രണ്ടേക്കർ ഭൂമി ആശുപത്രിക്ക് നൽകി, ചുവപ്പുനാടയിൽ സ്വപ്നങ്ങൾ; പ്രവാസി വ്യവസായി വർഗീസ് കുര്യൻ പറയുന്നു

Mail This Article
മനാമ ∙ മലയോര മേഖലയായ ചിറ്റാറിനും ചുറ്റുപാടുമുള്ള പ്രദേശങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്ന ആധുനിക ആശുപത്രിക്ക് ചിറ്റാർ ടൗണിൽ രണ്ടേക്കർ ഭൂമി വിട്ടു നൽകിയ പ്രവാസി വ്യവസായി വർഗീസ് കുര്യൻ തൊട്ടടുത്ത് ഒരേക്കർ ഭൂമി വാട്ടർ അതോറിറ്റിക്കും സൗജന്യമായി നൽകിയിരിക്കുകയാണ്. ജന്മദേശത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രിയും ജലശുദ്ധീകരണ പ്ലാന്റും എത്തണമെന്ന് ആഗ്രഹിക്കുന്ന വർഗീസ് കുര്യന് പത്തനംതിട്ടയെക്കുറിച്ചും കേരളത്തെക്കുറിച്ചും സ്വപ്നങ്ങളേറെ. ബഹ്റൈൻ ആസ്ഥാനമായ അൽ നമൽ, വികെഎൽ ഗ്രൂപ്പു കമ്പനികളുടെ ചെയർമാനായ അദ്ദേഹം പത്തനംതിട്ടയിൽ ഇനിയും തുടങ്ങാൻ ആഗ്രഹിക്കുന്ന പദ്ധതികളെക്കുറിച്ച്, ചുവപ്പുനാടയിൽ കുടുങ്ങിയ സ്വപ്നങ്ങളെക്കുറിച്ചെല്ലാം സംസാരിക്കുകയാണ്.
ബഹ്റൈനിൽ ആയിരം കോടി ചെലവിൽ ഹൗസിങ് പ്രോജക്ടുകൾ പൂർത്തീകരിക്കുന്ന തിരക്കിലാണ് അദ്ദേഹം. അൽ നമൽ എന്ന കമ്പനിയുടെ പേരിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഉറുമ്പ് എന്നാണ് ആ അറബിക് പേരിന് അർഥം. സദാ സമയവും കർമനിരതരായിരിക്കുന്ന ഉറുമ്പുകൾക്ക് തങ്ങളുടെ ശരീര ഭാരത്തേക്കാൾ മൂന്നും നാലും മടങ്ങ് ഭാരം വഹിച്ചു പോകാൻ കഴിയും. തന്റെ ജീവിതത്തോട് താതാത്മ്യപ്പെടുത്താവുന്ന പേര്. എളിയ സാഹചര്യങ്ങളിൽ നിന്ന് കഠിനാധ്വാനം കൊണ്ടു വളർന്ന് ബഹ്റൈൻ രാജ്യത്തിന്റെ ആദരവും പ്രവാസിഭാരതീയ സമ്മാൻ ഉൾപ്പെടെയുള്ള ബഹുമതികളും സ്വന്തമാക്കിയ അദ്ദേഹം ജന്മനാടിന്റെ സ്നേഹാദരങ്ങളും ഏറ്റുവാങ്ങുകയാണ്.
? എന്തു കൊണ്ട് ആശുപത്രിക്ക് സ്ഥലം
മുൻപ് തന്നെ ഇവിടെ ആധുനിക ആശുപത്രി തുടങ്ങാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആശുപത്രി പണിയിച്ച് അതിന്റെ നടത്തിപ്പും കൂടി ഏറ്റെടുക്കാൻ പ്രയാസമാണ്. ഒരു പ്രസ്ഥാനം തുടങ്ങിയാൽ രാപകൽ അതിന്റെ കാര്യങ്ങളിൽ മുഴുകിയില്ലെങ്കിൽ വിജയിക്കില്ല. ഇപ്പോൾ ബഹ്റൈനിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ ആശുപത്രി നടത്തിപ്പ് ബുദ്ധിമുട്ടാകും. എംഎൽഎ ജിനേഷ് കുമാർ ഉൾപ്പെടെയുള്ളവർ മുന്നോട്ടു വന്നതോടെ സ്ഥലം സൗജന്യമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. സ്ഥലത്തുള്ളവർക്ക് മാത്രമല്ല ശബരിമല തീർഥാടകർക്കും ഏറെ പ്രയോജനപ്പെടുന്ന ആശുപത്രിയാകുമിത്. തന്നെയുമല്ല മുൻപു തന്നെ രോഗികൾക്കും മറ്റ് അശരണർക്കും എന്റെ മാതാപിതാക്കളുടെ പേരിലുള്ള വർഗീസ് ആൻഡ് തങ്കമ്മ വർഗീസ് ട്രസ്റ്റ് മുഖേന സഹായം ചെയ്യുന്നുണ്ട്. അവരിൽ പലരും തുടർ ചികിത്സയ്ക്കും മറ്റുമായി തിരുവനന്തപുരത്തും മറ്റും പോകുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയുള്ള പ്രയാസങ്ങൾ ഇനി എന്റെ നാട്ടിൽ ഉണ്ടാകരുതെന്ന ആഗ്രഹവുമാണ് ഇതിനു പിന്നിൽ. 250 തിൽ അധികം പേർക്ക് ജോലിയും ലഭിക്കും.
? ജല അതോറിറ്റിക്കും ഒരേക്കർ നൽകുന്നുണ്ടെന്ന് അറിയുന്നു
അതെ, നാട്ടിൽ ഒരു ശുദ്ധജല പ്ലാന്റ് വേണമെന്ന് ആഗ്രഹിക്കുന്നു. ജല അതോറിറ്റി അധികൃതർ ഈ ആവശ്യം ഉന്നയിച്ചപ്പോൾ സ്ഥലം നൽകാൻ തീരുമാനിക്കുകയായിരുന്നു. അതിന്റെയും ആധാരം ഉൾപ്പെടെയുള്ള നടപടികൾ കഴിഞ്ഞു.

? പത്തനംതിട്ടയിൽ സ്വന്തമായി പദ്ധതികൾ തുടങ്ങുമോ
ഏറ്റവും മനോഹരമായ പ്രദേശമാണ് ചിറ്റാർ. സീതത്തോട്, തണ്ണിത്തോടു തുടങ്ങിയ ഇവിടുള്ള എല്ലാം വിനോദസഞ്ചാരവികസനത്തിന് പറ്റിയ സ്ഥലങ്ങൾ. 22 കി.മീ അപ്പുറം ശബരിമലയുണ്ട്. നിലയ്ക്കലും ഏറെ ഭംഗിയും പ്രധാന്യവും ഉള്ള സ്ഥലമാണ്. ഇതിനെയെല്ലാം ബന്ധിപ്പിച്ച് ടൂറിസം പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. തീർഥാടക ടൂറിസം, ആയൂർവേദം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി നാടിന് പ്രയോജനകരമായ പ്രോജക്ടാണ് മനസ്സിലുള്ളത്.
? കേരളം പൊതുവേ നിക്ഷേപ സൗഹൃദമല്ലെന്ന പരാതിയുണ്ടല്ലോ
പത്തുവർഷമായി മുടങ്ങിക്കിടക്കുന്ന എന്റെ തന്നെ പദ്ധതികളുണ്ട്. കൊച്ചിയിൽ ഷോപ്പിങ് മാൾ, ഹോട്ടൽ സമുച്ചയങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി അഞ്ഞൂറു കോടിയുടെ പദ്ധതിയായിരുന്നു വിഭാവനം ചെയ്തിരുന്നത്. സർക്കാർ ചരടുകൾ മുറുകിയപ്പോൾ കോടതിയിൽ പോയി അനുമതി വാങ്ങേണ്ടി വന്നു. ആലപ്പുഴയിലും 200 കോടിയുടെ പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങിയിരിക്കുകയാണ്. പലപ്പോഴും മടുപ്പു തോന്നും. എങ്കിലും നാടിനു പ്രയോജനമുള്ള പദ്ധതിയാണല്ലോ ആശുപത്രിയും ശുദ്ധീകരണ പ്ലാന്റും എന്നതു കൊണ്ടാണ് വസ്തു വിട്ടുനൽകിയത്.
? ഗൾഫിൽ യുവാക്കളുടെ ജോലി സാധ്യത ഇനി എങ്ങനെ
കോവിഡ് കാരണം വിനോദസഞ്ചാര, യാത്രാ, ഹോട്ടൽ മേഖലകളെല്ലാം പ്രശ്നത്തിലാണ്. ലോകം മുഴുവനുള്ള പ്രശ്നമാണ്. കര കയറാൻ നാളുകൾ വേണ്ടിവരും. എന്നാൽ നമ്മുടെ നാട്ടിൽത്തന്നെ ഏറെ തൊഴിൽ സാധ്യതയുണ്ടെന്നതാണ് സത്യം. പ്രത്യേകിച്ച് വിവിധ ട്രേയ്ഡുകൾ പഠിച്ചവരെ കിട്ടാനില്ല. പ്ലമിങ്, വയറിങ്, മെയ്സൺ തുടങ്ങി ഒരു ജോലിക്കും ആളുകളില്ലല്ലൊ. ഇതേ ജോലിക്ക് ഗൾഫിൽ പകുതി ശമ്പളത്തിന് മലയാളികൾ ജോലി ചെയ്യുന്നത് കാണാറുണ്ട്. ആ സ്ഥിതി മാറണം. ഐടിഐ പോലുള്ള തൊഴിൽ അധിഷ്ഠിത കോഴ്സുകൾ കൂടുതൽ വന്ന് യുവാക്കൾ അതു പഠിച്ച് നാട്ടിൽത്തന്നെ ജോലി ചെയ്യുന്ന സാഹചര്യം ഉണ്ടാകണം.