ADVERTISEMENT

ദോഹ / ന്യൂഡൽഹി ∙ ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ഇടപാടുകൾ അടുത്ത 5 വർഷത്തിനുള്ളിൽ 28 ബില്യൻ ഡോളറായി (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉയർത്തും. നിലവിൽ 14.8 ബില്യൻ ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകൾ ചർച്ച ചെയ്യാനും ഇന്ത്യ സന്ദർശിക്കുന്ന ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.  

ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കലിനുള്ള കരാർ പുതുക്കുകയും ചെയ്തു. ഇതോടെ നിക്ഷേപകർക്കു സ്രോതസ്സിൽ മാത്രം നികുതി അടച്ചാൽ മതി. നിക്ഷേപകന്റെ രാജ്യത്തു നികുതിയടയ്ക്കണമെന്ന അധിക ബാധ്യതയുണ്ടാകില്ല. സാമ്പത്തിക രംഗത്തെ ഇടപെടലുകൾ മെച്ചപ്പെടുത്താനും ആർക്കൈവ്സ് മാനേജ്മെന്റ്, യുവജന പങ്കാളിത്തം, കായികരംഗം എന്നീ മേഖലകളിലും ധാരണാപത്രങ്ങൾ ഒപ്പിട്ടു.  

ഗൾഫ് കോഓപ്പറേഷൻ കൗൺസിലുമായി (ജിസിസി) ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് വിഭാഗം സെക്രട്ടറി അരുൺ കുമാർ ചാറ്റർജി അറിയിച്ചു. ഖത്തർ ഇൻവസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) ഇന്ത്യയിൽ ഓഫിസ് തുടങ്ങുമെന്ന തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.  

ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള വിഷയങ്ങളെ ഇരു രാജ്യത്തലവൻമാരും അപലപിച്ചു. ഉഭയകക്ഷി, ബഹുമുഖ സംവിധാനങ്ങളിലൂടെ ഇതിനെ നേരിടാനും തീരുമാനിച്ചു. ഇന്റലിജൻസ് കൈമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഖത്തർ അമീറിനു രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം ഒരുക്കിയിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും അമീർ കൂടിക്കാഴ്ച നടത്തി. ഖത്തറിലെ വിവിധ ബിസിനസ് മേഖലകളിൽ നിന്നുള്ള 38 പ്രതിനിധികളും ഔദ്യോഗിക സന്ദർശനത്തിന് എത്തിയിരുന്നു.

English Summary:

Trade between India and Qatar is set to increase to $28 billion (approximately Rs. 2.4 lakh crore) in the next 5 years.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com