ഇന്തോ അറബ് കൾചറൽ ഫെസ്റ്റിന് തുടക്കം

Mail This Article
അബുദാബി ∙ ഇന്ത്യയുടെയും യുഎഇയുടെയും സാംസ്കാരിക പൈതൃകം നിറഞ്ഞ വേദിയിൽ ഇന്തോ അറബ് കൾചറൽ ഫെസ്റ്റിന് ഉജ്വല തുടക്കം. അബുദാബി മലയാളി സമാജം സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളുടെയും കലാസാംസ്കാരിക പൈതൃകത്തിലേക്കു വെളിച്ചം വീശിയ പ്രദർശനവും യുഎഇയുടെയും ഇന്ത്യയുടെയും തനത് കലാവിരുന്നുകളും തനി നാടൻ ഭക്ഷണ സ്റ്റാളുകളും ഉദ്ഘാടന ദിനത്തെ സമ്പന്നമാക്കി. ആദ്യ ദിവസം തന്നെ വൻ ജനാവലി എത്തിയിരുന്നു.
അബ്ദുല്ല അഹ്മദ് അൽ മർസൂഖി, ഡോ. ഹുമൈദ് അൽ ഖിദ്ദി, സമാ അൽ മിൻഹ (അബുദാബി ഫുഡ് ആൻഡ് സേഫ്റ്റി അതോറിറ്റി), സെയ്ദ് അൽ ഖസ്റജി, അമാൽഖാനി (മനാസിൽ ഹോൾഡിങ്സ്), ആയിഷ അൽ ഷെഹി (കമ്യൂണിറ്റി പൊലീസ്), സമാജം രക്ഷാധികാരി ലൂയിസ് കുര്യാക്കോസ്, ടി.പി.അബൂബക്കർ (ലുലു റീജനൽ ഡയറക്ടർ),
അസിം ഉമ്മർ (ലുലു എക്സ്ചേഞ്ച്), ഡോ. ആൻ, ടി.എം.നിസാർ, യാസർ അറഫാത്ത്, ഗോപകുമാർ, ജാസിർ, സുരേഷ് പയ്യന്നൂർ, ഷാജഹാൻ തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങിൽ ഇൻഡൊ അറബ് കലാസൌഹൃദ പുരസ്കാരം വ്യവസായിയും നിർമാതാവും ജീവകാരുണ്യ പ്രവർത്തകരനുമായ ഫ്രാൻസിസ് ആന്റണിക്ക് സമ്മാനിച്ചു.
ഗായകരായ സയനോര ഫിലിപ്പ്, മസ്ന തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേളയ്ക്കൊപ്പെം ആടിയും പാടിയും പ്രവാസി മലയാളികൾ സാംസ്കാരികോത്സവത്തെ ആഘോഷമാക്കി. ഇന്തോ അറബ് ഫ്യൂഷൻ സംഗീത, നൃത്ത പരിപാടികളും കാണികളെ ആകർഷിച്ചു. ഇന്നു വൈകിട്ട് 5ന് നാൽപതോളം കലാകാരന്മാർ അണിനിരക്കുന്ന വാദ്യമേളം, നാടൻ പാട്ട്, അറബിക് നൃത്തം എന്നിവ അരങ്ങേറും. സമാപന ദിവസമായ നാളെ ഉറുമി ബാൻഡ് അവതരിപ്പിക്കുന്ന കലാവിരുന്നിനു പുറമെ ലേലം വിളിയും നറുക്കെടുപ്പും ഉണ്ടാകും.