ബഹ്‌റൈനിൽ നിന്ന് വിദേശ തൊഴിലാളികൾ പണമയക്കുന്നതിൽ കുറവ്; കാരണങ്ങൾ ഇവ!
Mail This Article
മനാമ ∙ രാജ്യത്ത് നിന്ന് വിദേശ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് പണം അയക്കുന്നതിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇടിവ് വന്നതായി സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈനിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. 2024-ന്റെ ആദ്യ പാദത്തിൽ തന്നെ പണമയക്കുന്നതിൽ 2.1% കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.2023ൽ ഇതേ കാലയളവിൽ 235.6 ദശലക്ഷം ദിനാറായിരുന്നു വിദേശികൾ രാജ്യത്തു നിന്ന് അയച്ചതെങ്കിൽ ഇപ്പോൾ 230.7 ദശലക്ഷം ബഹ്‌റൈൻ ദിനാറാണ് അയച്ചിരിക്കുന്നത്.
വർധിച്ചുവരുന്ന വിദേശ തൊഴിലാളികളുടെ തൊഴിൽ സാഹചര്യത്തിൽ ഉണ്ടായ മാറ്റമാണ് ഈയൊരു കുറവ് വരാൻ കാരണമായി കണക്കാക്കുന്നത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽഎംആർഎ) സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2023 ഡിസംബർ അവസാനത്തോടെ ബഹ്‌റൈനിലെ വിദേശ തൊഴിലാളികളുടെ എണ്ണം 61.6 ലക്ഷ്യമായിരുന്നു. ഇതിൽ പ്രതിവർഷം 5.8ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തുന്നു. 2023 ലെ അവസാന പാദത്തിൽ വിദേശ തൊഴിലാളികൾക്കായി എൽഎംആർഎ മൊത്തം 45,000 പുതിയ തൊഴിൽ ലൈസൻസുകളാണ് നൽകിയിട്ടുള്ളത്. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.2% വർധിച്ചു.
പണമയക്കുന്നതിലുണ്ടായ ഇടിവിന് നിരവധി ഘടകങ്ങൾ ഉണ്ടായേക്കാമെന്ന് ബാങ്ക് വിലയിരുത്തുന്നു. ആഗോള സാമ്പത്തിക മാന്ദ്യം തന്നെയാണ് ഇതിൽ പ്രധാന കാരണമായി കണക്കാക്കുന്നത്. ബഹ്‌റൈനിലെ ജീവിതച്ചെലവ് കൂടിയതും ഇതിനൊരു കാരണമാകുന്നുണ്ട്. ശരാശരി പണമയക്കൽ നിരക്കുകൾ കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ സാന്നിധ്യം കൂടിയതും ഇത്തരം ഒരു കുറവിന് കാരണമായേക്കാം എന്നും സെൻട്രൽ ബാങ്ക് വിലയിരുത്തുന്നു.
2023-ന്റെ അവസാന പാദത്തിൽ നൽകിയ പുതിയ തൊഴിൽ ലൈസൻസുകളിൽ നാലിലൊന്ന് മേഖലയിലാണ് അനുവദിക്കപ്പെട്ടത്. ഏറ്റവും വലിയ തൊഴിൽ മേഖലയും കരാർ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടതാണ്. താരതമ്യേന ശമ്പളം കുറവുള്ള തൊഴിലാളികളാണ് കൂടുതൽ റിക്രൂട്ട് ചെയ്യപ്പെട്ടത് എന്നത് കൊണ്ടും പണമയക്കുന്നതിലെ ഇടിവിന് കാരണമായതായി സെൻട്രൽ ബാങ്ക് വിലയിരുത്തുന്നു.
എന്നിരുന്നാലും രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിൽ വിദേശ തൊഴിലാളികൾ വഹിക്കുന്നപങ്ക് നിർണായകമാണെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.