കമ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളിൽ നുഴഞ്ഞുകയറാൻ കുവൈത്തിലെത്തി; സൈബർ ആക്രമണ പരമ്പരയ്ക്ക് ലക്ഷ്യമിട്ട് ചൈനീസ് സംഘാംഗം പിടിയിൽ

Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്തിൽ സൈബർ ആക്രമണ പരമ്പര ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ചൈനീസ് സംഘത്തിലെ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു. കഴിഞ്ഞ ആഴ്ചയാണ് ചൈനീസ് സൈബർ സംഘം പിടിയിലായത്. ഫർവാനിയയിൽ വച്ച് ഇവർ പിടിയിലായ ഉടൻതന്നെ മറ്റുള്ളവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
ഇങ്ങനെ കുവൈത്തിൽ നിന്നും കടന്നുകളഞ്ഞ ചൈനക്കാരനായ പ്രതിയെയാണ് കുവൈത്ത് സെക്യൂരിറ്റി വിഭാഗത്തിന്റെ നിർദ്ദേശാനുസരണം മറ്റൊരു ഗൾഫ് രാജ്യത്ത് നിന്ന് പിടിച്ചത്. പ്രതികളിൽ ഒരാൾ കുവൈത്തിൽ നിന്ന് ഗൾഫ് രാജ്യത്തേക്ക് കടന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ വിഭാഗങ്ങൾക്ക് കൈമാറിയിരുന്നു. ഇത് വഴി ഗൾഫ് രാജ്യങ്ങൾ വഴി പുറത്ത് പോകാതിരിക്കാനുള്ള നീക്കം തടഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കുവൈത്തിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ മുഖേന ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അപഹരിക്കുന്ന സംഘമാണ് പിടിയിലായത്. ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശങ്ങൾ അയച്ച് അതിലൂടെ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിൽ കടന്ന് പണം അപഹരിക്കുന്നതായിരുന്നു പ്രധാന രീതി. ടെലികമ്മ്യൂണിക്കേഷൻ കമ്പനികളും ബാങ്കുകളും തങ്ങളുടെ നെറ്റ്‌വർക്കുകളിൽ സൈബർ അറ്റാക്ക് നടക്കുന്നതായി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പ്രതിരോധ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.