ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലണ്ടൻ ∙ ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കി. മാർച്ച് 30 മുതൽ ലണ്ടനിലെ ഗട്ട്വിക് വിമാനത്താവളത്തിൽനിന്നും കൊച്ചിയിലേക്ക് ഇപ്പോൾ നിലവിലുള്ള സർവീസുകൾ ഉണ്ടാകില്ല. ആഴ്ചയിൽ മൂന്നു ദിവസമായിരുന്നു ഗാട്ട്വിക്കിൽനിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയിൽനിന്നും ഗാട്ട്വിക്കിലേക്കും എയർ ഇന്ത്യ ഡയറക്ട് സർവീസ് നടത്തിയിരുന്നത്.

∙ സർവീസ് നിർത്തുന്നത് ഒരു കാരണവും പറയാതെ
കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സർവീസ് തുടക്കത്തിൽ ആഴ്ചയിൽ ഒരെണ്ണമായിരുന്നു. എന്നാൽ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സർവീസ് ആഴ്ചയിൽ രണ്ടായും, പിന്നീട് മൂന്നായും ഉയർത്തുകയായിരുന്നു. ഇപ്പോൾ ന്യായമായ ഒരു കാരണവും പറയാതെയാണ് പൊടുന്നനെ സർവീസുകൾ നിർത്തലാക്കാനുള്ള തീരുമാനം എയർ ഇന്ത്യ കൈക്കൊണ്ടത്. മാർച്ച് 30നുശേഷം ഈ റൂട്ടിൽ ബുക്കിങ് എടുക്കുന്നില്ല. നേരത്തെ ഈ സർവീസുകളിൽ ടിക്കറ്റ് ബുക്കു ചെയ്തിരുന്നവർക്ക് മറ്റു വഴികളിലൂടെ യാത്ര ഒരുക്കാമെന്ന ഉറപ്പു നൽകുകയും ചെയ്തു. ഇത് സ്വീകാര്യമല്ലാത്തവർക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകും. ചുരുങ്ങിയ കാലംകൊണ്ട് നാട്ടിലേക്കുള്ള ലൈഫ് ലൈനായി മാറിയ എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കിയതിന്റെ നിരാശയിലും സങ്കടത്തിലുമാണ് ബ്രിട്ടനിലെ മലയാളികൾ ഒന്നടങ്കം.

∙അറിയിപ്പ് ലഭിച്ചത് രണ്ടുദിവസം മുൻപ്
ഓൺലൈൻ പെറ്റീഷനിലൂടെയും വിവധ സംഘടനകളുടെ നേതൃത്വത്തിലും എംപിമാരുടെയും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവന്ന് സർവീസുകൾ പുനഃസ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ മലയാളികൾ. വിവിധ ട്രാവൽ ഏജൻസികൾ സംയുക്തമായി എയർ ഇന്ത്യ മാനേജ്മെന്റിനുമേലും സർവീസിനായി ശക്തമായ സമ്മർദവും സ്വാധീനവും ചൊലുത്തുന്നുണ്ട്.

1. Air India Express. Image Credit: PradeepGaurs/ Shutterstockphoto.com. 2. Representative Image. Image Credit: Nicoleta Ionescu / Shutterstockphoto.com.
1. Air India Express. Image Credit: PradeepGaurs/ Shutterstockphoto.com. 2. Representative Image. Image Credit: Nicoleta Ionescu / Shutterstockphoto.com.

രണ്ടു ദിവസം മുൻപാണ് ട്രാവൽ ഏജൻസികൾക്ക് സർവീസ് നിത്തലാക്കിയതായുള്ള അറിയിപ്പ് ലഭിച്ചത്. അന്നു മുതൽ സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച് അവ്യക്തമായ ചർച്ചകളും വാർത്തകളും വന്നു തുടങ്ങിയിരുന്നു. എന്നാൽ ഇതിനെല്ലാം അവസാനം കുറിച്ച് എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. വിമാനങ്ങളുടെ അഭാവമാണ് സർവീസ് നിർത്തുന്നതിന് കാരണമായി എയർ ഇന്ത്യ പരോക്ഷമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇതിനെ സാധൂകരിക്കാൻ പറ്റാത്തവിധം അമൃത്സറിലേക്ക് നിലവിൽ ആഴ്ചതോറുമുള്ള മൂന്നു സർവീസുകൾ നാലായി ഉയർത്തുകയും ചെയ്തു.

∙കേരളത്തെ അവഗണിച്ചപ്പോൾ അഹമ്മദാബാദിനെ തൊട്ടില്ല, അമൃത്സറിന് കൂട്ടി നൽകി
അഹമ്മദാബാദ്, അമൃത്സർ, ഗോവ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഗാട്ട്വിക്ക് വിമാനത്താവളത്തിൽനിന്നും നിലവിലെ എയർ ഇന്ത്യയുടെ ഡയറക്ട് സർവീസുകൾ. വി.എഫ്.ആർ. റൂട്ടുകളുടെ (വിസിറ്റിങ് ഫ്രണ്ട്സ്, റിലേറ്റീവ് ആൻഡ് ലെഷർ ട്രാവലേഴ്സ്) ഗണത്തിലാണ് ഇവയെല്ലാമുള്ളത്. എങ്കിലും ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു റൂട്ടുകളേക്കാളേറെ വരുമാനം ഉണ്ടാക്കുന്നവയായിരുന്നു ഇതെല്ലാം. ഇതൊന്നും പരിഗണിക്കാതെയുള്ള തീരുമാനമാണ് എയർഇന്ത്യ മാനേജ്മെന്റിൽ നിന്നും ഉണ്ടായിരിക്കുന്നത്.

ദീർഘദൂര സർവീസുകൾക്ക് പുതിയ എ350–900 വിമാനങ്ങൾ ഉപയോഗിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം.
എയർ ഇന്ത്യ.

ഗോവയ്ക്ക് നിലവിലുള്ള ആഴ്ചയിലെ നാലു സർവീസുകൾ മൂന്നായി കുറയ്ക്കും ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രം എന്ന പരിഗണനയിലാണ് ഗോവ സർവീസ് ഒരെണ്ണം കുറച്ച് നിലനിർത്തുന്നത്. അമൃത്സറിന് നിലവിൽ ആഴ്ചയിൽ മൂന്നു സർവീസുകളാണ് ഉണ്ടായിരുന്നത് ഇത് നാലായി ഉയർത്തി. യാത്രക്കാരുടെ അധിക ഡിമാന്റാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് വിശദീകരണം. അതേസമയം കേരളത്തിൽ ഒറ്റയടിക്ക് മൂന്നു സർവീസുകളും എടുത്തുമാറ്റി.

∙ചർച്ചയും സമ്മർദവുമായി ട്രാവൽ ഏജന്റുമാർ
വരുമാനക്കുറവ്, കൂടുതൽ വരുമാനമുള്ള റൂട്ടുകളിലേക്ക് വിമാനം കണ്ടെത്താനുള്ള ബുദ്ധിമുട്ട് തുടങ്ങിയ മുടന്തൻ ന്യായങ്ങൾ മാത്രമാണ് ഇതിന് എയർ ഇന്ത്യയ്ക്ക് പറയാനുള്ളത്. എല്ലാദിവസവും നിറയെ യാത്രക്കാരുമായി കൊച്ചിയിലേക്ക് പറക്കുന്ന വിമാനം നിർത്തലാക്കാൻ ഈ ന്യായം പറയുന്നത് ശരിയല്ലെന്ന് ഇന്നലെ ഗാട്ട്വിക്ക് എയർപോർട്ടിൽ നടന്ന മീറ്റിങ്ങിൽ ട്രാവൽ ഏജന്റുമാർ എയർ ഇന്ത്യ മാനേജ്മെന്റിനോട് വ്യക്തമാക്കി. ഒട്ടും യാത്രക്കാരില്ലാത്ത ബെംഗളൂരു റൂട്ടിൽ എല്ലാദിവസവും സർവീസ് തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രാവൽ ഏജന്റുമാർ എയർ ഇന്ത്യയുടെ വാദങ്ങൾ പൊളിച്ചത്. യുകെയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 16 ട്രാവൽ ഏജന്റുമാരാണ് എയർ ഇന്ത്യ മാനേജ്മെന്റുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. കണക്കുകൾ സഹിതം ഇവർ വാദമുഖങ്ങൾ ഉന്നയിച്ചപ്പോൾ നാട്ടിൽനിന്നുള്ള തീരുമാനമാണിതെന്നും അതിനാൽ കേന്ദ്രസർക്കാരിൽ സമ്മർദം ചൊലുത്താനുമായിരുന്നു എയർ ഇന്ത്യ പ്രതിനിധികളുടെ നിർദേശം. ഡാലസ്, ലൊസാഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകൾക്കുപോലും വിമാനങ്ങൾ ഇല്ലാത്ത സ്ഥിതിയാണ് എയർ ഇന്ത്യക്കുള്ളതെന്ന വിചിത്ര വാദമാണ് ലണ്ടൻ പോലൊരു നഗരത്തിലേക്കുള്ള സർവീസ് റദ്ദാക്കാൻ പറയുന്നതെന്നതും  കൗതുകമാകുന്നു.

Image Credit: Instagram/airindiax
Image Credit: Instagram/airindiax

∙നിന്നുപോകുന്നത് പ്രായമായ യാത്രക്കാരുടെ ഇഷ്ട സർവീസ്
സർക്കാർ ഓഫിസ് കണക്കെയുള്ള സേവനവും അത്യന്തം  ശോചാലവസ്ഥയിലുള്ള ടോയ്‌ലറ്റും പ്രവർത്തിക്കാത്ത മോണിറ്ററും ഒക്കെയായിരുന്നെങ്കിലും ഒറ്റപ്പറക്കലിന് നാട്ടിലെത്താം എന്നതിനാൽ എയർ ഇന്ത്യ ഡയറക്ട് ഫ്ലൈറ്റുകൾ ചുരുങ്ങിയ കാലംകൊണ്ട് എറെ ജനപ്രിയമായിരുന്നു. പ്രായമായവരെ ഒറ്റയ്ക്ക് നാട്ടിലേക്ക് കയറ്റിവിടാനും നാട്ടിൽനിന്നും ബ്രിട്ടനിലേക്ക് സന്ദർശനത്തിനായും മറ്റും കൊണ്ടുവരാനും ഏറെ സഹായകമായിരുന്നു ഈ വിമാനങ്ങൾ.  ഏറെയും പ്രായമായവരായിരുന്നു ഇതിലെ യാത്രക്കാർ എന്നത് തുടക്കം മുതലേ ശ്രദ്ധേയമായ കാര്യമായിരുന്നു.

കോവിഡ് കാല വന്ദേഭാരത് ഫ്‌ളൈറ്റുകൾ പുനരാരംഭിച്ചപ്പോൾ കൊച്ചിയെയും അടിയന്തിരമായി ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്ന് പ്രധാനമന്ത്രിക്കും വ്യോമഗതാഗത വകുപ്പിനും വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിക്കും  കേന്ദ്ര മന്ത്രിയായിരുന്ന വി. മുരളീധരനും മുഖ്യമന്ത്രിക്കും അപേക്ഷ സമർപ്പിച്ച് നടത്തിയ സമ്മർദ്ദമാണ് ഈ സർവീസുകൾക്ക് കാരണമായത്. കൊച്ചി ഇന്റർനാഷനൽ എയർപോർട്ട് അധികൃതരുടെ ഇടപെടലും ഇതിന് സഹായകമായിരുന്നു. 

∙ രണ്ടുവർഷം മുമ്പും സമാനമായ നടപടി
2023ലും സമാനമായ രീതിയിൽ ഈ സർവീസുകൾ നിർത്തലാക്കാൻ ശ്രമം ഉണ്ടായിരുന്നു. എന്നാൽ മലയാളി സംഘടനകളും മറ്റും എംപിമാരുടെയും അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരന്റെയും  സഹായത്തോടെ നടത്തിയ ശ്രമങ്ങൾ വിജയിച്ചതിനാൽ സർവീസുകൾ മുടങ്ങിയില്ല. സമാനമായ ഇടപെടലുകളാണ് ഇക്കുറിയും ഉണ്ടാകേണ്ടത്. കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സഹായമാണ് ഇക്കാര്യത്തിൽ അടിയന്തരമായി ഉണ്ടാകേണ്ടതെന്ന വിശ്വാസമാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തിനുള്ളത്.

∙മുഖ്യമന്ത്രിയുടെ ഉറപ്പ് ജലരേഖയായി
ആഴ്ചയിൽ മൂന്നു ദിവസമുള്ള സർവീസ് അഞ്ചുദിവസമാക്കി വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും, ഇക്കാര്യത്തിൽ ആശാവഹമായ പുരോഗതിയാണ് ഉള്ളതെന്നും ലോകകേരള സഭ യൂറോപ്പ് മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിയിച്ചിരുന്നു.  കൊച്ചി എയർപോർട്ട് ഡയറക്ടർ കൂടിയായ പ്രമുഖ വ്യവസായി എം.എ.യൂസഫലിയും ഇക്കാര്യം ആ സമ്മേളനത്തിൽ ശരിവച്ചിരുന്നു. എന്നാൽ ഇതെല്ലാം ജലരേഖയാകുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടാകുന്നത്.

കോവിഡ് കാലത്ത് രാജ്യാന്തര വിമാനസർവീസുകൾ ഒന്നടങ്കം നിലച്ചപ്പോൾ ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ വിവിധ നഗരങ്ങളിലേക്ക് ‘’വന്ദേ ഭാരത്’’എന്ന പേരിൽ ഡയറക്ട് സർവീസ് തുടങ്ങിയത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്,ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു തുടങ്ങിയ ചുരുക്കം നനഗരങ്ങളിലേക്കായിരുന്നു ഈ ഡയറക്ട് സർവീസ്. ഇതാണ് പിന്നീട് കോവിഡിനു ശേഷം കൊച്ചിയിലേക്കുള്ള റഗുലർ ഷെഡ്യൂളായി നിലനിർത്തിയത്.

പത്തു മണിക്കൂറിനുള്ളിൽ ഒറ്റപ്പറക്കലിന് നാട്ടിലെത്താവുന്ന ഈ സൗകര്യം ബ്രിട്ടനിലെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എമറേറ്റ്സിനെപോലും പിന്നിലാക്കി മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ചോയ്സായി ലണ്ടൻ- കൊച്ചി എയർ ഇന്ത്യ സർവീസ് മാറി. ഒരിക്കൽപോലും ആവശ്യത്തിനു യാത്രക്കാരില്ലാതെ ഈ സർവീസ് നടന്നിട്ടില്ല.

ഗ്രൗണ്ട് ഹാൻഡിലിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ ഇളവുകൾ നൽകിയും വിമാനജോലിക്കാർക്ക് താമസിക്കാൻ എയർപോർട്ടിനടുത്ത് സൗകര്യം ഒരുക്കിയും മറ്റുമായിരുന്നു കൊച്ചി വിമാനത്താവള അധികൃതർ ഈ ഡയറക്ട് സർവീസിനെ പ്രോത്സാഹിപ്പിച്ചത്. 

∙ഓൺലൈൻ പെറ്റീഷൻ ആരംഭിച്ച് യുക്മ
കൊച്ചി വിമാനത്തിന്റെ കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു. മൂവായിരത്തോളം പേർ ഇതിനോടകം ഈ പരാതിയിൽ പങ്കുചേർന്നു കഴിഞ്ഞു. പരമാവധിയാളുടെ ഒപ്പുശേഖരിച്ച് പ്രധാനമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽ അടിയന്തരമായി ഈ വിഷയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് യുക്മയെന്ന് വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ വ്യക്തമാക്കി. പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയാണ് പെറ്റീഷൻ തയാറാക്കിയിരിക്കുന്നത്. 

English Summary:

Tata Group-owned Air India has announced significant changes to its London flight schedule. Air India to cancels its London-Kochi direct flights.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com