ഗാസ: മധ്യസ്ഥ ചർച്ചയ്ക്ക് ഇനിയില്ലെന്ന് ഖത്തർ; ദോഹയിൽനിന്ന് ഹമാസിനെ പുറത്താക്കാൻ യുഎസ്
Mail This Article
ജറുസലം ∙ ഗാസ വെടിനിർത്തൽ ചർച്ചയുടെ മധ്യസ്ഥതയിൽ നിന്ന് പിന്മാറുന്നുവെന്ന് ഖത്തർ പ്രഖ്യാപിച്ചു. പലവട്ടം ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണിത്. ദോഹയിലെ ഹമാസ് ഓഫിസ് അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും ഖത്തർ പറഞ്ഞു.
ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് അടച്ചുപൂട്ടാൻ ഖത്തറിനോട് യുഎസ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. യുഎസ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയും ബന്ദി മോചനവും ഹമാസ് തള്ളിയ സാഹചര്യത്തിലാണ് ദോഹയിൽ പലസ്തീൻ സംഘടനയുടെ സാന്നിധ്യം സ്വീകാര്യമല്ലെന്ന് സഖ്യകക്ഷിയായ ഖത്തറിനെ യുഎസ് അറിയിച്ചത്. ഇക്കാര്യം 10 ദിവസം മുൻപ് ഹമാസ് നേതാക്കളെ ഖത്തർ അറിയിച്ചെന്നാണ് റിപ്പോർട്ട്.
യുഎസ് അനുമതിയോടെയാണ് 2012 മുതൽ ദോഹയിൽ ഹമാസ് ഓഫിസ് പ്രവർത്തിക്കുന്നത്. ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിലെ ഹമാസ് കടന്നാക്രമണത്തിനു പിന്നാലെ ദോഹയിലെ ഹമാസ് സാന്നിധ്യം അവസാനിപ്പിക്കാൻ ഖത്തറിനുമേൽ യുഎസ് സമ്മർദമുണ്ടായിരുന്നു. എന്നാൽ സമാധാനചർച്ചകൾ സാധ്യമാക്കാൻ ഹമാസ് ഓഫിസ് തുടരേണ്ടത് ആവശ്യമാണെന്ന നിലപാടാണ് ഖത്തർ സ്വീകരിച്ചത്. നേതാക്കളെയെല്ലാം ഇസ്രയേൽ വധിച്ച സാഹചര്യത്തിൽ ഓഫിസ് പൂട്ടേണ്ടിവരുന്നത് പലസ്തീൻ സംഘടനയ്ക്കു കനത്ത തിരിച്ചടിയാകും.
ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണു ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ നടന്നുവന്നിരുന്നത്. കഴിഞ്ഞ മാസം പകുതിയോടെ ദോഹയിൽ നടന്ന അവസാന ചർച്ചയിൽ താൽക്കാലിക വെടിനിർത്തൽ ശുപാർശ ഹമാസ് തള്ളിയിരുന്നു. സ്ഥിരം വെടിനിർത്തലും ഗാസയിൽനിന്നു സൈന്യത്തിന്റെ പിന്മാറ്റവും വേണമെന്നാണ് ഹമാസ് ആവശ്യം. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപേ വെടിനിർത്തൽ പ്രഖ്യാപനം നടത്താനുള്ള യുഎസ് നീക്കം ഇതോടെ പൊളിയുകയും ചെയ്തു.
∙ ഗാസ ക്യാംപുകളിൽ ബോംബിങ്; ഒറ്റദിവസം 44 മരണം
ഗാസയിലെ അഭയാർഥി ക്യാംപുകളിൽ തുടരുന്ന ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 44 പലസ്തീൻകാർ കൊല്ലപ്പെട്ടു. അഭയാർഥികൂടാരങ്ങൾ നിറഞ്ഞ അൽ മവാസിയിലും ഗാസ സിറ്റിയിലെ തുഫായിലെ അഭയകേന്ദ്രമായ സ്കൂളിലും ജബാലിയയിലും കനത്ത ബോംബിങ് നടന്നു. ലബനനിലെ തീരപട്ടണമായ ടയറിൽ ബോംബാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. ബെയ്റൂട്ടിൽ ഡസനിലേറെ ബോംബാക്രമണങ്ങളിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നടിഞ്ഞു.
ഇസ്രയേൽ സൈന്യം വളഞ്ഞുവച്ച വടക്കൻ ഗാസയിലെ ജനങ്ങൾക്ക് ആഴ്ചകൾക്കുശേഷം ഇന്നലെ സൗജന്യഭക്ഷണവുമായി ട്രക്കുകളെത്തി. മേഖലയിലേക്കുള്ള ഭക്ഷണവിതരണം തടഞ്ഞതോടെ പതിനായിരങ്ങൾ പട്ടിണിയിലാണ്. ഭക്ഷണമായെത്തുന്ന 350 ട്രക്കുകളെങ്കിലും ദിവസവും വടക്കൻ ഗാസയിൽ പ്രവേശിപ്പിക്കണമെന്ന യുഎസ് നിർദേശം ഇസ്രയേൽ പാലിച്ചിരുന്നില്ല. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 43,552 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,02765 പേർക്കു പരുക്കേറ്റു. ലബനനിൽ 3117പേർ കൊല്ലപ്പെട്ടു.