ADVERTISEMENT

ദോഹ ∙ ഖത്തറിലെ മലയാളി സമൂഹത്തിന്റെ കയ്യടി നേടിയ   ‘ദേവദാസി’ എന്ന നാടകം സിനിമാറ്റിക് ഗ്രാഫിക് നോവലായി അവതരിപ്പിച്ച് ദോഹയിലെ ഒരുകൂട്ടം കലാകാരന്മാർ. കഴിഞ്ഞ വർഷം ഖത്തറിലെ എഫ് .എം  റേഡിയോ ചാനലായ  റേഡിയോ സുനോ നടത്തിയ  നാടക മത്സരത്തിൽ പങ്കെടുത്ത് മികച്ച സംവിധാനം ഉൾപ്പെടെ അനവധി പുരസ്കാരങ്ങൾ നേടിയ നാടകമാണ് ‘ദേവദാസി’. ലോകത്തിലെ തന്നെ ആദ്യ സിനിമാറ്റിക് ഗ്രാഫിക് നോവൽ എന്ന ബഹുമതി കൂടിയാണ് ദേവദാസി സ്വന്തമാക്കുന്നത്.  ദൃശ്യകലയുടെ ലോകത്ത് ഇതുവരെ ആരും നടത്താത്ത  പരീക്ഷണമാണ് ഖത്തറിലെ ഈ മലയാളി കലാകാരൻമാർ നടത്തിയത് .

പ്രജിത് രാമകൃഷ്ണന്റെ ‘ദേവദാസി’യാണ് ചിത്രങ്ങളിലൂടെ കഥ പറഞ്ഞുകൊണ്ട് കാഴ്ചക്കാരുടെ മുന്നിലെത്തുന്നത്. 5000ത്തിലേറെ ചിത്രങ്ങൾ സിനിമക്കായി എടുത്ത ശേഷം അവയിൽ നിന്നും കഥാപാത്രങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുത്താണ് സിനിമാറ്റിക് ഗ്രാഫിക് നോവൽ തയാറാക്കിയതെന്ന്  അണിയറ പ്രവർത്തകർ  ദോഹയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാടകത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി അവതരിപ്പിച്ച്, അവ ചിത്രങ്ങളാക്കി പകർത്താനുള്ള ശ്രമമാണ് നടത്തിയത്. ശബ്ദം നൽകിയവർ തന്നെ വേഷങ്ങളണിഞ്ഞ് ക്യാമറയ്ക്ക് മുൻപിലെത്തി. അവയെ പകർത്തിയ ശേഷം പശ്ചാത്തല ചിത്രങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്തോടെ പൂർത്തിയാക്കുകയായിരുന്നു.

ഭരതനാട്യം പഠിക്കാൻ താൽപര്യമുള്ള ആൺകുട്ടി  സഹോദരിയുടെ ഓൺലൈൻ ക്ലാസുകളിലൂടെ നൃത്തത്തിന് പിന്നാലെ കൂടുന്നതും ഇത് കുടുംബത്തിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങളുമെല്ലാമാണ്  ദേവദാസിയുടെ ഇതിവൃത്തം. കലയിൽ ലിംഗഭേദമില്ലെന്ന് സമൂഹത്തിന് സന്ദേശം നൽകുകയാണ് ദേവദാസിയെന്ന് അണിയറക്കാർ പറഞ്ഞു. ദോഹയിലെ 21 കലാകാരൻമാർ  അഭിനേതാക്കളായെത്തിയ  ദേവദാസി ആരജീത്ത് ക്രിയേഷൻസിനു കീഴിലാണ്  നിർമാണം പൂർത്തിയാക്കിയത്.  ആരതി പ്രജിത്, പ്രജിത് രാമകൃഷ്ണൻ, വിനോദ് കുമാർ എന്നിവർ രചന നിർവഹിച്ച കഥയുടെ സംവിധാനം നിർവഹിച്ചത് പ്രജിത് രാമകൃഷ്ണനാണ്.

devadasi-world-first-cinematic-graphic-novel-1
റേഡിയോ നാടകം ദേവദാസിയുടെ അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ശബ്ദനാടകമായി കേൾവിക്കാരിലെത്തി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ശേഷം എങ്ങനെ കൂടുതൽ പേരിലെത്തിക്കാമെന്ന ചിന്തയിൽ നിന്നാണ് പുതിയ പരീക്ഷണത്തിന് മുതിർന്നതെന്ന് പ്രജിത് രാമകൃഷ്ണൻ പറഞ്ഞു. കലാം വേൾഡ് റെക്കോഡിന്റെ ആദ്യ ഗ്രാഫിക് നോവൽ എന്ന നേട്ടവും ‘ദേവദാസി’യെ തേടിയെത്തിയതായി അണിയറ പ്രവർത്തകർ പറഞ്ഞു. വിഷ്ണുദേവ് സുരേഷ്, ആരതി പ്രജിത്, ആദ്യ പ്രജിത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമണിഞ്ഞു. ദോഹയിലെ നാടക, സാംസ്ക്കാരിക പ്രവർത്തകരായ കമലകുമാർ, സതീശൻ തട്ടത്, അടുത്തിടെ അന്തരിച്ച വസന്തൻ പൊന്നാനി, കെ.ആർ ജയരാജ്, ഡോ. സൂസദിമ സൂസൻ, അനുമോദ്, ഹിത അനുമോദ്, രതീഷ് കുമാർ, അനൂപ് മേനോൻ, ഗോപൽ റാവു, നിജി പത്മ ഘോഷ്, സിദ്ദിഖ് സിറാജ്, വിമൽകുമാർ മാണി എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. 31 മിനിറ്റിൽ പൂർത്തിയാക്കിയ ചിത്രം ഒരാഴ്ച മുൻപ് യൂ ട്യൂബ് വഴി റിലീസ് ചെയ്തതോടെ   80,000ത്തിലേറെ പേർ ഇതുവരെ  കണ്ടുകഴിഞ്ഞു .

English Summary:

Radio drama 'Devadasi' , the world's first cinematic graphic novel by Qatar Malayalees.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com