സാഹോദര്യത്തിന്റെ ആഘോഷമേളം; പുണ്യം നുകർന്ന് യുഎഇ

Mail This Article
ദുബായ് ∙ വൈവിധ്യമാർന്ന പരിപാടികളുമായി രാജ്യമെങ്ങും ഈദ് ആഘോഷങ്ങൾ തുടങ്ങി. രാവിലെ 6.30ന് ആയിരുന്നു പ്രഭാതപ്രാർഥന. ആയിരക്കണക്കിന് ഈദ് ഗാഹുകൾ വിവിധ മേഖലകളിലായി നടന്നു.
മലയാളത്തിൽ അടക്കം വിദേശ ഭാഷകളിലും ഈദ് ഗാഹുകൾ ഒരുക്കിയിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന പരിപാടികളാണ് അരങ്ങേറിയത്. ഭരണാധികാരികൾ അബുദാബിയിൽ സംഗമിച്ച് പരസ്പരം ആശംസ നേർന്നു. രാജ്യപുരോഗതിക്കായി പ്രവർത്തിക്കുമെന്ന പ്രതിജ്ഞയും പുതുക്കി.
പ്രവാസികൾ അടക്കം രാജ്യത്തെ മുഴുവൻ ജനങ്ങളും ഈദ് പരിപാടികളിൽ പങ്കെടുത്തു. ഇന്നു മുതൽ 3 ദിവസം രാജ്യത്ത് പൊതു അവധിയാണ്. ബന്ധുവീടുകൾ സന്ദർശിച്ചും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു യാത്ര ചെയ്തും അവധി ദിവസം പ്രവാസികളും ആഘോഷമാക്കി. നാട്ടിലേക്കു യാത്ര പോയവരുമുണ്ട്. ഈ ദിവസങ്ങളിൽ വിമാന നിരക്കും ഗണ്യമായി വർധിച്ചു.
വിവിധ ലേബർ ക്യാംപുകളിലും ഈദ് നമസ്കാരം നടന്നു. ലേബർ ക്യാംപുകളിൽ കഴിയുന്നവർക്കായി ജിഡിആർഎഫ്എ നേരിട്ട് മെഗാ ഷോ ഒരുക്കി. വിവിധ ലേബർ ക്യാംപുകളിൽ ആരംഭിച്ച മെഗാ ഇവന്റുകളിൽ ബോളിവുഡ് താരങ്ങളാണ് മുഖ്യാതിഥികൾ.

പ്രാർഥനകളിൽ പങ്കെടുത്ത് ആശംസ നേർന്ന് പ്രസിഡന്റ്
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നടന്ന പ്രാർഥനാ ചടങ്ങുകളിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പടെയുള്ളവർ പ്രസിഡന്റിനൊപ്പം പ്രാർഥനകളിൽ പങ്കെടുത്തു. വിശ്വാസത്തിലും ആരാധനയിലും നീതിപുലർത്താനും സമൂഹത്തോടുള്ള കടമ നിർവഹിക്കാനും ഈദ് സന്ദേശത്തിൽ ഇസ്‌ലാമിക കാര്യ ജനറൽ അതോറിറ്റി ചെയർമാൻ ഡോ. ഒമർ ഹബ്ത്തൂർ അൽ ദാരി പറഞ്ഞു. മാതൃകാ സമൂഹം നീതിയിൽ അധിഷ്ഠിതമാണ്. പൂർവികരുടെ വിശ്വാസ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതാകണം ഈദ് ആഘോഷമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് വിശ്വാസികൾക്ക് ഈദ് ആശംസകൾ നേർന്നു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ആത്മശാന്തിക്കായുള്ള പ്രത്യേക പ്രാർഥനയിലും ഷെയ്ഖ് മുഹമ്മദ് പങ്കെടുത്തു.