നീന്താനും കടൽ കാറ്റേറ്റ് ഉല്ലസിച്ച് ഇരിക്കാനും ഒബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസന പദ്ധതി

Mail This Article
ജിദ്ദ ∙ നവീകരണം നടത്തി വികസിപ്പിച്ച ജിദ്ദയിലെ സൗത്ത് ഒബ്ഹൂർ ബീച്ച് വാട്ടർ ഫ്രണ്ട് വികസന പദ്ധതി മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. ഇന്ന് (വ്യാഴം) മുതൽ പൊതുജനങ്ങൾക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും പുതുതായി വികസിപ്പിച്ച ബീച്ച് പ്രദേശത്തേക്ക് പ്രവേശിക്കാവുന്നതാണ്. 2.7 കിലോമീറ്റർ ദൈർഘ്യമുള്ള ബീച്ചും പരിസരവും 2,05,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ വികസനപദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് അനുബന്ധിച്ചുള്ള വികസന പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് വാട്ടർഫ്രണ്ട് വികസന പദ്ധതി. കടലോര നടപ്പാത, സൈക്കിൾ പാത, പൊതുജനങ്ങൾക്ക് ഉല്ലസിക്കാനുള്ള പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങൾ, പാർക്കിങ് ഇടങ്ങൾ, കുട്ടികൾക്കായി വിവിധ വിനോദ കളികൾ, കടൽപ്പാലം, പലതരം നിർമ്മിതികൾ, നീന്താനും ആസ്വദിക്കാനും കടൽ കാറ്റേറ്റ് ഉല്ലസിച്ച് ഇരിക്കാനായി മണൽപ്പരപ്പുള്ള ബീച്ചുകൾ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ വികസന പദ്ധതി ഒരുക്കിയിരിക്കുന്നത്. വൈദ്യുതി, വെളിച്ച സംവിധാനവും, മലിനജല നിർഗമന മാർഗ്ഗങ്ങളും, മഴവെള്ളം കെട്ടി നിൽക്കാതെ ഒഴിഞ്ഞു പോവുന്നതിനും വെള്ളക്കെട്ടുകളുണ്ടാകാതെ തടയുന്നതിനുമായി ഓടകളും ഡ്രെയിനേജ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും പൂർണമായും സജ്ജീകരിച്ചിരിക്കുന്നു. ബീച്ചിലെ എല്ലാ സ്ഥലങ്ങളെയും നിരീക്ഷിക്കാൻ സ്ഥാപിച്ചിരിക്കുന്ന അത്യന്താധുനിക കാമറകളിലൂടെ ഇവിടെയുള്ള കൺട്രോൾ റൂമിൽ മുഴുവൻ സമയവും സുരക്ഷാ നീരീക്ഷണവും ഉണ്ടാവും.
ചെങ്കടൽ തീരത്തെ പാതയാത്രക്കാർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമായി ആകർഷമായ നല്ല സമുദ്ര വിനോദസഞ്ചാര അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഹരിത ഇടങ്ങളുടെയും വിനോദകേന്ദ്രങ്ങളുടേയും പ്രതിശീർഷ വിഹിതം വർധിപ്പിക്കുന്നതിനുമായി ജിദ്ദ നഗരസഭ നടത്തുന്ന ഉദ്യമങ്ങളുടെ ഭാഗമായാണ് ഒബ്ഹൂർ ബീച്ച് വികസനം. ‘ബഹ്ജ പദ്ധതി’ എന്ന പേരിലുള്ള മറ്റൊരു പുത്തൻ പദ്ധതിയുടെ പ്രഖ്യാപനവും ഉത്ഘാടനത്തോടനുബന്ധിച്ച് നടന്നു. സൗദിയിലെ എല്ലാ നഗരങ്ങളിലും താമസിക്കുന്നവർക്കും അനുയോജ്യമായ ഒരു നഗര അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിടുകയാണ് ‘ബഹ്ജ പദ്ധതി’ കൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി പാർക്കുകളും പൊതു ഇടങ്ങളും സൃഷ്ടിക്കുന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്ത വർഷം 500 ലധികം പാർക്കുകളും 700 നഗര തെരുവുകളും പൊതു സ്‌ക്വയറുകളുമാണ് വികസിപ്പിക്കുന്നത്. പദ്ധതി പ്രകാരം 300 കിലോമീറ്റർ സൈക്കിൾ പാതകൾ, 400 കിലോമീറ്റർ കാൽ നടപാതകൾ, കുട്ടികൾക്ക് വേണ്ടിയുള്ള 500 ലധികം കളി സ്ഥലങ്ങൾ, 300 ലധികം കായിക മൈതാനങ്ങൾ എന്നിവയും വികസിക്കുന്നുണ്ട്.