ആശങ്കയിൽ പ്രവാസികൾ, നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി; നിർദേശത്തിന് ബഹ്റൈൻ പാർലമെന്റിന്റെ അംഗീകാരം

Mail This Article
മനാമ∙ പ്രവാസി താമസക്കാർ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിർദേശത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകിയതിൽ ആശങ്കയോടെ പ്രവാസി സമൂഹം. നിർദേശം ശൂറാ കൗൺസിലിന്റെ പരിഗണനയിൽ.
ബിസിനസുകൾ അടക്കം സാമ്പത്തികമായി തകർന്നിരിക്കുന്ന ബഹ്റൈനിലെ പ്രവാസികൾക്ക് പുതിയ നികുതി സമ്പ്രദായം കനത്ത തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. ഒരു വർഷം മുൻപാണ് പാർലമെന്റിൽ ഇതു സംബന്ധിച്ച നിർദേശമുയർന്നത്. എന്നാൽ ശൂറ കൗൺസിൽ നിർദേശം നിരസിക്കുകയും ചെയ്തിരുന്നു. പിന്നീട് രണ്ടു ദിവസം മുൻപ് വിഷയം വീണ്ടും ചർച്ചയ്ക്ക് എത്തുകയും വോട്ടിനിടുകയും ചെയ്തു. തുടർന്ന് ഭൂരിഭാഗം പേരും അനുകൂലമായി വോട്ടു ചെയ്തതോെടെ നിർദേശം പാർലമെന്റ് അംഗീകരിക്കുകയായിരുന്നു. തുടർന്ന് നിർദേശം ശൂറാ കൗൺസിലിന്റെ അംഗീകാരത്തിനായി വിട്ടു.
ശൂറാ കൗൺസിൽ നിർദേശം വീണ്ടും നിരസിച്ചാൽ ദേശീയ അസംബ്ലിയുടെ സംയുക്ത സമ്മേളനത്തിൽ വോട്ടിനിടുകയാണ് പതിവ്. ഇതിൽ ഭൂരിപക്ഷം ലഭിച്ചാൽ ഭരണാധികാരികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകും. നികുതി നടപ്പിലായാൽ ലക്ഷക്കണക്കിന് പ്രവാസികളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ ഒരു വിഹിതം രാജ്യത്ത് നികുതിയിനത്തിൽ കുറയുന്നത് അവർക്ക് വലിയ തിരിച്ചടിയാകും.എന്നാൽ ബഹ്‌റൈനെ സംബന്ധിച്ച് എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ തന്നെ ദശ ലക്ഷക്കണക്കിന് വരുമാനം ഇതിൽ നിന്ന് തന്നെ വന്നുചേരുമെന്നാണ് പാർലമെന്റ് അംഗങ്ങൾ പറയുന്നത്.
അതേസമയം നികുതി സമ്പ്രദായം ഏർപ്പെടുത്തുന്നത് ഗുണത്തേക്കാൾ ദോഷകരമായി ഭവിക്കുമെന്നാണ് സാമ്പത്തിക കാര്യ സമിതി ചെയർമാൻ ഖാലിദ് അൽ മസ്‌കതിയുടെ അഭിപ്രായപ്പെട്ടത്. മറ്റ് ഇതരവരുമാനത്തെ ദോഷകരമായി ബാധിക്കാൻ സാധ്യത ഉണ്ടെന്നും നിയമാനുസൃതമല്ലാത്ത വഴികളിൽ പണം അയക്കാൻ തുടങ്ങുമെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിലേക്ക് അടക്കം നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..പണം മറ്റ് രാജ്യങ്ങളിലേക്ക് അയക്കുന്നത് സംബന്ധിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്‌റൈൻ നിരവധി ഉടമ്പടികളിൽ ഒപ്പ് വച്ചിട്ടുണ്ടെന്നും അത് ലംഘിക്കാനാവില്ലെന്നും സർക്കാർ പാർലമെന്റ് അംഗങ്ങൾക്ക് നേരത്തെ രേഖാമൂലം മറുപടിയും നൽകിയിരുന്നു. ഈ നീക്കം സമ്പദ്‌വ്യവസ്ഥയെയും പൊതുവെ സാമ്പത്തിക, വാണിജ്യ മേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു. .ലോകബാങ്കും രാജ്യാന്തര നാണയ നിധിയും, നിരവധി പഠനങ്ങളിൽ, നികുതി നടപ്പിലാക്കിയ രാജ്യങ്ങൾ കൈമാറ്റം നിയന്ത്രിക്കുന്നതിൽ പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അതേ സാഹചര്യം ഇവിടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു .
നിലവിൽ ബഹ്‌റൈൻ ദിനാറിന് രൂപയുമായുള്ള വിനിമയത്തിന് ഉയർന്ന നിരക്കാണ് ലഭിക്കുന്നത് അതുകൊണ്ട് തന്നെ ലോൺ അടക്കം ബാധ്യത ഉള്ള പ്രവാസികൾക്ക് നല്ലൊരവസരമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. നാട്ടിൽ അയക്കുന്ന പണത്തിന് നികുതി ഈടാക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറും എന്ന പ്രതീക്ഷയിലാണ് ബഹ്റൈനിലെ പ്രവാസികൾ.