ഇവിടെ ഇങ്ങനാണ് ഭായ്! ഫിൻലൻഡിലെ മഞ്ഞുകാല ഡ്രൈവിങ് വിശേഷങ്ങളുടെ അനുഭവ കുറിപ്പ്

Mail This Article
വെൺമഞ്ഞു മൂടിനിൽക്കുന്ന അദ്ഭുത നാടുകളിലെ, പ്രകൃതി മെനഞ്ഞെടുത്ത വിസ്മയ കാഴ്ചകൾ രസകരമാണ്. പ്രത്യേകിച്ച് മലയാളികൾക്ക്. കാരണം നമ്മൾ അനുഭവിച്ചു ശീലമില്ലാത്ത തണുത്തുറഞ്ഞ ‘മഞ്ഞു കഥകൾക്ക്’ എന്നും കൗതുകമേറും. എന്നാൽ ‘സെൽഫി സ്റ്റിക്കിലെ' മനോഹര ചിത്രങ്ങൾക്ക് പുറകിൽ ദുഷ്കരമാണ് ഇവിടങ്ങളിലെ ദൈനം ദിന ജീവിതം. സൂര്യൻ പലപ്പോഴും പണിമുടക്കി നിൽക്കുന്നതിനാൽ, പോളാർ രാത്രികളിലൂടെ കടന്നു പോകുന്ന രാജ്യങ്ങളാണ് ഫിൻലൻഡ് ഉൾപ്പെടുന്ന പല നോർഡിക് രാജ്യങ്ങളും. ഇവിടെ നവംബർ മുതൽ ഫെബ്രുവരി വരെ കഠിനമായ തണുപ്പിനെ അതിജീവിക്കാൻ ഈ നാട്ടുകാരെപോലെ മലയാളികൾ ഉൾപ്പെടെയുള്ള ഇതരദേശക്കാരും ബുദ്ധിമുട്ടാറുണ്ട്.
തണുപ്പിനെ പ്രതിരോധിക്കാൻ പല പാളികളുള്ള വേഷവിധാനങ്ങൾ ധരിച്ചും തെന്നിവീഴാതിരിക്കാൻ പ്രത്യേകം ആണി ഘടിപ്പിച്ച ഷൂസുകളും ധരിച്ചു ‘ശാന്തമായി’ നടന്നാൽ ശരീരം ചൂടാക്കുന്നതോടൊപ്പം എല്ലൊടിയാതെയും രക്ഷപ്പെടാം. പകലിന്റെ ദൈർഘ്യം കുറവായതിനാൽ, ഇരുട്ടിലെ യാത്രക്ക് ജാക്കറ്റുകളിൽ ‘റിഫ്ലക്ടറുകൾ’ ഘടിപ്പിക്കേണ്ടതും അത്യാവശ്യമാണ്. കാൽനട യാത്രക്കാർ, ‘പെഡസ്ട്രിയൻ’ പാതകൾ ഉപയോഗിക്കുമ്പോൾ വാഹനം ഓടിക്കുന്നവർക്കു ഇവരെ തിരിച്ചറിയാൻ സഹായിക്കും.

മനുഷ്യരെപ്പോലെ തന്നെ ഈ ശൈത്യകാലത്തു വാഹനങ്ങൾക്കും പ്രത്യേകം കരുതലുകൾ ആവശ്യമുണ്ട്. നമ്മുടെ ഡ്രൈവിങ്ങിലും പ്രത്യേകം ജാഗ്രത പുലർത്തേണ്ട കാലം. രാവിലെ ഹിമസാഗരത്തിൽ ആഴ്ന്നിരിക്കുന്ന വാഹനം പുറത്തെടുക്കുന്നതു മുതൽ തുടങ്ങും ‘സവാരിഗിരി അധ്വാനങ്ങൾ’. ഫിൻലൻഡിലെ മഞ്ഞു കാല ജീവിതവും വാഹന വിശേഷങ്ങളും കഴിഞ്ഞ കുറെ വർഷങ്ങളിലെ ഡ്രൈവിംഗ് അനുഭവങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ ചില കാര്യങ്ങളുമാണ് ചുവടെ കുറിക്കുന്നത്.
‘മഞ്ഞുമുറിയെ’ പണിയാം കുടുംബസമേതം
കാലം തെറ്റി വരുന്ന മൺസൂണുകളിലും മീനമാസ ചൂടിലും എന്തിനു മരുഭൂമിയിൽ വരെ വാഹനമോടിച്ചു പരിചയമുള്ള മലയാളികൾക്ക് ഭൂഗോളത്തിന്റെ ഇങ്ങേയറ്റത്തു, ഈ മഞ്ഞിലും അൽപം ‘വിയർപ്പൊഴുക്കിയാൽ’ അനായാസമായി വാഹനം ഓടിക്കാം. നമ്മെ നോക്കി ചിരിച്ചുകൊണ്ട് വീട്ടുമുറ്റത്തു കിടക്കുന്ന കാറിൽ ഞൊടിയിടയിൽ കയറി, യഥേഷ്ടം വളയം കയ്യിലെടുത്തു യാത്ര ചെയ്യാനൊന്നും ഈ നാട്ടിൽ സാധ്യമല്ല. അതിനു അൽപം പ്രയത്‌നം ആവശ്യമുണ്ട്. ഗൃഹാതുരത്വം പേറി, ഇടയ്ക്കൊക്കെ അങ്ങനെ സ്വപ്‌നങ്ങൾ കാണാമെന്ന് മാത്രം. മാത്രമല്ല ഇതിന് ഇവിടെ ‘ബംഗാളികളെയൊന്നും’ കിട്ടില്ല ഭായ്!

രാവിലെ ഏകദേശം ഒരു മണിക്കൂർ നേരത്തെ എഴുന്നേറ്റാൽ തലേ ദിവസത്തെ മഞ്ഞു വീഴ്ചയുടെ ഫലമായി ഒളിച്ചിരിക്കുന്ന കാർ പുറത്തെടുത്തു യാത്രയ്ക്ക് തയാറാവാം. ആദ്യം തന്നെ ഹീറ്റർ ഓണാക്കി എൻജിൻ ചൂടാക്കണം. ‘റിമോട്ട് ഹീറ്റർ’ / ‘ടൈമർ ഹീറ്റർ’ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. മഞ്ഞു ഗോളത്തിനകത്തു മറഞ്ഞിരിക്കുന്ന വാഹനം, മഞ്ഞു കൂന മാറ്റി തിരഞ്ഞു പിടിച്ചു പുറത്തെടുക്കണം. ഒരു കാര്യം മറക്കരുത്, ആവേശത്തിൽ മഞ്ഞു മാറ്റാൻ ഓടിയിറങ്ങുന്നതിനു മുൻപ്, തണുപ്പിനെ പ്രതിരോധിക്കുന്നതിനുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതുണ്ട്. ഇനി രാവിലെ തൊഴിലിടങ്ങളിൽ പങ്കെടുക്കേണ്ട മീറ്റിംഗിനെ കുറിച്ച് ആവലാതിപ്പെട്ടു, നന്നായി വേഷവിധാനങ്ങൾ ഇടാതെ ധൃതിയിൽ ഓടിപ്പാഞ്ഞിറങ്ങിയാൽ ഒരു അഞ്ചു മിനിറ്റ് കഴിയുമ്പോൾ ശരീരം വിറങ്ങലിച്ചു കൂടുതൽ ‘പണി/പനി’ കിട്ടിയേക്കും!

ചൂട് പോലെ തന്നെ അധികമായാൽ തണുപ്പിന്റെ തീവ്രതയിലും ശരീരം തീച്ചൂളയിലെന്നവണ്ണം പൊള്ളുന്ന അനുഭവമാണ്. മഞ്ഞുമല മാറ്റിയതിനു ശേഷം ഗ്ലാസിൽ നിന്നും ഐസ് ഇളക്കി മാറ്റേണ്ടതുണ്ട്. കാറിനുള്ളിലെ ഹീറ്റിങ്ങ് സംവിധാനം പ്രവർത്തനസജ്ജമാണെങ്കിൽ ഈ ഐസ് കുത്തി ഇളക്കൽ പ്രക്രിയ എളുപ്പമായേക്കും. ഇനി ഗരാജിലാണ് നമ്മുടെ കാറെങ്കിൽ, കാർ ഇറക്കേണ്ട വഴിയിലെ അതായത് മുറ്റത്തെ മഞ്ഞു മാറ്റേണ്ടതുണ്ട്. അധ്വാനശീലമില്ലാത്തവർ സ്വന്തമായി വാഹനം വാങ്ങാതിരിക്കുന്നതാവും ഉചിതം. സകുടുംബം മഞ്ഞു കോരികയുമായി ഇറങ്ങി, പാത വൃത്തിയാക്കാൻ, ഒരു മുപ്പത് മിനിറ്റു മതിയായേക്കും. മേമ്പൊടിക്ക്, നമ്മൾ മലയാളികളുടെ സ്ഥിരം ‘ചായ ഇടവേളകൾ’ എടുത്തില്ലെങ്കിൽ! എന്നാൽ തലേദിവസം രാത്രിയിലെ മഞ്ഞു വീഴ്ചയുടെ തീവ്രത അനുസരിച്ചു ഈ 'ടീം വർക്’ പൂർത്തീകരിക്കാനുള്ള സമയത്തിലും മാറ്റം വന്നേക്കാം.

ഇനിയിപ്പോൾ ശക്തമായ മഞ്ഞു വീഴ്ചയുള്ള ദിനങ്ങളാണെങ്കിൽ ചൂടായ കാർ മുൻപോട്ടെടുത്തു മന്ദം നീങ്ങുമ്പോൾ, റോഡിൽ ഏതു ലെയ്‌നിൽ നിൽക്കും എന്നോർത്ത് വിഷമിക്കേണ്ടതില്ല. ഈ സമയം ചെറിയ വഴികളിലെ ലെയ്‌നൊന്നും പ്രത്യേകിച്ച് കാണാനില്ലായിരിക്കാം. മാത്രമല്ല വാഹനം എപ്പോഴും അങ്ങനെ മുൻപോട്ടു തന്നെ പോകാറില്ലല്ലോ. പല ദിശകളിലേക്കും അങ്ങനെ നൃത്തം ചെയ്തു തെന്നിമാറിക്കൊണ്ടിരിക്കുകയല്ലേ….

പൊതുഗതാഗതവും അപ്രതീക്ഷിത തടസങ്ങളും
ട്രെയിനിന്റെയും ട്രാമിന്റെയും പാളങ്ങളിൽ മഞ്ഞുവീണു പൊതുഗതാഗതം ഇടയ്ക്കിടെ സ്തംഭിക്കാറുണ്ട്. അതിനാൽ മഞ്ഞുവീഴചയുള്ള ദിനങ്ങളിൽ യാത്രകൾക്കു തയാറെടുക്കുമ്പോൾ ഇപ്രകാരമുള്ള അപ്രതീക്ഷിത താമസങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിലെ ഹീറ്റിംഗ് സംവിധാനങ്ങളും ഫലപ്രദമാണിവിടെ. മെട്രോയിലും ബസിലും ട്രെയിനിലുമെല്ലാം മികച്ച ഹീറ്റിംഗ് സംവിധാനങ്ങളുണ്ട്. വേനൽക്കാലത്തെ അപേക്ഷിച്ചു ശൈത്യകാലത്തു കൂടുതൽ വാഹനങ്ങൾ പൊതുജനങ്ങൾക്കായി പ്രവർത്തിക്കാറുണ്ട്.
റോഡുകളിലെ മഞ്ഞു വൃത്തിയാക്കൽ പ്രക്രിയകളൊക്കെ ഒരു പരിധിവരെ ഫലപ്രദമാണിവിടെ. ‘മഞ്ഞു കോരി വണ്ടികൾ’ ഇതിൽ ഒരു വലിയ പങ്കു വഹിക്കുന്നു. നമ്മുടെ വീടിന്റെ മുറ്റം ഒഴിച്ച്, വീടിനു മുൻപിലെ പൊതുവഴികൾ ‘മഞ്ഞു കോരി വണ്ടികൾ’ വൃത്തിയാക്കും. ഹൗസിങ് കമ്പനികൾ മാസം തോറും എല്ലാ വീടുകളിൽ നിന്നും ഈ മഞ്ഞു മാറ്റൽ പ്രക്രിയയുടെ കൂലിയും ഈടാക്കാറുണ്ട്.

കരുതൽ വേണം, വാഹനങ്ങൾക്കും
∙ മഞ്ഞുകാലത്തെ ദുഷ്കരമായ കാലാവസ്ഥയിൽ, അൽപം കരുതലുകൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായാൽ ആത്മവിശ്വാസത്തോടെ നമുക്കും വാഹനവുമായി നിരത്തിലിറങ്ങാം. ഇരുട്ടിലൂടെയും ഐസ് നിറഞ്ഞ റോഡിലൂടെയുമുള്ള വിജയകരമായ പരിശീലനങ്ങൾക്ക് ശേഷം മാത്രമേ ഇവിടെ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാൻ സാധിക്കുകയുള്ളു.
∙ കാറുകളിൽ വിന്റർ ടയറുകൾ നേരത്തെ തന്നെ ഘടിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നിയമവിരുദ്ധമാണ്. പ്രത്യേകം ആണിഘടിപ്പിച്ച ഈ ടയറുകൾ ഐസും മഞ്ഞും മൂടിയ വഴുക്കലുള്ള റോഡിലൂടെയുള്ള സുരക്ഷിതമായ യാത്രക്ക് അനിവാര്യമാണ്.

∙ റോഡുകളിലെ അനുവദനീയമായ വേഗ പരിധിയിലും ഈ കാലയളവിൽ വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന് 120 കിലോമീറ്റർ വേഗപരിധിയുള്ള ഹൈ- വേകളിൽ മഞ്ഞുകാലത്തു അത് നൂറു കിലോമീറ്ററായി ചുരുക്കും.
∙ എൻജിനുകൾ ആവശ്യത്തിന് ചൂടാക്കിയതിനു ശേഷം യാത്രക്ക് തയാറെടുക്കുന്നതാണ് നല്ലത്.
∙ അതിശൈത്യത്തിൽ വളരെ താഴ്ന്ന താപനിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനായി ’മഞ്ഞു കാല ഡീസലുകൾ’ അടിക്കേണ്ടതുണ്ട്. പൂജ്യം ഡിഗ്രി താപനിലയിൽ താഴെ കാർ കഴുകുന്നതും സ്വീകാര്യമല്ല.
∙ വൈപ്പർ-ബ്ലേഡ് ഫ്രെയിമുകളും വാഹനങ്ങളുടെ വാതിലുകളും മരവിക്കുന്നത് തടയാൻ ‘സിലികോൺ സ്പ്രേ’ ചെയ്യുന്നത് സഹായിക്കും.

∙ അപ്രതീക്ഷിതമായി പെയ്തേക്കാവുന്ന മഞ്ഞു വീഴ്ചയ്ക്ക് കരുതലായി, മഞ്ഞു കോരികകകളും ഐസ് ഇളക്കുന്ന വസ്തുക്കളും കാറുകളിൽ എല്ലാ സമയവും കരുതേണ്ടതുണ്ട്.
∙ തിരക്കുകൂട്ടാതെ വിവേകത്തോടെ വാഹനമോടിക്കേണ്ടതുണ്ടെന്നു പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ. മുൻപിലുള്ള വാഹനവുമായി ആവശ്യത്തിന് അകലം പാലിക്കണം.
∙ ജംഗ്ഷനുകളിലും വളവുകളിലും വേഗത മുൻകൂട്ടി പരിശോധിക്കണം. പെട്ടെന്ന് ബ്രേക്കിൽ ചവിട്ടുമ്പോൾ മഞ്ഞിൽ വാഹനം തെന്നിമാറാനുള്ള സാധ്യതയുള്ളതിനാലാണിത്.
∙ ശക്തമായ മഞ്ഞുവീഴ്ചയുണ്ടെങ്കിൽ ഹെഡ്‌ലൈറ്റുകളിൽ നിന്നും നമ്പർ പ്ലേറ്റുകളിൽ നിന്നും മഞ്ഞ് നീക്കം ചെയ്യാൻ ചിലപ്പോൾ ഇടയ്ക്കു വാഹനം നിർത്തേണ്ടി വന്നേക്കാം.

∙ ‘എൽക്’ (കടമാന്‍) എന്ന മൃഗം ഇടയ്ക്കിടെ റോഡ് മുറിച്ചു കടക്കാൻ സാധ്യത ഉള്ളതിനാൽ ഈ അപായ സൂചന ഉള്ളിടത്തെല്ലാം ജാഗ്രതയോടെ ഓടിക്കേണ്ടതുണ്ട്. കാടുകളാൽ സമൃദ്ധമായ ഈ രാജ്യം അവരുടെ ഇടം കൂടിയാണല്ലോ.
∙ ശൈത്യകാലത്ത് ദീർഘദൂര യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ ചൂടുള്ള പാനീയം, ലഘുഭക്ഷണങ്ങൾ, ചെറുചൂടുള്ള പുതപ്പുകൾ എന്നിവ കാറിൽ സൂക്ഷിക്കുന്നതും നല്ലതാണ്.
∙ കാലാവസ്ഥാ പ്രവചനങ്ങൾ പരിശോധിച്ചതിനുശേഷം മാത്രം യാത്രകൾ ആസൂത്രണം ചെയ്യാം.
∙ യാത്ര ആരംഭിക്കുന്നതിന് മുമ്പ് മൊബൈൽ ഫോണുകൾ പൂർണ്ണമായി ചാർജ്ജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ പ്രവാസ ജീവിതം നയിക്കുന്ന മലയാളികൾക്കും മഞ്ഞിലും ഐസിലുമൊക്കെ ആത്മവിശ്വാസത്തോടുകൂടി വളയം പിടിക്കാൻ സാധിക്കും. അകലെനിന്നുള്ള കാഴ്ച്ചയിൽ മാന്ത്രികത നിറഞ്ഞ മഞ്ഞുലോകമാണിത്. എന്നാൽ, മറുവശത്തു ‘മഞ്ഞുഭാരത്താൽ’ കഠിനമായ യാത്രാ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. എന്തായാലും ഉറഞ്ഞ മഞ്ഞു ഉരുകാനൊന്നും ഇനി കാത്തിരിക്കേണ്ട ശ്രദ്ധയോടെ, വഴിയോര മഞ്ഞു കാഴ്ചകൾ വീണ്ടും കണ്ടുകൊണ്ടു മഞ്ഞിന്റെ ഹൃദ്യമായ മണമുള്ള കാറ്റേറ്റു നമുക്കൊന്ന് ‘കൂളായി’ ഡ്രൈവ് ചെയ്തു വരാം. ‘ടുർവാല്ലിനേൻ മറ്റ്കാ’... (സുരക്ഷിതമായ യാത്ര)!
English Summary: Weather makes driving in Finland challenging