തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ തട്ടിയെടുത്ത് ‘വ്യാജന്മാർ’; മുൻപിൽ യുഎസിലെ ഈ മൂന്ന് സംസ്ഥാനങ്ങളിൽ അപേക്ഷകർ

Mail This Article
ന്യൂയോർക്ക്∙ കലിഫോർണിയ, ന്യൂയോർക്ക്, മാസച്യുസിറ്റ്‌സ് എന്നീ യുഎസ് സംസ്ഥാനങ്ങളിൽ തീവ്രവാദികളും ക്രിമിനൽ പശ്ചാത്തലമുള്ളവരും വ്യാജ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡിഒജിഇ) റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് എക്സിലൂടെ നടത്തിയ വെളിപ്പെടുത്തലിൽ 2000 മുതൽ 305 മില്യൻ ഡോളറിന്റെ ആനുകൂല്യങ്ങൾ വിതരണം ചെയ്തതായി പറയുന്നു.
കലിഫോർണിയയിൽ നിന്നുള്ള 68% പേർ പരോളിലിറങ്ങിയവരാണ്. ഇവർ സിബിപി തീവ്രവാദികളുടെയും ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയും പട്ടികയിലുള്ളവരാണ്. ഓരോ ഫെഡറൽ ഡിപ്പാർട്മെന്റ് ജീവനക്കാരുടെയും ഓഡിറ്റ് നടത്തിയാണ് ക്രിമിനൽ, തീവ്രവാദ ബന്ധം ഉള്ളവരെ കണ്ടെത്തുന്നത്. ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ തീവ്രവാദികളെയും ക്രിമിനലുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഡിഒജിഇ വിഭാഗം നിലനിർത്തി മുന്നോട്ടുപോകുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
∙താരിഫ് യുദ്ധം: ട്രംപ് - രാജ്യങ്ങൾ തമ്മിലുള്ള ചർച്ച അടുത്തയാഴ്ച
താരിഫ് പ്രഖ്യാപനങ്ങളിലൂടെ തിരിച്ചടി നേരിട്ടതിനു ശേഷം ട്രംപ് 75 രാഷ്ട്രങ്ങളുമായി അടുത്തയാഴ്ച ചർച്ച നടത്തും. അമേരിക്കയ്ക്ക് എന്തെല്ലാം നേടാനാകുമെന്ന ആഭ്യന്തര ചർച്ചയിലാണ് ട്രംപ് ഇപ്പോൾ. ചൈനയുമായുള്ള അടുത്ത നീക്കവും ആലോചിക്കുന്നു. അമേരിക്കയിൽനിന്നുള്ള ഇറക്കുമതിക്ക് 84% തീരുവ ചൈന പ്രഖ്യാപിച്ചു. ട്രംപിന്റെ താരിഫുകൾക്ക് 90 ദിവസത്തെ താൽക്കാലിക വിരാമം സ്റ്റോക്ക് മാർക്കറ്റിന് വലിയ ഉണർവ് നൽകുകയും ഓഹരി വിലകൾ വർധിക്കുകയും ചെയ്തു. ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച വലിയ തീരുവയ്ക്ക് പകരം ഈ ഇടവേളയിൽ 10% മാത്രമാണ് തീരുവകൾ.
'ഒരു ട്രാൻസിഷൻ കോസ്റ്റ് ഉണ്ടാകും, ട്രാൻസിഷൻ പ്രശ്നങ്ങളും ഉണ്ടാകും. അവസാനം എല്ലാം ശരിയാകും' എന്ന് ട്രംപ് കാബിനറ്റ് അംഗങ്ങളോട് പറഞ്ഞു. 15 രാഷ്ട്രങ്ങളിൽനിന്ന് അനുകൂലമായ നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് നാഷനൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസ്സറ്റ് പറഞ്ഞു. യുഎസ് ഗവൺമെന്റിന് 28.9 ട്രില്യൻ ഡോളർ കടമുണ്ട്. വീണ്ടും കടം നൽകാൻ പല സ്ഥാപനങ്ങളും മടിക്കുന്നു.
10 വർഷ യുഎസ് ട്രഷറി നോട്ടിന്റെ പലിശ നിരക്ക് 4.5% അടുത്ത് എത്തി. ഇത് കൂടുതൽ കടം നേടുന്നതിന് പ്രശ്നം സൃഷ്ടിക്കും. താരിഫുകളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് വാണിജ്യ രംഗത്തെ പ്രമുഖർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. കടത്തിന്റെ പലിശ ഉയരുമ്പോൾ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും ഉയരും. എസ്&പി 9.5% ഉയർന്ന ശേഷം 3.5% കുറഞ്ഞു. 10 വർഷ ട്രഷറി നോട്ടുകളുടെ പലിശ നിരക്ക് ഉയർന്നതായിരുന്നു കാരണം.
യൂറോപ്യൻ യൂണിയനിൽനിന്നും ജപ്പാനിൽനിന്നും സൗത്ത് കൊറിയയിൽനിന്നും വരുന്ന സാധനങ്ങൾക്ക് 20%, 24%, 25% എന്നിങ്ങനെ താരിഫ് ചുമത്തിയില്ലെങ്കിലും 10% ഉയർന്ന നിരക്കിൽ തുടരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. വാഹനങ്ങൾക്കും സ്റ്റീലിനും അലുമിനിയത്തിനും 25% ൽ ചർച്ച തുടങ്ങാനാവുമോ എന്നും സംശയമുണ്ട്. ഫാർമസ്യൂട്ടിക്കൽ ഡ്രഗ്സ്, ലംബർ, കോപ്പർ, കംപ്യൂട്ടർ ചിപ്സ് എന്നിവയുടെ താരിഫുകളിലും ഇരു വിഭാഗവും കടുംപിടുത്തം നടത്തും. കഴിഞ്ഞ വർഷം ചൈനയുമായുള്ള വ്യാപാരത്തിൽ അമേരിക്ക 295 ബില്യൻ ഡോളർ ചൈനയ്ക്ക് നൽകാനുണ്ടെന്ന് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. 1.2 ട്രില്യൻ ഡോളറിന്റെ കമ്മി എഴുതിത്തള്ളണമെന്ന് ട്രംപ് പറയുന്നു. തുടർന്നുള്ള വർഷങ്ങളിൽ അമേരിക്ക ഇറക്കുമതി ചെയ്യുന്ന അത്രയും തുകയുടെ സാധനങ്ങൾ ചൈനയിലേക്ക് അയയ്ക്കണമെന്നാണ് ട്രംപിന്റെ ഉദ്ദേശം.