'ഡബിളാ, ഡബിൾ': ഒരു കിലോ സ്വര്‍ണത്തിനും റേഞ്ച് റോവറിനും എന്താ വില..! ഖത്തർ പ്രവാസിയെ തേടി അബുദാബിയിൽ നിന്നെത്തിയ 'ഭാഗ്യദേവത'

Mail This Article
ദോഹ ∙ ലോട്ടറി അടിയ്ക്കണമെങ്കില്‍ ഭാഗ്യദേവത കടാക്ഷിക്കുക തന്നെ വേണം. ഇനി ലോട്ടറി അടിച്ചാലോ വേണ്ട വിധത്തില്‍ ചെലവാക്കിയില്ലെങ്കില്‍ ഭാഗ്യം 'ദുരുപയോഗം' ചെയ്തുവെന്നു തന്നെ പറയേണ്ടി വരും. ഗള്‍ഫിലെ സാധാരണക്കാരായ പ്രവാസികളില്‍ ഭൂരിഭാഗം പേരും അബുദാബി ബിഗ് ടിക്കറ്റില്‍ കണ്ണുംനട്ടിരിക്കുന്നവരാണ്. ഒറ്റയ്ക്കും സംഘം ചേര്‍ന്നും മാസവും ആഴ്ച തോറും ടിക്കറ്റ് എടുക്കുന്നവര്‍ ധാരാളം.
കടങ്ങള്‍ വീട്ടണം, വീടു വയ്ക്കണം, മക്കളുടെ വിവാഹം, പഠനം തുടങ്ങിയ പ്രാരാബ്ദങ്ങളെല്ലാം ലോട്ടറി തരുന്ന ഭാഗ്യം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സ്വപ്‌നം കാണുന്നവരാണ് എല്ലാവരും. പക്ഷേ ലോട്ടറി അടിച്ചിട്ടു കാര്യമില്ല. കയ്യില്‍ കിട്ടുന്ന പണം കൃത്യമായി വിനിയോഗിക്കാനും മിച്ചം വയ്ക്കാനും കഴിയണം. എങ്കിലേ ലോട്ടറി നല്‍കുന്ന ഭാഗ്യം ശരിയായി അനുഭവിക്കാനാകൂ.
ലോട്ടറിയിലൂടെ കിട്ടുന്ന പണത്തില്‍ അഹങ്കരിക്കാതെ ഭാഗ്യം നല്‍കിയതിന് ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടതെന്നാണ് ഖത്തര്‍ പ്രവാസിയായ കന്യാകുമാരി സ്വദേശി സുമന്‍ പറയുന്നത്. ലുലുവില്‍ സ്റ്റോര്‍ ഇന്‍ ചാര്‍ജ് ആയി ജോലി ചെയ്യുന്ന സുമന്‍ 15 വര്‍ഷമായി ഖത്തറിലാണ്. ഒരു തവണയെങ്കിലും ബിഗ് ടിക്കറ്റ് അടിയ്ക്കണമെന്ന് അതിയായി ആഗ്രഹിക്കാത്തവര്‍ ആരുമില്ല. ഒന്നല്ല, രണ്ടു തവണ അതും അടുത്തടുത്ത മാസങ്ങളില്‍ ബിഗ് ടിക്കറ്റ് അടിച്ച ഭാഗ്യവാന്മാരില്‍ ഒരാളാണ് സുമന്‍. സ്വന്തമായൊരു വീടെന്ന സുമന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ബിഗ് ടിക്കറ്റിലൂടെയാണ്.
∙ഭാഗ്യം വന്ന വഴി
കൂട്ടുകാരുമൊത്ത് പതിവായി ടിക്കറ്റെടുക്കുന്ന ശീലം സുമനുണ്ടായിരുന്നു. 2023 ജനുവരിയില്‍ ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വര്‍ണം ലഭിച്ച ഭാഗ്യവാന്മാരായിരുന്നു സുമനും കൂട്ടുകാരും. 20 പേര്‍ ചേര്‍ന്നാണ് അന്ന് ടിക്കറ്റെടുത്തത്. കിട്ടിയ ഭാഗ്യം തുല്യമായി വീതിച്ചപ്പോള്‍ ഏകദേശം അഞ്ചര ലക്ഷം ഇന്ത്യന്‍ രൂപയോളമാണ് കിട്ടിയത്. ആദ്യം തന്നെ ദൈവത്തോട് നന്ദി പറഞ്ഞു. വലിയ കടത്തിന്റെ ഒരു ഭാഗം തീര്‍ത്തു. വീടിന്റെ ലോണ്‍ കുറച്ച് അടച്ചു. ഇത്രയുമായപ്പോഴേക്കും പോക്കറ്റ് കാലിയായി. പക്ഷേ ലോണും കടങ്ങളും കുറച്ചെങ്കിലും തീര്‍ക്കാന്‍ പറ്റിയല്ലോ എന്ന ആശ്വാസവും സന്തോഷവും വലുതായിരുന്നെന്ന് സുമന്‍ പറയുന്നു.
സമ്മാനം അടിച്ചെങ്കിലും ടിക്കറ്റ് എടുക്കല്‍ നിര്‍ത്തിയില്ല. സുമന്റെ കഷ്ടപ്പാട് കണ്ടറിഞ്ഞിട്ടാകണം തൊട്ടടുത്ത മാസവും സുമനെയും കൂട്ടരേയും തേടി വീണ്ടും ഭാഗ്യ ദേവതയെത്തി. ഇത്തവണ സുമന്റെ പേരിലായിരുന്നു ടിക്കറ്റെടുത്തത്. 4 കൂട്ടുകാരും പങ്കാളികളായി. ഫെബ്രുവരിയിലെ വീക്കിലി ടിക്കറ്റില്‍ 2023 മോഡല്‍ റേഞ്ച് റോവര്‍ കാര്‍ ആണ് അടിച്ചത്. പിന്നെ ഒന്നും നോക്കിയില്ല. യുഎഇയിലെത്തി സമ്മാനമായി ലഭിച്ച കാര്‍ കമ്പനിക്ക് തന്നെ വിറ്റ് നാലു പേരും കൂടി പണം പങ്കിട്ടെടുത്തു. അപ്പോഴും സുമന്‍ ആദ്യം നന്ദി പറഞ്ഞത് ദൈവത്തോടാണ്. വീടിന്റെ ലോണും ബാക്കി കടങ്ങളും തീര്‍ത്തു. സ്വന്തമായി വീടില്ലെന്ന സുമന്റെ സങ്കടം ദൈവം പരിഹരിച്ചത് രണ്ടു തവണ ഭാഗ്യം നല്‍കിയാണ്.
രണ്ടു തവണയും ലഭിച്ച പണത്തില്‍ നിന്ന് ഒരു വിഹിതം പാവപ്പെട്ടവര്‍ക്കായി നീക്കി വയ്ക്കാന്‍ സുമന്‍ മടികാണിച്ചില്ല. ഒരുപാട് ചെയ്യാന്‍ പറ്റിയില്ലെങ്കിലും പറ്റുന്ന പോലെ സഹായിച്ചുവെന്ന് സുമന്‍ പറഞ്ഞു. സാധാരണ ലോട്ടറി അടിക്കുമ്പോൾ ബന്ധുക്കളും നാട്ടുകാരുമൊക്കെ കടം ചോദിക്കുന്ന പതിവ് സുമന് നേരിടേണ്ടി വന്നിരുന്നോ എന്ന ചോദ്യത്തിന് പണം ഉപയോഗിച്ച് കടം വീട്ടി വീട് സ്വന്തം പേരിലാക്കാനാണ് സഹോദരിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഉപദേശം. അത്രയ്ക്കും വലുതായിരുന്നു സുമന്റെ വീടെന്ന സ്വപ്‌നം നടന്നു കാണാനുള്ള അവരുടെ ആഗ്രഹം.
ഒരിടവേളയ്ക്ക് ശേഷം സുമന്‍ വീണ്ടും ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഇരട്ടപെണ്‍കുട്ടികളുടെ അച്ഛനാണ് സുമന്‍. ഇനിയും ടിക്കറ്റ് എടുക്കുന്നത് എന്തിനാണെന്ന് ചോദിച്ചാൽ സുമന് ഒരാഗ്രഹമേയുള്ളു–ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലെത്തിയത്. മക്കളായ നയനികയെയും നയനിഷയെയും അവരാഗ്രഹിക്കുന്ന പോലെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണം. താന്‍ സഹിച്ച കഷ്ടപ്പാടുകള്‍ മക്കള്‍ക്കും ഉണ്ടാകാന്‍ ഇടയാകരുതെന്ന ആഗ്രഹത്തോടെയാണ് സുമന്‍ വീണ്ടും ഭാഗ്യം പരീക്ഷിക്കുന്നത്. ഭാര്യ വിജിയും മക്കളും കന്യാകുമാരിയിലെ വീട്ടിലാണ്. സുമന്റെ ജീവിതത്തിന് താങ്ങും തണലും കരുത്തും ഇവരാണ്.
∙നന്ദി ദൈവത്തോട്
രണ്ടു തവണ ഭാഗ്യദേവത കടാക്ഷിച്ച സുമന്‍ പണം കൃത്യമായി വിനിയോഗിച്ചതിലൂടെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ ആളാണ്. ലോട്ടറി പണം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ തീര്‍ച്ചയായും സുമന്‍ നമുക്കൊരു മാതൃകയാണ്. 'കിട്ടുന്ന പണത്തില്‍ അഹങ്കരിക്കാതെ ദൈവത്തിനോട് നന്ദി പറയണം. കടങ്ങളുണ്ടെങ്കില്‍ അത് ഓരോന്നായി വീട്ടണം. അനാവശ്യമായി പണം കളയാതെ നോക്കണം. പറ്റുമെങ്കിൽ ഒരു പങ്ക് പാവപ്പെട്ടവര്‍ക്കും നൽകാൻ ശ്രമിക്കണം. നല്‍കിയ ഭാഗ്യത്തിന് നന്ദി പറഞ്ഞ് സന്തോഷത്തോടെ ജീവിക്കണം' - എന്നാണ് സുമന് പറയാനുള്ളത്.