കോടീശ്വരന്മാരെ ആകർഷിച്ച് യുഎഇ; പ്രവചനം ശരിയായാൽ വർഷം 6000 പേർ എത്തും
Mail This Article
അബുദാബി∙ ആഗോള കോടീശ്വരന്മാരുടെ ലക്ഷ്യകേന്ദ്രമായി യുഎഇ മാറുന്നു. വർഷത്തിൽ 6000 പേർ വീതം 5 കൊല്ലത്തിനിടെ 30,000 കോടീശ്വരന്മാർ യുഎഇയിൽ എത്തുമെന്നാണ് റിപ്പോർട്ട്. സ്വിസ് ബാങ്ക് യുബിഎസ് പുറത്തുവിട്ട ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം ലോകത്ത് 10 ലക്ഷം ഡോളറിലേറെ ആസ്തിയുള്ള 2,02,201 കോടീശ്വരന്മാരുണ്ട്. 2028ഓടെ ഇത് 15% വർധിച്ച് 2,32,067 ആയി ഉയരുമെന്നാണ് സൂചന.
യുകെ, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ നിക്ഷേപം യുഎഇയിലേക്ക് എത്തുമെന്നാണ് പ്രവചനം. നികുതി ഇളവ്, ഗോൾഡൻ വീസ, ആഡംബര ജീവിതശൈലി, സുരക്ഷ, ലോകത്തിന്റെ ഏതു ഭാഗത്തേക്കും എളുപ്പത്തിൽ എത്താവുന്ന വിധം കണക്ടിവിറ്റി എന്നിവയാണ് യുഎഇയുടെ ആകർഷണം.
ഇന്ത്യ, മധ്യപൂർവദേശം, റഷ്യ, ആഫ്രിക്ക രാജ്യങ്ങളിൽനിന്ന് ഈ വർഷം 6700 കോടീശ്വരന്മാർ യുഎഇയിൽ എത്തുമെന്ന് നേരത്തെ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് സർവേയും പ്രവചിച്ചിരുന്നു. ജർമനി, ഹംഗറി, ഖത്തർ, സിംഗപ്പൂർ, സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, ചൈന, ഗ്രീസ്, നെതർലൻഡ്, യുകെ എന്നീ രാജ്യങ്ങളെക്കാൾ കോടീശ്വരൻമാരുടെ കുടിയേറ്റം യുഎഇയിലേക്കായിരിക്കും. തായ്‌വാൻ, തുർക്കി, കസാക്കിസ്ഥാൻ, ഇന്തൊനീഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളും കോടീശ്വരന്മാരെ ആകർഷിക്കുന്നതിൽ തൊട്ടുപിന്നിലുണ്ട്.