4 ദിവസം, 60000 പേർ, നാനൂറിലേറെ രാഷ്ട്രത്തലവന്മാർ; ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ തുടക്കം

Mail This Article
ദുബായ് ∙ ലോക നേതാക്കൾ സംഗമിക്കുന്ന 12-ാമത് ലോക സർക്കാർ ഉച്ചകോടിക്ക് ദുബായ് മദീനത് ജുമൈറയിൽ ഉജ്വല സമാരംഭം. 'ഭാവി ഭരണകൂടങ്ങളെ രൂപപ്പെടുത്തൽ' എന്ന പ്രമേയത്തിൽ ഈ മാസം 13 വരെ നടക്കുന്ന പരിപാടിയിൽ ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാജ്യാന്തര പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. 400 ലേറെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും 80ലേറെ സർക്കാർ പ്രതിനിധികളും ആഗോള വിദഗ്ധരും ഉൾപ്പെടെ 60,000 ത്തിലേറെ പ്രമുഖരാണ് ചതുർദിന പരിപാടിയിൽ പങ്കെടുക്കുന്നത്. പങ്കാളിത്തത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനമാണ് വർധന.
എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുമുള്ള പ്രതിനിധികൾ ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തുചേരലിനെ പ്രതിനിധീകരിക്കുന്നു. എല്ലാവർക്കും തുല്യ വികസനത്തിനായുള്ള സാമ്പത്തിക, സാമൂഹിക, ഗവൺമെന്റ് പുരോഗതി വളർത്തിയെടുക്കുന്നതിലൂടെ ലോകത്തെങ്ങുമുള്ള ഗവൺമെന്റുകളെ ഏകീകരിക്കുന്ന വേദിയാകുക എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യ, ആരോഗ്യം, മാധ്യമങ്ങൾ, വ്യോമയാനം, ഗതാഗതം, ടൂറിസം എന്നിവയുൾപ്പെടെ പ്രധാന ആഗോള മേഖലകളിൽ നിന്നുള്ള നേതാക്കൾ അവസരങ്ങൾ തിരിച്ചറിയുന്നതിനും അതത് മേഖലകളിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള നൂതന പരിഹാരങ്ങൾ വികസിപ്പിക്കാനായി ചർച്ചകളിൽ പങ്കെടുക്കും.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ദർശനത്തിലും മാർഗനിർദേശത്തിലും 12 വർഷമായി ലോകസർക്കാർ ഉച്ചകോടി ലോകത്തിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ഭരണകൂടങ്ങൾക്കായുള്ള ഫോറമായി മാറിയിട്ടുണ്ടെന്ന് യുഎഇ കാബിനറ്റ് കാര്യ മന്ത്രിയും ഡബ്ലിയുജിഎസ് ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖർഖാവി പറഞ്ഞു.

200ലധികം സെഷനുകളിലായി 21 ആഗോള ഫോറങ്ങൾ അജണ്ടയിൽ ഉൾപ്പെടുന്നു. ഇവയെ 300ലേറെ പ്രമുഖർ അഭിസംബോധന ചെയ്യും. 30 ലധികം മന്ത്രിതല യോഗങ്ങളിലും വട്ടമേശ സമ്മേളനങ്ങളിലും 400ലേറെ മന്ത്രിമാർ സംഗമിക്കും. ഉച്ചകോടിയുടെ രാജ്യാന്തര വിജ്ഞാന പങ്കാളികളുമായി ചേർന്ന് വികസിപ്പിച്ചെടുത്ത 30 റിപ്പോർട്ടുകളും പ്രകാശനം ചെയ്യും. ലോക സർക്കാർ ഉച്ചകോടി പ്രാദേശിക, രാജ്യാന്തര സംഘടനകൾക്ക് ഒരു പ്രധാന വേദിയായി മാറിയിരിക്കുന്നുവെന്ന് സംഘാടക സമിതി മാനേജിങ് ഡയറക്ടർ മുഹമ്മദ് യൂസഫ് അൽഷർഹാൻ പറഞ്ഞു.
പങ്കെടുക്കുന്ന ലോക നേതാക്കൾ
ഇന്തൊനീഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, കൊളംബിയ പ്രസിഡന്റ് ഗുസ്താവോ ഫ്രാൻസിസ്കോ പെട്രോ ഉറെഗോ, ഗ്വാട്ടിമാല പ്രസിഡന്റ് ബെർണാർഡോ അരേവാലോ, കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ്, അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനിയൻ, ഉഗാണ്ട പ്രധാനമന്ത്രി റോബിന നബ്ബഞ്ച, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, കെനിയ പ്രധാനമന്ത്രി മുസാലിയ മുദവാദി, ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദ്ബൈബെ, ബംഗ്ലാദേശിന്റെ ഇടക്കാല ഗവൺമെന്റിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് തുടങ്ങിയവർ.