാറിന്റെ കാബിനിലേക്ക് വിടുന്ന സംവിധാനമാണ് ലളിതമായി പറഞ്ഞാല്‍ കാറിലെ എയര്‍ കണ്ടീഷണറുകള്‍. കാറിനകത്തെ എസി വെന്റുകള്‍ വഴിയാണ് തണുത്തവായു കാബിനില്‍ നിറയുന്നത്. 

മാനുവല്‍ എസികള്‍ കാറിനകത്തെ ഡ്രൈവറോ മറ്റു യാത്രികരോ ആയിരിക്കും നിയന്ത്രിക്കുന്നത്. മൂന്നു നോബുകള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം മാനുവല്‍ എസികളുടേയും പ്രവര്‍ത്തനം നിയന്ത്രിക്കുക. ഇതില്‍ ആദ്യത്തേത് താപനില നിയന്ത്രിക്കുമ്പോള്‍ രണ്ടാമത്തേത് ഫാനിന്റെ വേഗതയും മൂന്നാമത്തേത് ഏതു രീതിയില്‍ വായു പുറത്തേക്കു വിടണമെന്നുമെല്ലാം തീരുമാനിക്കാന്‍ സഹായിക്കുന്നു. 

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും മാനുവല്‍ എസിയും ഫലത്തില്‍ വാഹനത്തിന്റെ ഉള്‍ഭാഗം തണുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മാനുവല്‍ എസിയുടെ പ്രധാന പോരായ്മ അത് നിയന്ത്രിക്കുന്നത് മനുഷ്യരാണെന്നതാണ്. എസി നിയന്ത്രിക്കുന്നവര്‍ക്ക് അനുസരിച്ചിരിക്കും വാഹനത്തിന് ഉള്ളിലെ താപനില. എന്നാല്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. 

Image Source: Leschenko | istock
Image Source: Leschenko | istock

വാഹനത്തിനുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട താപനില തിരഞ്ഞെടുക്കാനാവുമെന്നതാണ് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിന്റെ പ്രധാന സവിശേഷത. ഈ താപനില വാഹനത്തിനുള്ളില്‍ നിര്‍ത്താന്‍ വേണ്ട അളവില്‍ മാത്രമാണ് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എസി പ്രവര്‍ത്തിപ്പിക്കുക. ഉദാഹരണത്തിന് കാറിന്റെ ഉള്‍ഭാഗത്ത് 18 ഡിഗ്രി സെല്‍ഷ്യസാണ് സെറ്റു ചെയ്തിട്ടുള്ളതെങ്കില്‍ അതിനനുസരിച്ചും 22 ഡിഗ്രിയാണ് ഡിഗ്രി സെറ്റു ചെയ്താല്‍ അതിനനുസരിച്ചും എസി പ്രവര്‍ത്തിക്കും. കാറിനകത്തെ സെന്‍സറുകളുടെ സഹായത്തിലാണ് ഈ സംവിധാനം നിയന്ത്രിക്കപ്പെടുന്നത്. 

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളില്‍ ഡ്രൈവര്‍ക്ക് അനുയോജ്യമായ താപനില ഒരു തവണ സെറ്റു ചെയ്താല്‍ മതിയാവും. പിന്നീട് എപ്പോള്‍ എസി ഓണാക്കിയാലും ഈ താപനിലയിലേക്ക് കാറിന്റെ ഉള്‍ഭാഗം എത്തുന്നുവെന്ന് ഈ സംവിധാനം ഉറപ്പിക്കും. ചില വാഹനങ്ങളില്‍ ഡ്യുവല്‍ സോണ്‍, ട്രൈ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും അപൂര്‍വമായി ക്വാഡ് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും വരുന്നുണ്ട്. 

ഡ്യുവല്‍ സോണ്‍ക്ലൈമറ്റ് കണ്‍ട്രോള്‍ ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനും എസിയില്‍ വ്യത്യസ്ത താപനില സെറ്റുചെയ്യാന്‍ സഹായിക്കും. ട്രൈ സോണാണെങ്കില്‍ മുന്നിലെ രണ്ടു സീറ്റുകള്‍ക്ക് പുറമേ പിന്നിലും വ്യത്യസ്ത താപനില സെറ്റു ചെയ്യാനാവും. ഇനി ക്വാഡ് സോണുള്ള വാഹനമാണെങ്കില്‍ നാലു സീറ്റുകളിലും ഇഷ്ട താപനിലയില്‍ എസി ആസ്വദിക്കാനാവും. 

മാനുവല്‍ എസിയുടെ പ്രധാന ഗുണം താരതമ്യേന ചിലവു കുറവാണെന്നതാണ്. എന്തെങ്കിലും കേടുപാടുകള്‍ വന്നാല്‍ പോലും സാമ്പത്തിക ബാധ്യതയാവാതെ പരിഹരിക്കാനാവും. എന്നാല്‍ ഉയര്‍ന്ന ചൂടുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഗുണം ചെയ്യും. എസിയെക്കുറിച്ച് ശ്രദ്ധയേ വേണ്ടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളുള്ള വാഹനങ്ങള്‍ ഓടിക്കാനാവും. ഇത് വാഹനത്തിനും യാത്രികര്‍ക്കും അധിക സുരക്ഷയാവുകയും ചെയ്യുന്നു.

English Summary:

Manual AC VS Automatic Climate Control: All You Need To Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com