റമസാൻ ഒരുക്കങ്ങളിലേക്ക് ജിസിസി രാജ്യങ്ങൾ

Mail This Article
അബുദാബി ∙ ഈ വർഷത്തെ റമസാൻ വ്രതാനുഷ്ഠാനം ആരംഭിക്കാൻ ഒരു മാസം ശേഷിക്കെ തയാറെടുപ്പുകൾ സജീവമാക്കി യുഎഇ. മാർച്ച് ഒന്നിനാകും വ്രതാരംഭം എന്നാണ് സൂചന. ഇന്നലെ മാസപ്പിറവി ദൃശ്യമായതനുസരിച്ച് ഇന്ന് ശഅബാൻ ഒന്നായിരിക്കുമെന്ന് യുഎഇ ഇന്റർനാഷനൽ അസ്ട്രോണമി സെന്റർ അറിയിച്ചു. ഇതനുസരിച്ച് ഫെബ്രുവരി 28ന് (ശഅബാൻ 29) റമസാൻ മാസപ്പിറവി കാണുമെന്നും മാർച്ച് ഒന്നിന് വ്രതം തുടങ്ങാനാകുമെന്നും സൂചിപ്പിച്ചു.
റമസാൻ വിളിപ്പാടകലെ എത്തിയതോടെ ജിസിസി രാജ്യങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി. ആരാധനാലയങ്ങൾ പെയ്ന്റ് ചെയ്തും അറ്റകുറ്റപ്പണികൾ നടത്തിയും കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളുംവിധം സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന തിരക്കിലാണ്. ഇതോടൊപ്പം റമസാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹിനും പ്രബോധനങ്ങൾക്കും പ്രഭാഷണത്തിനുമായി വിദേശ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതരെ രാജ്യത്ത് എത്തിക്കുന്നതിനുള്ള നടപടികൾ സജീവമാക്കി.
ആരാധനാലയങ്ങളിലും പ്രത്യേക കൂടാരങ്ങൾ ഒരുക്കിയും റമസാനിൽ സമൂഹ നോമ്പുതുറ (ഇഫ്താർ) ഒരുക്കുന്നതും പതിവാണ്. കർശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇഫ്താർ സംഗമം നടത്തുക. മതകാര്യവകുപ്പിന്റെയും അംഗീകൃത ജീവകാരുണ്യ സംഘടനകളുടെയും നേതൃത്വത്തിൽ ഇഫ്താർ വിഭവങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. മുൻകാലങ്ങളിൽ രാജ്യത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിന് ഭക്ഷണം വിതരണം ചെയ്തിരുന്നത് ഇത്തവണയും തുടരും.