തമിഴ്നാട്ടിലെ ബുഹാരി ബിരിയാണി രുചിപ്പെരുമ ദുബായിൽ
Mail This Article
ദുബായ് ∙ തമിഴ്നാട്ടുകാർക്ക് ഏറെ പ്രിയങ്കരമായ ബുഹാരി ബിരിയാണി ഇനി ദുബായിലും. സ്വാതന്ത്ര്യാനന്തര മദ്രാസിൽ രുചിപ്പെരുമയുടെ പുതു ചരിതം തീർത്ത ബുഹാരി റസ്റ്ററന്റ് ഗ്രൂപ്പ് ഏഴരപ്പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി യുഎഇയിൽ സജീവമാകുന്നു. ഗൾഫിലും പുതിയ റസ്റ്ററന്റ് ചെയിൻ സ്ഥാപിക്കുകയാണ് ലക്ഷ്യം. ആദ്യ ഔട്ട്ലെറ്റ് ദുബായ് കരാമയിൽ കാലിക്കറ്റ് പാരഗണിനു പിറകുവശം വെള്ളിയാഴ്ച വൈകിട്ട് മുതൽ പ്രവർത്തനമാരംഭിക്കും.
1951ലാണ് ചെന്നൈയിലെ അന്ന മൗണ്ട് റോഡിൽ ആദ്യത്തെ ബുഹാരി ഹോട്ടൽ തുടങ്ങിയത്. പ്രീമിയർ ഡൈനിങ് ഡെസ്റ്റിനേഷൻ എന്നതിനൊപ്പം പാരമ്പര്യ പാചക വൈദഗ്ദ്യത്തിന്റെ കേന്ദ്രമായി ബുഹാരി പെട്ടെന്ന് ജനശ്രദ്ധ നേടി. ഏറ്റവും ആധുനികമായ സജ്ജീകരണങ്ങളോടെ ചെന്നൈയിലും തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളിളിലും പടർന്നു നിൽക്കുന്ന ബുഹാരി ഗൾഫിലും വലിയ സ്വീകാര്യത നേടുമെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ സി. എം. ഇർഫാൻ ബുഹാരി പറഞ്ഞു.
ചിക്കൻ 65 എന്ന ആശയത്തിന്റെ തുടക്കം ബുഹാരിയിൽ നിന്നാണെന്നും ബുഹാരി അവതരിപ്പിക്കുന്ന സ്പെഷ്യൽ ബിരിയാണിയും രാസപദാർഥങ്ങളിലും മറ്റു മായങ്ങളുമില്ലാത്ത വിവിധയിനം ഡിഷുകളും ഗൾഫിലെ തമിഴ്-സൗത്ത് ഇന്ത്യൻ ഭക്ഷണ പ്രേമികളെ ഏറെ ആകർഷിക്കുമെന്നും ഇർഫാൻ പറഞ്ഞു.
ചെന്നൈയിൽ മാത്രമായി 42 റസ്റ്ററന്റുകളാണ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്. 1921-ൽ ശ്രീലങ്കയിലാണ് ബുഹാരിയുടെ തുടക്കം. ചെന്നെ കേന്ദ്രമായി പ്രവർത്തിച്ചു തുടങ്ങിയ 75 വർഷത്തെ മികവുറ്റ പാരമ്പര്യവുമായാണ് ബുഹാരി ഗ്രൂപ്പ് ഗൾഫിൽ ചുവടുവയ്ക്കുന്നത്. ഈ വർഷം തന്നെ യുഎഇയിൽ മൂന്നു ഔട്‌ലറ്റുകൾ ആരംഭിക്കാനാണ് ഗ്രൂപ് ലക്ഷ്യമിടുന്നനത്. വാർത്താ സമ്മേളനത്തിൽ ചീഫ് ഫിനാൻഷ്യൽ ഓഫുസർ മുഹമ്മദ് സിറാജ്, സ്ട്രാറ്റജിക് പാർട്ണർ ഹബീബ് കോയ എന്നിവർ പങ്കെടുത്തു.