'സ്റ്റോപ്പ് സൈൻ' ശ്രദ്ധിച്ചില്ല: യുഎസിൽ ഇന്ത്യൻ വിദ്യാർഥി ഓടിച്ച വാഹനം ട്രക്കിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

Mail This Article
മാസച്യുസിറ്റ്സ് ∙ യുഎസിലെ മാസച്യുസിറ്റ്സിലെ പ്ലിമൗത്ത് കൗണ്ടിയിലെ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ ഖൈരതാബാദ് സ്വദേശിയായ മുഹമ്മദ് വാജിദ് (28) ആണ് ജനുവരി 28ന് നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.
വാജിദ് ഓടിച്ചിരുന്ന വാഹനം ട്രക്കുമായി ഇടിച്ചായിരുന്നു അപകടം. യുവാവ് സ്റ്റോപ് സൈൻ ശ്രദ്ധിക്കാതെ പോയതാണ് അപകട കാരണം.
ട്രക്കിലേക്ക് ഇടിച്ചുകയറിയ വാഹനം രണ്ടായി പിളർന്നതായി അയോവ സ്റ്റേറ്റ് പട്രോൾ അറിയിച്ചു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷിക്കാഗോയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വാജിദ് അമേരിക്കയിലെ എൻആർഐ ന്യൂനപക്ഷ കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്നു. തെലങ്കാന കോൺഗ്രസ് സെക്രട്ടറി മുഹമ്മദ് ഷഹാബുദ്ദീൻ എക്‌സിൽ അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം വാജിദ് നിൽക്കുന്ന ചിത്രത്തോടെയാണ് അനുശോചനം പങ്കുവച്ചത്.