സൗദിയിൽ ഹൈഡ്രജൻ ബസ് പരീക്ഷണ ഓട്ടം തുടങ്ങി
Mail This Article
ദമാം ∙ സൗദി അറേബ്യയിലെ ആദ്യത്തെ ഹൈഡ്രജൻ ബസ് കിഴക്കൻ പ്രവിശ്യയിലെ ദമാം- അൽഹസ നഗരങ്ങളെ ബന്ധിപ്പിച്ച് പരീക്ഷണ ഓട്ടം തുടങ്ങി. അൽഹസ ഗവർണർ സൗദ് ബിൻ തലാൽ ബിൻ ബദർ രാജകുമാരൻ വ്യാഴാഴ്ചയാണ് പരീക്ഷണ ഓട്ടം ഉദ്ഘാടനം ചെയ്തത്.
359 കിലോമീറ്റർ ദൂരത്തിൽ ദിവസേന സർവീസ് നടത്താനാണ് പദ്ധതി. ഒറ്റ ചാർജിൽ 635 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ബസിൽ 45 പേർക്ക് യാത്ര ചെയ്യാം. തെക്കൻ ഇളവ് മേഖലയിലെ സാറ്റ്‌കോയാണ് സർവീസ് നടത്തുക.
ഗതാഗത വൈസ് മന്ത്രിയും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) ആക്ടിങ് പ്രസിഡന്റുമായ ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ് ചടങ്ങിൽ പങ്കെടുത്തു. ഹൈഡ്രജൻ ബസുകളുടെ പ്രവർത്തനം, ഇന്ധനം നിറയ്ക്കൽ, സുരക്ഷാ മാനദണ്ഡങ്ങൾ, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ തുടങ്ങിയവയെക്കുറിച്ചുള്ള വിഡിയോയും പ്രദർശിപ്പിച്ചു.
സൗദി വിഷൻ 2030ന്‍റെ ഭാഗമായാണ് പദ്ധതിയെന്ന് സൗദ് രാജകുമാരൻ പറഞ്ഞു. പരിസ്ഥിതി സുസ്ഥിരതയ്ക്കും സാങ്കേതികവിദ്യകൾക്കും ഊന്നൽ നൽകുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ-റുമൈഹ് പറഞ്ഞു.
അൽ മജ്ദൂയി-ഹ്യുണ്ടായ് ആണ് ബസ് നിർമാതാക്കൾ. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ടിജിഎയുടെ നൂതന പദ്ധതികളുടെ ഭാഗമാണിത്. ഹൈഡ്രജൻ ട്രെയിനിനും ടാക്സിക്കും അനുമതി നൽകിയിരുന്നു.