പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചേൽപ്പിക്കൂ, പണം നേടൂ; പുതിയ പദ്ധതിയുമായി ബ്രിട്ടൻ

Mail This Article
ലണ്ടൻ∙ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ സൂപ്പർമാർക്കറ്റുകളിൽ തിരിച്ചേൽപ്പിക്കുന്ന ഉപഭോക്താക്കൾക്ക് പണം നൽകുന്ന പദ്ധതിയുമായി ബ്രിട്ടൻ. പ്ലാസ്റ്റിക് ബോട്ടിലുകൾക്കും കാനുകൾക്കും "ഡിപ്പോസിറ്റ് റിട്ടേൺ പദ്ധതി" (ഡിആർഎസ്) നടപ്പിലാക്കി "ക്ലീൻ അപ് ബ്രിട്ടൻ" പദ്ധതിക്ക് ഊർജം നൽകാനാണ് സർക്കാർ ശ്രമം. ടെസ്കോ, അസ്ഡ, മോറിസൺസ്, സെയിൻസ്ബറീസ്, ആൽഡി, ലിഡിൽ തുടങ്ങിയ പ്രധാന സൂപ്പർമാർക്കറ്റുകളിൽ പ്ലാസ്റ്റിക് കുപ്പികളും കാനുകളും ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങൾ തുറക്കും. ഉപഭോക്താക്കൾക്ക് ഉപയോഗിച്ച കാലിക്കുപ്പികൾ അവിടെ നൽകി റീസൈക്കിൾ ചെയ്യുമെന്ന് ഉറപ്പാക്കാൻ കഴിയും. അതോടൊപ്പം തിരികെ നൽകുന്ന കുപ്പികൾക്ക് പണം ലഭിക്കുകയും ചെയ്യും.
പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനും, പ്ലാസ്റ്റിക് കുപ്പികളും കാനുകളും റീസൈക്കിൾ ചെയ്യുമെന്ന് ഉറപ്പുവരുത്തുന്നതിനുമായി ആഗോളാടിസ്ഥാനത്തിൽ 50ൽ പരം രാജ്യങ്ങളിൽ നിലവിലുള്ള ഒന്നാണ് ഡിആർഎസ് പദ്ധതി. ജർമനി, സ്വീഡൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇത്തരം പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
മൂല്യവത്തായ വസ്തുക്കൾ ശേഖരിക്കുകയും പുനരുപയോഗം ചെയ്യുകയും പുതിയ പാനീയ പാത്രങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ബ്രിട്ടനിലെ ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നത് പൊതുജനം ആവേശപൂർവ്വം സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. 2027 ഒക്ടോബർ മുതൽ പദ്ധതി നടപ്പിലാക്കാനാണ് ഗവൺമെന്‍റ് തലത്തിൽ ഒരുക്കങ്ങൾ നടന്നു വരുന്നത്.