ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൽ ലയിക്കാൻ ഒരുങ്ങി ഒഐസിസി

Mail This Article
ലണ്ടൻ/ഡൽഹി ∙ കോൺഗ്രസിന്റെ പോഷക സംഘടനായ ഐഒസി (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്), കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) എന്നിവ തമ്മിൽ ലയിക്കും. ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ ഒഐസിസി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന എഐസിസി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുകെ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും യുഎസ് ഉൾപ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളിലും ഒഐസിസി ഘടകങ്ങൾ ഐഒസിയിൽ ലയിക്കാൻ തയ്യാറെടുക്കുന്നത്.
പ്രവാസികളായ കോൺഗ്രസ് അനുഭാവികൾക്കിടയിൽ ഒരൊറ്റ സംഘടന എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് ഈ നീക്കം. ഗൾഫ് രാജ്യങ്ങളിൽ കെപിസിസിയുടെ മേൽനോട്ടത്തിലാണ് ഒഐസിസി യൂണിറ്റുകൾ മലയാളികൾക്കിടയിൽ വ്യാപകമായുള്ളത്. എന്നാൽ യുഎസ്, യുകെ, ജർമനി, അയർലൻഡ് ഉൾപ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളിൽ ഐഒസിക്കാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പേരിൽ ചാപ്റ്റർ യൂണിറ്റുകൾ ഉള്ളത്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ ഇവിടങ്ങളിൽ സന്ദർശനത്തിന് എത്തുന്നതും ഐഒസിയുടെ ക്ഷണം സ്വീകരിച്ചാണ്. എന്നാൽ കെപിസിസി നേതാക്കൾ ഒഐസിസി പരിപാടികളിൽ മാത്രം പങ്കെടുത്താണ് മടങ്ങുന്നത്.
ഇത് സാധാരണ പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടവരുത്തിയിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ ഒഐസിസി പ്രവർത്തങ്ങൾ നിർത്തി വയ്ക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കെപിസിസിക്ക് നിർദ്ദേശം നൽകിയത്. എഐസിസി പ്രസിഡന്റിന്റെ അനുവാദത്തോടെ ഇത്തരം ഒരു നിർദ്ദേശം നൽകിയതിന് ഐഒസിയുടെ ഗ്ലോബൽ ചെയർമാൻ സാം പിത്രോദ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് നന്ദി അറിയിച്ചു. ഒഐസിസിക്ക് വിവിധ രാജ്യങ്ങളിലെ ഐഒസി കേരള ചാപ്റ്ററുകളുമായി ലയനം നടത്തി പ്രവർത്തനം തുടരാവുന്നതാണെന്നും സാം പിത്രോദ അറിയിച്ചു.
ലയന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഒരു ഏകോപന സമിതിയേയും പ്രഖ്യാപിച്ചിട്ടുണ്ട്. ലയന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകണമെന്ന് വിവിധ രാജ്യങ്ങളിലെ ഐഒസി ദേശീയ കമ്മിറ്റികൾക്ക് നിർദ്ദേശവും നൽകി. ജോർജ് എബ്രഹാം, മഹാദേവൻ വാഴശ്ശേരിൽ, ജോയി കൊച്ചാട്ട് എന്നിവരാണ് ഏകോപനസമിതി അംഗങ്ങൾ. ഇത് സംബന്ധിച്ച അറിയിപ്പിന്റെ പകർപ്പ് ഐഒസിയുടെ ഐഐസിസി സെക്രട്ടറി ഇൻചാർജ് ആരതി കൃഷ്ണൻ, ഐഒസി ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾ, ഏകോപന സമിതി അംഗങ്ങൾ, ഗ്ലോബൽ കമ്മിറ്റി കോഓർഡിനേറ്റർ അനുര മത്തായി എന്നിവർക്ക് സാം പിത്രോദ കൈമാറിയിട്ടുണ്ട്.