ഒമാനില്‍ ചൂട് ഉയരുന്നു; താപനില 40 ഡിഗ്രിക്ക് മുകളിലെത്തി

Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം താപനില 40.1 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഹംറ അദ്ദൂറൂഅ് പ്രദേശത്താണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 40.1 ഡിഗ്രി രേഖപ്പെടുത്തിയത്.
ബുറൈമി, ഫഹൂദ് (39.6 ഡിഗ്രി), ഇബ്രി (39.0 ഡിഗ്രി), അല്‍ അവാബി, മുദൈബി, മഹ്ദ (38.4 ഡിഗ്രി), ജഅലാന്‍ ബനീ ബൂ ഹസന്‍, ബൗശര്‍ (38.3 ഡിഗ്രി), ഉമ്മ് അല്‍ സമാഇം (38.2 ഡിഗ്രി), സുവൈഖ് (38.0 ഡിഗ്രി) എന്നീ പ്രദേശങ്ങളാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില അനുഭവപ്പെട്ടത് സൈഖ്, ജഅ്‌ലൂനി, തുംറൈത്ത്, ഉമ്മ് അല്‍ സമാഇം, മഖ്ശിന്‍, അല്‍ മസ്‌യൂന, മര്‍മൂല്‍, ശാലിം, നിസ്‌വ, യങ്കല്‍, ശിനാസ് എന്നീ പ്രദേശങ്ങളിലായിരുന്നുവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ മാസം വരെ നല്ല തണുപ്പായിരുന്നു രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായിട്ടാണ് ഇത്രയും നീണ്ട തണുപ്പ് അനുഭവപ്പെടുന്നത്. എന്നാല്‍, ചൂട് കഠിനമാകാന്‍ ഇനിയും ആഴ്ചകളെടുക്കും. കഴിഞ്ഞ റസമാനില്‍ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഇത് വിശ്വാസികള്‍ക്ക് ആശ്വാസമായിരുന്നു.