പഴയ സൈക്കിളിൽ നിന്ന് ഔഡി എ4 ലേക്ക്; സ്വപ്ന വാഹനങ്ങളെക്കുറിച്ച് സംഗീത സംവിധായകൻ രഞ്ജിൻ രാജ്
Mail This Article
റോഡിനിരുപ്പുറവും വയലുകൾ നിറഞ്ഞ, നനുത്ത കാറ്റടിക്കുന്ന പാലക്കാടൻ ഗ്രാമമായ മേലാർക്കോട്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ആ മൺപാതയിലൂടെ സൈക്കിളിൽ പാഞ്ഞു നടന്നിരുന്ന ഒരു പയ്യൻ ബാല്യത്തിൽ തന്നെ തനിക്കൊപ്പം കൂട്ടിയ സംഗീതത്തിന്റെ ബലത്തിൽ പലതും സ്വപ്നം കണ്ടു. വളർന്നു വലുതായി, തന്നെ മുന്നോട്ടു നയിച്ച സംഗീതത്തെ കൂട്ടുപിടിച്ച് അവൻ തന്റെ സ്വപ്‌നങ്ങളിൽ ചിലതെല്ലാം നേടിയെടുക്കുകയും ചെയ്തു. അന്ന് അവൻ കണ്ടതും ആഗ്രഹിച്ചതുമായതിലൊന്ന് ഏതെന്നു ചോദിച്ചാൽ തന്റെ ഏറ്റവും പുതിയ ഔഡി എ4 ന്റെ സീറ്റിൽ ചാരിയിരുന്ന് അവനൊന്നു ചിരിക്കും. ആ ചിരിയിലുണ്ട്, ഒരു സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷം. പൂമുത്തോളെ എന്ന ഒറ്റപ്പാട്ടിലൂടെ മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ രഞ്ജിൻ രാജിന് പാട്ടിനോളം തന്നെ പ്രിയമുണ്ട് വാഹനങ്ങളോടും. സൈക്കിളിൽ തുടങ്ങി ഔഡിയിലെത്തി നിൽക്കുന്ന ആ വാഹനവിശേഷങ്ങൾ രഞ്ജിന്റെ പാട്ടുകൾ പോലെ തന്നെ ഏറെ മധുരമുള്ളതാണ്.
ആദ്യമായി വാങ്ങിയ കാർ
വീട്ടിൽ ആകെയുണ്ടായിരുന്നത് ഒരു സൈക്കിൾ മാത്രമായിരുന്നു. ആദ്യമായി ഒരു സെക്കൻ ഹാൻഡ് സാൻട്രോ സിപ് കാറായിരുന്നു. പത്തൊൻപതാമത്തെ വയസ്സിൽ സ്വന്തമാക്കിയ ആ കാർ വാങ്ങാനുണ്ടായ കഷ്ടപ്പാടൊന്നും ഇപ്പോൾ ഈ ഔഡി സ്വന്തമാക്കാൻ ഉണ്ടായിട്ടില്ല. പിന്നീട് ആ സാൻട്രോ മാറ്റി എസ്റ്റിലൊ വാങ്ങി. അതിനു ശേഷം കുറേക്കാലം ഐ20യിലായിരുന്നു യാത്ര. 2019 ലാണ് ആദ്യത്തെ പ്രീമിയം കാർ വാങ്ങുന്നത്. അതും ഔഡിയായിരുന്നു.
ഔഡി എന്ന സ്വപ്നം
ചെറു പ്രായം മുതലേ ഒരു പ്രീമിയം കാർ സ്വപ്നമായിരുന്നു. അന്നു സംഗീത സംവിധായകൻ ആകുമെന്നൊന്നും കരുതിയിരുന്നില്ല. ബാങ്ക് ജോലിയായിരുന്നു മനസ്സിൽ. അതാവുമ്പോൾ എളുപ്പത്തിൽ ലോൺ കിട്ടുമല്ലോ അങ്ങനെ കാർ വാങ്ങാമെന്നാണ് കരുതിയത്. പരസ്യങ്ങളൊക്കെ ചെയ്തു നടക്കുന്ന കാലത്താണ് എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ഔഡി ഒഴുകിവരുന്നത് കണ്ടത്. അവന്റെ ആ തലയെടുപ്പും പ്രൗഢിയുമെല്ലാം കണ്ട് ഒരു നിമിഷം നിന്നുപോയി. തമിഴ്നാട് റജിസ്ട്രേഷനുള്ള ആ കാറിൽനിന്ന് ഗോപി സുന്ദർ ഇറങ്ങി വരുന്നു. എന്നെങ്കിലും ഇതുപോലൊരു കാറ് വാങ്ങണമെന്ന മോഹം അന്നേ മനസ്സിൽ പൂവിട്ടു. അക്കാലത്ത് ഒരു മാരുതി എസ്റ്റിലോ ഉണ്ടായിരുന്നു. മാരുതിയിൽ ഇരുന്ന് ഔഡി സ്വപ്നം കാണുന്നത് അതിമോഹമാണെങ്കിലും ഒരു ലക്ഷ്വറി കാർ വാങ്ങുകയാണെങ്കിൽ ഔഡി തന്നെയാകണം എന്ന് അന്ന് മനസ്സിൽ ഉറപ്പിച്ചു. പിന്നീട് എസ്റ്റിലോ മാറി ഐ20 എടുത്തു. അതിനു ശേഷം ഒരു ഔഡി എ3 സ്വന്തമാക്കി. അതു ഒരു സെക്കൻഡ് ഹാൻഡ് കാറായിരുന്നു ആ വാഹനത്തിൽ ഒന്നര ലക്ഷം കിലോമീറ്ററോളം യാത്ര ചെയ്തിട്ടുണ്ട്
ചെന്നൈ യാത്രകൾ
ആദ്യ ഔഡി വാങ്ങിയപ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇളവുകൾ വന്നതോടെ ദൂരയാത്രകൾ കാറിലാക്കി. എ3 വളരെ ഇഷ്ടപ്പെട്ട വാഹനമായിരുന്നു. വീട്ടിലെ ഒരു സോഫയിലിരുന്നു യാത്ര ചെയ്യുന്ന അനുഭവമായിരുന്നു ആ വാഹനം സമ്മാനിച്ചത്. സമയമുണ്ടെങ്കിൽ ദൂരയാത്രകൾ കാറിലെ പോകൂ. ഏറ്റവും കൂടുതൽ തവണ ഡ്രൈവ് ചെയ്തിരിക്കുന്നത് ചെന്നൈയിലേക്കാണ്. എ3 ക്കു ശേഷം ഒരു എസ്‌യുവി എടുക്കണമെന്നായിരുന്നു ആഗ്രഹം. ഔഡി ക്യു7, ബിഎംഡബ്ല്യു എക്സ് 5 എന്നിവയായിരുന്നു മനസ്സിൽ. എന്നാൽ പല പ്രീമിയം എസ്‌യുവികളും ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ സെഡാന്റെ ഒരു കംഫർട്ട് ലഭിച്ചില്ല. വീട്ടിലുളളവർക്കും എസ്‌യുവിയോട് താൽപര്യമില്ലായിരുന്നു. അങ്ങനെയാണ് ഔഡി എ4 ലേക്ക് എത്തുന്നത്.
കംഫർട് ഡ്രൈവുകളാണ് ഇഷ്ടം
എസ്‌യുവിയിൽ നിന്നും മാറാൻ കാരണം എ3 നൽകിയിരുന്ന കംഫർട് ആണ്. ഓഫ് റോഡ് ഡ്രൈവുകളോട് താല്പര്യം കുറവാണ്. നല്ല റോഡിലൂടെ പാട്ടുകള്‍ കേട്ട് ഡ്രൈവ് ചെയ്യാനാണ് ഇഷ്ടം. പോകുന്ന വഴികളിലെ ചെറിയ കടളിലെ രുചികളും ആസ്വദിക്കും. ഫാമിലിയുമൊത്ത് ഒരുപാട് യാത്രകൾ ചെയ്യുന്നതിനാൽ എല്ലാവർക്കും താൽപര്യം സെഡാനാണ്. ഓഫ്റോഡ് എന്നൊക്കെ പറയുമ്പോൾ ആദ്യം ഓർമ വരുന്നത് ജോജു ചേട്ടനെയാണ്.ആദ്യമായി ജീപ്പ് റാംഗ്ലറില്‍ കയറുന്നത് പോലും ചേട്ടന്റെ വാഹനത്തിലാണ്. വഴിയിൽ ഒരു കല്ലു കിടന്നാൽ പോലും ജോജു ചേട്ടൻ അതിനു മുകളിലൂടെ കയറ്റി ഓടിക്കും. അങ്ങനെയുള്ള ഡ്രൈവുകളെക്കാൾ ഇഷ്ടം കംഫർട് ഡ്രൈവുകളാണ്.
സ്വപ്നം കൊണ്ട് സ്വന്തമാക്കിയ വാഹനങ്ങൾ
ആദ്യത്തെ കാർ വാങ്ങുമ്പോൾ മുതൽ തന്നെ തൊട്ടടുത്ത മോഡൽ കൂടി നോക്കിയിരുന്നു. ഓരോ മോഡൽ അപ്ഗ്രേഡ് ചെയ്തപ്പോഴും മുൻപ് നോക്കി വച്ചിരുന്ന വാഹനം തന്നെയായിരുന്നു സ്വന്തമാക്കിയത്. ഇനി കുറച്ചു കാലത്തേക്ക് ഔഡി എ4 ൽ തന്നെയായിരിക്കും യാത്രകൾ. അടുത്ത ലെവലിലേക്ക് നോക്കുമ്പോൾ മെഴ്സിഡസ് ബെൻസ് സ്വന്തമാക്കണമെന്നാണ് മോഹം.