ഗൾഫ് മോഹം നടക്കാതെ വന്നപ്പോൾ നാട്ടിൽ റോഡിന് 'ദുബായ്' എന്ന് പേരിട്ട് മലയാളി യുവാവ്; ഒടുവിൽ ജോലിക്കെത്തിയത് അറബിയുടെ അടുത്ത്, ട്വിസ്റ്റ്

Mail This Article
ദുബായ് ∙ ഗൾഫുകാരനാകണമെന്ന അതിഭയങ്കര ആഗ്രഹത്തിന് 2 പ്രാവശ്യം തടസ്സങ്ങളുണ്ടായെങ്കിലെന്താ, അതിന്റെ ഓർമയ്ക്ക് നാട്ടിൽ റോഡ് തന്നെ യാഥാർഥ്യമായല്ലോ എന്ന സംതൃപ്തിയിലാണ് ഈ മലയാളി യുവാവ്. അതും തനിക്ക് ഏറെ ഇഷ്ടപ്പെട്ട നാടിന്റെ പേരിൽ - ദുബായ് റോഡ്. തൃശൂർ ഗുരുവായൂർ ക്ഷേത്രത്തിനടുത്തെ പ്രദേശമായ കർണങ്കോട് ചെന്നാൽ ദുബായ് റോഡ് കാണാം. ദുബായില്‍ ജോലി ചെയ്യുന്നവർ ഒട്ടേറെ താമസിക്കുന്നുണ്ടെങ്കിലും ഈ റോഡിന് ആ പേര് വരാൻ വളരെ രസകരമായ കാരണമാണുള്ളത്. കർണങ്കോട് ബസാർ ദുബായ് റോഡിൽ താമസിക്കുന്ന, ഇപ്പോൾ ദുബായിൽ പ്രവാസിയായ പൂക്കൈതക്കൽ പി.പി.പ്രമോദ് (56) മനോരമ ഓൺലൈനിനോട് രസകരമായ ആ കഥ പറയുന്നു:
∙ രണ്ട് തവണ യുഎഇ യാത്ര മുടങ്ങി, ആ ഓർമയ്ക്ക് റോഡിന് പേര്
ലോക ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ഇതാദ്യമാണെന്നാണ്, രണ്ട് തവണ യുഎഇ യാത്ര മുടങ്ങിയതിന്റെ ഓർമയ്ക്കായി കൂട്ടുകാരെല്ലാം ചേർന്ന് വീട്ടിനടുത്തെ റോഡിന് ദുബായ് റോഡെന്ന പേര് ചാർത്തിയതിനെക്കുറിച്ച് പ്രമോദിന് പറയാനുള്ളത്. 1984ൽ പത്താം ക്ലാസ് പാസായ ശേഷം കുന്നംകുളം ഗുഡ് ഷെപേർഡ് ഐടിസിയിൽ നിന്ന് മെക്കാനിക്കൽ റഫ്രിജേഷൻ ആൻഡ് എയർ കണ്ടീഷൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. അന്ന് ആ കോഴ്സ് പഠിച്ചവർക്ക് അത്ര വലിയ ജോലി സാധ്യതകളുണ്ടായിരുന്നില്ല. അതിനാൽ അവിടെതന്നെയുള്ള ഒരു റഫ്രിജറേഷൻ റിപയർ സ്ഥാപനത്തിൽ ജോലിക്ക് ചേർന്നു.
എങ്കിലും കൂടുതൽ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഒരു ബന്ധു ഇലക്ട്രിക്കൽ– ഇലക്ട്രോണിക്സ് കോഴ്സ് ചെയ്യാൻ ചെന്നൈയിലേയ്ക്ക് കൊണ്ടുപോയി. എന്നാൽ അവിടെ ഉഴപ്പി നടന്നു നാട്ടിലേയ്ക്ക് തിരിച്ചു വന്നു. വീട്ടിനടുത്ത് ചൊവ്വല്ലൂർപടിയില്‍ ഇലക്ട്രിക്കൽ സാധനങ്ങൾ റിപയർ ചെയ്യുന്ന കടയിൽ ജോലിക്ക് ചേർന്നു. അവിടെ പതിനഞ്ചോളം ജോലിക്കാരുണ്ടായിരുന്നു. രണ്ട് വർഷത്തോളം അവിടെ ജോലി ചെയ്തു. ഫുട്പാത്തിൽ കച്ചവടം ചെയ്തതടക്കം പിന്നീട് ചെയ്യാത്ത ജോലി ഒന്നുമില്ലെന്ന് തന്നെ പറയാം.

1991ൽ ചെന്നൈയില്‍ ജോലി ചെയ്തിരുന്ന കാലത്തായിരുന്നു ആദ്യമായി ഗൾഫ് ജോലിക്ക് ശ്രമിച്ചത്. ഗൾഫിലുണ്ടായിരുന്ന ഒരു ബന്ധു വീസ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് നാല് വർഷത്തിന് ശേഷം അതേ ബന്ധു വീണ്ടും വീസയ്ക്ക് ശ്രമം നടത്തി. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം പാസ്പോർട് കോപ്പിയും മറ്റു രേഖകളും അയച്ചുകൊടുത്തു. ഒരു ഫുഡ് സ്റ്റഫ് കമ്പനിയിലായിരുന്നു ജോലിക്ക് ശ്രമം നടത്തിയത്. വിമാന ടിക്കറ്റിനുള്ള പണമടക്കം സമാഹരിച്ചുവച്ചു. പുതിയ വസ്ത്രങ്ങളൊക്കെ വാങ്ങിച്ചു. വീസ കിട്ടിയ ഉടൻ തന്നെ കയറിപ്പോരാനായിരുന്നു ബന്ധു ആവശ്യപ്പെട്ടത്. ബന്ധുക്കളോടും കൂട്ടുകാരോടുമെല്ലാം നേരത്തെ തന്നെ യാത്ര പറഞ്ഞു. 1995 നവംബറിൽ വിമാനം കയറുമെന്നായിരുന്നു വിശ്വാസം.
പക്ഷേ, ആ വീസയും യാഥാർഥ്യമായില്ല. വീസ ലഭിക്കാത്തിനെക്കുറിച്ച് ബന്ധു അന്ന് എനിക്കൊരു കത്തെഴുതിയിരുന്നു. അത് ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആ കത്തിലെ വളരെ പ്രധാനപ്പെട്ട ഉള്ളടക്കം പുറത്തുവിടാൻ താത്പര്യമില്ല. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതോടെ ആകെ നിരാശനായി. പിന്നീട് പല ജോലികളും ചെയ്തു ആ നിരാശയിൽനിന്നൊക്കെ മുക്തനായി. ഇതിന് ഏറെ സഹായിച്ചത് നെന്മിനി നിസരി കലാ സാംസ്കാരികവേദിയുമായി ബന്ധപ്പെട്ട പ്രവർത്തനമാണ്. ഈ സംഘടനയിലെ കൂട്ടുകാരാണ് ശരിക്കും താങ്ങായി നിന്നത്. അവരെല്ലാം ചേർന്നായിരുന്നു രണ്ടാമതും എന്റെ ദുബായ് യാത്ര മുടങ്ങിയതിനെ തുടർന്ന് ഞങ്ങളുടെ റോഡിന് ദുബായ് റോഡ് എന്ന പേരിട്ടത്.
യഥാർഥത്തിൽ പ്രമോദ് തന്നെയായിരുന്നു ഈ നിർദേശം മുന്നോട്ടുവച്ചത്. എടാ, രണ്ടാമത് ശ്രമിച്ചിട്ടും എനിക്ക് യുഎഇയിലേയ്ക്ക് പോകാനായില്ല. ഏതായാലും ആ ഓർമയ്ക്ക് നമ്മുടെ റോഡിനെങ്കിലും ദുബായ് റോഡ് എന്ന് പേരിടാമെന്ന ആശയത്തോട് എല്ലാവരും യോജിച്ചു. ബാബു ചെല്ലേപ്പറമ്പിൽ, രാമകൃഷ്ണൻ, ഹരിദാസൻ, മലബാർ അനിൽ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകിയത്. ആദ്യം ഈ റോഡൊരു ചെറിയ ഇടവഴിയായിരുന്നു. പിന്നീട് നാട്ടിലെ ഒരു വ്യക്തി സ്വന്തം കീശയിൽ നിന്ന് കാശ് മുടക്കി റോഡ് വെട്ടി. എങ്കിലും 700 മീറ്റർ മാത്രം നീളമുള്ള റോഡ് ടാർ ചെയ്തിട്ടൊന്നുമില്ലായിരുന്നു. 1996 ജനുവരിയിൽ സ്നേഹിതൻ അനിൽ കാക്കശ്ശേരി എന്റെ വീട്ടിലിരുന്ന് ചെറിയൊരു തകിടിൽ വെള്ള പെയിന്റടിച്ച് അതിൽ പച്ച നിറത്തിൽ ദുബായ് റോഡ് എന്നെഴുതി റെയിൽവേ ഗേറ്റിനോട് ചേർന്ന് റോഡ് ആരംഭിക്കുന്ന സ്ഥലത്തെ ടെലിഫോൺ പോസ്റ്റിൽ തൂക്കി. അങ്ങനെ നാളുകൾ കഴിയവേ ആ റോഡ് പ്രശസ്തമായി. പക്ഷേ, അതിന് പിന്നിലെ ഈ കഥ പലർക്കും ഇപ്പോഴുമറിയില്ലെന്ന് പ്രമോദ് പറയുന്നു.

∙ അറിയാത്ത ബിസിനസ് ചെയ്ത് വൻ തുക നഷ്ടമായി
തുടർന്ന് ഗുരുവായൂരിൽ സിഡി–ഡിവിഡി കട തുടങ്ങി. ജീവിതം മുന്നോട്ടുപോകവേ, 2007 ഫെബ്രുവരി 11ന് 37–ാം വയസ്സിൽ വിവാഹിതനായി. 2008 ഒക്ടോബറിൽ ആര്യ മോൾ ജനിച്ചു. ഭാര്യക്ക് ഒരു കമ്പനിയിൽ ജോലിയുണ്ടായിരുന്നെങ്കിലും ഒരു പെട്ടി ഓട്ടോ റിക്ഷയെടുത്ത് ഓടിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം അറിയാൻ പാടില്ലാത്ത ബിസിനസിലൊക്കെ ചെന്ന് ചാടി കുറേ പണം നഷ്ടമായി. അപ്പോഴേയ്ക്കും ഗൾഫ് മോഹം ഏതാണ്ട് അവസാനിച്ചിരുന്നു.
പാസ്പോർട്ട് പുതുക്കിയില്ല എന്ന് മാത്രമല്ല, അതെവിടെയാണെന്ന് കൂടി അറിയാമായിരുന്നില്ല. ഇനിയെന്ത് എന്ന പ്രതിസന്ധിയിൽ നിൽക്കവേയാണ് ആറ് വർഷം മുൻപ് യുഎഇയിൽ ചെന്നിരുന്ന അനുജൻ വീണ്ടും ഗൾഫ് മോഹമുണർത്തിയത്. ഒന്നുപിഴച്ചാൽ മൂന്നാണെന്നാണല്ലോ പറയാറ്, അങ്ങനെ മൂന്നാമത്തെ ശ്രമം വിജയം കണ്ടു. 2017 സെപ്റ്റംബറിൽ ആദ്യമായി സ്വപ്നഭൂമിയിൽ കാലുകുത്തി. ഒരു കെട്ടിടത്തിന്റെ സൂപ്പർവൈസറായിട്ടാണ് ആദ്യത്തെ ജോലി. ആദ്യം കുറച്ച് ബുദ്ധിമുട്ടുകളനുഭവപ്പെട്ടിരുന്നെങ്കിലും മറ്റു പലരുടെയും നിർലോഭമായ സഹായം കൊണ്ട് എല്ലാം തരണം ചെയ്തു.
∙ പേര് ഉച്ചരിക്കാൻ പ്രയാസം; അറബി പുതിയ പേരിട്ടു: പീറ്റർ
അന്ന് മാനേജ്മെന്റിലുണ്ടായിരുന്ന നല്ലവനായ ഒരു അറബി എന്താണ് പേര് എന്ന് പ്രമോദിനോട് ചോദിച്ചു. പ്രമോദ് എന്ന ഉച്ചാരണം ശ്രമകരമായപ്പോൾ കുറച്ച് നേരം ആലോചിച്ച ശേഷം അറബി പറഞ്ഞു-ഇനിമുതൽ ഞാൻ നിന്നെ പീറ്റർ എന്നാണ് വിളിക്കുക. അതുകേട്ട് മറ്റുള്ളവരും പീറ്റർ എന്നണ് ഇപ്പോൾ പ്രമോദിനെ വിളിക്കുന്നത്. ആരെങ്കിലും പേര് ചോദിച്ചാൽ ആശയക്കുഴപ്പമുണ്ടാകാതിരിക്കാൻ പീറ്റർ എന്നാണ് പറയുക. സ്വന്തം പേര് തന്നെ മാഞ്ഞുപോകുന്ന അവസ്ഥയാണെങ്കിലും അതിൽ വിഷമിക്കാനൊന്നുമില്ലെന്ന് പ്രമോദിന്റെ അഭിപ്രായം.

1992ൽ പ്രമോദിന്റെ അച്ഛനും 2021ൽ അമ്മയും മരിച്ചു. അന്ന് കോവിഡ്19 കാലമായതിനാൽ അമ്മ മരിച്ചപ്പോൾ നാട്ടിലേക്ക് പോകാന്‍ കഴിയാത്തതിന്റെ സങ്കടം ഇപ്പോഴുമുണ്ട്. പിന്നീട് ഏപ്രിൽ 1ന് നാട്ടില്‍ ചെന്നു അമ്മയുടെ മരണാനന്തര ചടങ്ങുകളെല്ലാം പങ്കെടുത്തു. 2021 സെപ്റ്റംബറിലായിരുന്നു വീണ്ടും യുഎഇയിലെത്തിയത്. തുടർന്ന് പീറ്റർ എന്ന പേര് സമ്മാനിച്ച അറബി ടൂറിസം കമ്പനി തുടങ്ങുകയും അദ്ദേഹത്തോടൊപ്പം ചേരുകയും ചെയ്തു. ഇപ്പോഴും ഇതേ ജോലി തുടരുന്നു. അറബിയുടെ പ്രത്യേക സ്നേഹപരിലാളനത്തോടെ ദുബായ് റോഡിലെ പി.പി.പ്രമോദ് എന്ന പീറ്റർ പ്രമോദ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു; പ്രിയപ്പെട്ട നാടിന് നന്ദിയോടെ. ഫോൺ- +971 54 528 3208.