ശരീരഭാരം ആരോഗ്യപരമായി കുറയ്ക്കണോ? ഈ 9 കാര്യങ്ങൾ നിങ്ങളെ ലക്ഷ്യത്തിലെത്തിക്കും
Mail This Article
ശരീരഭാരം കുറയ്ക്കാൻ വളരെയധികം കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലപ്പോഴും പാതിവഴിയിൽ ശ്രമങ്ങൾ ഉപേക്ഷിച്ച് പിന്തിരിയും. അതല്ലെങ്കിൽ തെറ്റായ രീതിയിലൂടെ ഭാരം കുറയ്ക്കും, എന്നാൽ ആ ഭാരം പോയതിനേക്കാൾ വേഗത്തിൽ തിരിച്ചു വരികയും ചെയ്യും. ശരിയായും ആരോഗ്യപരമായ രീതിയിലും ശരീരഭാരം കുറയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധക്കൂ;
1. ഭക്ഷണം നന്നായാൽ ആരോഗ്യം നന്ന്
നല്ല ഭക്ഷണരീതിയാണല്ലോ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ പ്രധാനി. പച്ചക്കറി, പഴങ്ങൾ, മുഴുധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ട്രാൻസ് ഫാറ്റ് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
2. എഴുതി വയ്ക്കാം
ആഹാരത്തിനും ശരീരഭാരത്തിനും വേണ്ടിയൊരു ഡയറി സൂക്ഷിക്കുന്നത് സഹായകരമാണ്. പലപ്പോഴും ആരോഗ്യകരമായ ജീവിതരീതി തുടങ്ങി വയ്ക്കാനല്ല, മറിച്ച് തുടർന്നു പോകാനാണ് ബുദ്ധിമുട്ട്. കൃത്യമായി മുന്നോട്ട് പോകുന്നതിനും സ്വയം വിലയിരുത്തലിനും എന്തൊക്കെ കഴിച്ചു, ഭാര വ്യത്യാസങ്ങൾ എന്നിവ രേഖപ്പെടുത്തി വയ്ക്കുന്നതിനും ഡയറി നല്ലതാണ്. ശരീരഭാരം ആഴ്ചയിലൊരിക്കൽ രേഖപ്പെടുത്തിയാൽ മതിയാകും
3. വ്യായാമം വേണം
എന്തെങ്കിലും രീതിയിൽ ദിവസവും ശരീരത്തിനു വ്യായാമം ലഭിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തോടെയിരിക്കുന്നതിനും അത്യാവശ്യമാണ്. മനസ്സിന്റെ ആരോഗ്യത്തിനും വ്യായാമം സഹായിക്കും. പതിയെ പതിയെ വ്യായാമം ചെയ്യുന്ന സമയവും കാഠിന്യവും കൂട്ടിയാൽ മതി. മിതമായ രീതിയിലാണെങ്കിലും കൃത്യമായി വ്യായമം ചെയ്താൽ ശരീരഭാരം കുറയുമെന്നതിൽ സംശയമില്ല. ജിമ്മിൽ പോയി വർക്ഔട്ട് ചെയ്യണമെന്നോ യോഗ ചെയ്യണമെന്നോ നിർബന്ധമില്ല. പടികൾ കയറുക, ഡാൻസ് ചെയ്യുക, കായിക വിനോദങ്ങളിൽ ഏര്‍പ്പെടുക തുടങ്ങിയവ ചെയ്താൽ മതിയാകും.
4. ലിക്വിഡ് കാലറി കുറയ്ക്കാം
പഞ്ചസാരയുടെ അളവ് കൂടുതലുള്ള പാനീയങ്ങൾ ദിവസവും കുടിക്കുന്നവരാണ് നിങ്ങളെങ്കിൽ ശരീരഭാരം കുറയാൻ ബുദ്ധിമുട്ടായിരിക്കും. സോഡ, ജ്യൂസ്, ചായ, കാപ്പി, മദ്യം എന്നിവ വിചാരിക്കുന്നതിലും കൂടുതൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കിയേക്കാം.
ഇതിനു പകരം, വെള്ളം, നാരങ്ങാ വെള്ളം എന്നിവ കുടിക്കുന്നത് നല്ലതാണ്. പലപ്പോഴും ശരീരത്തിൽ വെള്ളം ഇല്ലാത്ത അവസ്ഥയെ വിശപ്പായി തെറ്റിദ്ധരിച്ച് കൂടുതൽ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്, വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കുക.
5. അളന്ന് കഴിക്കാം
കാലറി കുറഞ്ഞ ഭക്ഷണമാണെങ്കിൽ പോലും അമിതമായി കഴിച്ചാൽ ശരീരഭാരം കൂടാൻ കാരണമാകും. അളവ് കപ്പുകളും, സെര്‍വിങ് സൈസും കണക്കിലെടുത്ത് ഭക്ഷണം കഴിച്ചാൽ അധികകാലറി അകത്തെത്താതിരിക്കും. സ്വാഭാവികമായും ശരീരഭാരം കൂടില്ല.
6. അറിഞ്ഞ് കഴിക്കുക
എപ്പോൾ, എന്തിന്, എത്ര, എങ്ങനെ, തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ധാരണയോടു കൂടി കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും. കയ്യിൽ കിട്ടുന്നതൊക്കെ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും വലിച്ചുവാരി കഴിക്കുന്നത് അപകടമാണ്. ആസ്വദിച്ച് സമയമെടുത്ത് വേണം ഭക്ഷണം കഴിക്കാൻ. ടിവി കണ്ടും പുസ്തകം വായിച്ചും ഭക്ഷണം കഴിച്ചാൽ എത്രത്തോളം കാലറിയാണ് അകത്തെത്തുന്നതെന്ന് അറിയില്ല, അതുകൊണ്ട് ഭക്ഷണത്തിനു മുന്നിലിരിക്കുമ്പോൾ ശ്രദ്ധ മറ്റൊന്നിലുമാകാതിരിക്കാന്‍ ശ്രമിക്കാം
7. പ്ലാനിങ് വേണം
ശരീരഭാരം കുറയ്ക്കണമെങ്കിൽ കൃത്യമായൊരു ഡയറ്റ് പ്ലാൻ ആവശ്യമാണ്. അടുത്ത ദിവസം എന്താണ് കഴിക്കേണ്ടതെന്ന് വ്യക്തമായി അറിയണം. അത് അനുസരിച്ച് വേണം സാധനങ്ങൾ വാങ്ങുന്നതും ഭക്ഷണം പാകം ചെയ്യേണ്ടതും. പെട്ടെന്നുള്ള തീരുമാനങ്ങൾ പലപ്പോഴും പുറത്ത് നിന്ന് കഴിക്കാൻ പ്രേരിപ്പിക്കുന്നവയായിരിക്കും.
8. പിന്തുണ തേടാം
എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുമ്പോൾ പലപ്പോഴും മടുപ്പ് അനുഭവപ്പെടാം. അതുകൊണ്ട് തന്നെ കൂടെ ആരെങ്കിലും ഉള്ളത് നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിലും ഒരു കൂട്ട് വേണം. വ്യായാമത്തിനു പോകുമ്പോൾ ഒരാളെ കൂടെക്കൂട്ടിയാൽ മടി കുറയാനുള്ള സാധ്യതയുണ്ട്. അത് ജീവിതപങ്കാളി ആകാം, സുഹൃത്തോ മാതാപിതാക്കളോ സഹോദരങ്ങളോ ആകാം. പലപ്പോഴും ഒരു ടീം ആയി വർക്ഔട്ട് ചെയ്യുന്നതും നല്ലതാണ്.
9. പോസിറ്റീവ്
പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ പെട്ടെന്നൊരു ഫലം കിട്ടണമെന്നില്ല. തുടർച്ചയായി ഡയറ്റും, വ്യായാമവും ശ്രദ്ധിക്കേണ്ടതുണ്ട്. കുറഞ്ഞ ദിവസംകൊണ്ട് ശരീരഭാരത്തിൽ വലിയ മാറ്റങ്ങളുണ്ടാകണമെന്നില്ല. ആ സമയങ്ങളിൽ പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകുന്നതിലാണ് കാര്യം.
ഇഷ്ടഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ