ADVERTISEMENT

ഷാർജ ∙ ഇത്തിഹാദ് റെയിൽവേ ശൃംഖലയുടെ ഭാഗമായി ഷാർജയിൽ പാസഞ്ചർ സ്റ്റേഷൻ നിർമാണം ആരംഭിക്കുകയാണെന്ന് ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. പ്രതിദിനം 14,000 യാത്രക്കാരെയാണ് ഷാർജ സ്റ്റേഷൻ പ്രതീക്ഷിക്കുന്നത്. ഷാർജയുടെ പ്രധാന മേഖലകളുമായി ബന്ധിപ്പിച്ചാകും ഇത്തിഹാദ് റെയിൽ കടന്നു പോവുക. 

ഏകദേശം 900 കിലോമീറ്ററാണ് ഇത്തിഹാദ് റെയിൽ. ഇത് രാജ്യത്തെ 11 നഗരങ്ങളെ ബന്ധിപ്പിക്കും. അൽ സിലയിൽ നിന്നു തുടങ്ങുന്ന ട്രെയിൻ ഫുജൈറ വരെ സഞ്ചരിക്കും. ‌അൽ റുവൈസ്, അൽ മിർഫ, ഫുജൈറ, ഷാർജ, അൽ ദായിദ്, അബുദാബി, ദുബായ് തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങൾ വഴി ട്രെയിൻ ഓടും. രാജ്യത്തെ ഒരു എമിറേറ്റിൽ നിന്ന് അടുത്ത എമിറേറ്റിലേക്കുള്ള യാത്ര നിലവിൽ റോഡ് മാർഗമാണ്. ദുബായ് - ഷാർജ റൂട്ടിലെ ഫെറി സർവീസ് ഒഴിച്ചു നിർത്തിയാൽ മറ്റെല്ലാ യാത്രകളും റോഡ് മാർഗമാണ്. 

അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളെ ട്രെയിൻ വഴി ബന്ധിപ്പിച്ചാൽ അത് യാത്രാ സമയത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരും. ഷാർജയിൽ താമസിച്ചു ദുബായിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിനു പ്രവാസികൾക്ക്  തീരുമാനം ഗുണകരമാകും. റോഡിൽ മണിക്കൂറുകൾ ചെലവഴിക്കുന്നവർക്ക് മിനിറ്റുകൾക്കകം ലക്ഷ്യത്തിലെത്താനാകും.

ഇത്തിഹാദ് റെയിൽ ട്രാക്ക് പാസഞ്ചർ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് ഷാർജ ഭരണാധികാരി സാക്ഷിയായി. ചിത്രം: വാം.
ഇത്തിഹാദ് റെയിൽ ട്രാക്ക് പാസഞ്ചർ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് ഷാർജ ഭരണാധികാരി സാക്ഷിയായി. ചിത്രം: വാം.

∙ പ്രവാസികളുടെ പാർപ്പിട മുൻഗണന മാറും 
എമിറേറ്റിലെ പാർപ്പിട മേഖലകളെ റെയിൽവേ ലൈൻ പരസ്പരം ബന്ധിപ്പിക്കും. ദുബായിയെ നോർത്തേൺ എമിറ്റേറ്റ്സുമായി ഷാർജ ലൈൻ ബന്ധിപ്പിക്കുമെന്ന് ഇത്തിഹാദ് റെയിൽ കമ്പനി ചെയർമാൻ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഷാർജയിൽ താമസിക്കുന്നവർക്ക് രാജ്യത്തിന്റെ വിവിധ എമിറേറ്റുകളുമായി റെയിൽ വഴി അതിവേഗം ബന്ധപ്പെടാം.

 ഗതാഗതക്കുരുക്കിൽ വലയുന്നവർക്ക് ഏറ്റവും ആശ്വാസകരമാണിത്. ഷാർജയിലെ യൂണിവേഴ്സിറ്റികൾക്ക് സമീപമാണ് റെയിൽവേ സ്റ്റേഷൻ. രാജ്യത്തെ വിദ്യാർഥികളെ ഒന്നാകെ ഷാർജ യൂണിവേഴ്സിറ്റിയുമായി ബന്ധിപ്പിക്കാൻ ഇത്തിഹാദ് റെയിലിനു സാധിക്കും. ഷാർജയിലും ഫുജൈറയിലും താമസിക്കുന്നവർക്ക് അതിവേഗം ദുബായിലും അബുദാബിയിലും ട്രെയിൻ വഴി എത്താം. ഇത് പ്രവാസികളുടെ പാർപ്പിട മുൻഗണനകളെ മാറ്റിമറിക്കും.

English Summary:

Sharjah to Build Passenger Station for Etihad Rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com