പേശിവലിവ്, ഒടിവ്; വ്യായാമത്തിനും കായികവിനോദത്തിനും ഇടയിൽ പരുക്ക് പറ്റിയാൽ എന്തു ചെയ്യണം?
Mail This Article
അവധിക്കാലത്താണ് കുട്ടികളിലും ചെറുപ്പക്കാരിലും ഏറ്റവും അധികം പരുക്കുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. വീടിനു പുറത്തുള്ള കായിക വിനോദങ്ങളിലും മറ്റു കളികളിലും ഏർപ്പെടുമ്പോള്‍ ഉണ്ടാകാനിടയുള്ള പരിക്കുകള്‍ (സ്പോർട്സ് ഇൻജുറീസ്) ഒഴിവാക്കാന്‍ മുന്കരുതല്‍ വേണം. വീഴ്ചയെ തുടർന്ന് അസ്ഥി, പേശികള്‍, ലിഗമെന്റ് എന്നിവയിലുണ്ടാകുന്ന പരുക്കുകളാണ് അധികവും. അമിതമായി വ്യായാമം ചെയ്യുന്നതും അസ്ഥി സംബന്ധമായ പരിക്കുകൾക്കു കാരണമാകും.
കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന സാധാരണ പരുക്കുകളിലൊന്നാണ് കാൽമുട്ട് തിരിയുന്ന അവസ്ഥ. മുട്ടിന് അകത്തുള്ള വാഷറുകള്‍, ലിഗമെന്റുകള്‍ എന്നിവയ്ക്ക് പരുക്കുണ്ടാകാനും സാധ്യതയേറെ. തോളിന് ഏൽക്കുന്ന പരുക്കുകളും അവധിക്കാലത്ത് സാധാരണമാണ്. വോളിബോള്‍, ടെന്നിസ്, ബാഡ്മിന്റണ്‍, ക്രിക്കറ്റ് എന്നീ കായിക വിനോദങ്ങളില്‍ ഏർപ്പെടുമ്പോള്‍ തോളിനു പരുക്കേൽക്കാന്‍ സാധ്യത കൂടുതലാണ്, കൈമുട്ടിനെ ബാധിക്കുന്ന ടെന്നീസ് എൽബോ എന്ന അവസ്ഥയും സംഭവിക്കാം. കൂടാതെ സ്ഥിരമായി ഓടുന്ന ആളുകളില്‍ സാധാരണ കണ്ടുവരുന്ന പരുക്കാണ് സ്ട്രെസ് ഫ്രാക്ചര്‍. ആർട്ടിഫിഷല്‍ ടർഫുകള്‍, കട്ടിയുള്ള പ്രതലം എന്നിവയില്‍ ഓടുമ്പോൾ സ്ട്രെസ് ഫ്രാക്ചര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ടെന്നിസ് എൽബോ, ആങ്കിള്‍ സ്പ്രെയിന്‍, കാലിന്റെ കുഴയ്ക്ക് ഏല്ക്കുന്ന പരുക്കുകള്‍, ഷിന്‍ സ്പ്ലിന്റ്സ് എന്നിവയും വ്യായാമം ചെയ്യുന്ന ആളുകളില്‍ സാധാരണ സംഭവിക്കുന്ന പരിക്കുകളാണ്.
പേശി വലിവ് (സ്പ്രെയിന്‍) ഓട്ടം, ചാട്ടം, എന്നിവ ആവശ്യമായി വരുന്ന കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പേശി വലിവിനു സാധ്യതയുണ്ട്. അമിത വ്യായാമവും പേശിവലിവിനു കാരണമാകും. കാലിന്റെ കുഴകള്‍, മുട്ട്, തോളെല്ല്, കൈകളിലെ കുഴ എന്നിവിടങ്ങളില്‍ വേദനയാണ് പ്രധാന ലക്ഷണം. വേദനയുള്ള ഭാഗത്തിന് ആവശ്യത്തിനു വിശ്രമം നല്കണം. അസഹ്യമായ വേദന അനുഭവപ്പെട്ടാല്‍ ചികിത്സ തേടാന്‍ മടിക്കരുത്.
എല്ലുകളുടെ സ്ഥാനഭ്രംശം (ഡിസ് ലൊക്കേഷന്‍) ചെറുപ്പക്കാരില്‍ (25 വയസ്സുവരെ) സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. സ്ഥിരമായി കായികക്ഷമത ആവശ്യമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനാലാണിത്. സ്ഥാനം തെറ്റിയ അസ്ഥികള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ വിദഗ്ധ ഓര്‍ത്തോപീഡിക് ഡോക്ടറുടെ സേവനം ആവശ്യമാണ്. എല്ലുകള്‍ സ്ഥാനം തെറ്റിയാല്‍ മൂന്നാഴ്ച വിശ്രമം ആവശ്യമാണ്. ചിലരിലെങ്കിലും അസ്ഥികള്‍ സ്ഥിരമായി സ്ഥാനം തെറ്റുന്ന അവസ്ഥയുണ്ട്. ഇതിന് താക്കോല്‍ദ്വാര ശസ്ത്രക്രിയ ഉൾപ്പെടെ ഒന്നിലധികം ചികിത്സകള്‍ ലഭ്യമാണ്. ഓടി വീഴ്ചയെ തുടര്‍ന്ന് എല്ലുകള്‍ ഒടിയുന്നതും പൊട്ടുന്നതും ചെറുപ്പക്കാരിലും, മുതിര്‍ന്നവരിലും സാധാരണമാണ്. ഒടിവോ പൊട്ടലോ സംഭവിച്ചാല്‍ പരുക്കേറ്റ ഭാഗം അനക്കം തട്ടാതെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കണം. പരുക്കിന്റെ കാഠിന്യം അനുസരിച്ച് ചികിത്സാരീതികളില്‍ വ്യത്യാസമുണ്ടാകും. ആറ് മുതല്‍ എട്ട് ആഴ്ച വരെ വിശ്രമം വേണ്ടിവരും. ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവരില്‍ ചെറിയ വീഴ്ചയില്‍ പോലും എല്ലുകള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ഓസ്റ്റിയോപൊറോസിസ് പോലെയുള്ള എല്ലുകളുടെ കട്ടി കുറയുന്ന രോഗാവസ്ഥയും അസ്ഥികള്‍ പൊട്ടാന്‍ കാരണമാകും. 50 വയസ്സ് പിന്നിട്ടവര്‍ കായിക വിനോദങ്ങളിലോ, വ്യായാമത്തിലോ ഏർപ്പെടുമ്പോള്‍ പ്രത്യേകം ശ്രദ്ധ പുലർത്തണം.
പരുക്കുകള്‍ ഒഴിവാക്കാം
കൃത്രിമമായി നിർമിച്ച ടർഫുകളില്‍ ഏറെ നേരം ഓടുന്നതും, കായിക വിനോദങ്ങളില്‍ ഏർപ്പെടുന്നതും പരമാവധി ഒഴിവാക്കണം. ഇത്തരം ടർഫുകളിലെ പ്രതലത്തിന് കട്ടി കൂടുതലായിരിക്കും. ഇത് ലിഗമെന്റ് പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ഇത്തരം പ്രതലങ്ങളില്‍ കളിക്കുന്നവര്‍ ഗുണനിലവാരമുള്ള ഷൂസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പുറത്തു കായിക വിനോദങ്ങളില്‍ ഏർപ്പെടുമ്പോഴും നിലവാരമുള്ള ഷൂസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കട്ടിയുള്ള പ്രതലത്തിലോ, ടാര്‍ ഇട്ട റോഡിലോ ദീർഘസമയം ഓടുന്നതും ഒഴിവാക്കണം.
ജിമ്മുകളിലും, കായിക പരിശീലന കേന്ദ്രങ്ങളിലും പരിശീലിക്കുന്നവർക്കും പരുക്കുകളുണ്ടാവാനുള്ള സാധ്യത ഏറെയാണ്. ശാരീരികക്ഷമത ആവശ്യമുള്ള കായിക വിനോദങ്ങളില്‍ വിദഗ്ധ പരിശീലകന്റെ സാന്നിധ്യത്തില്‍ മാത്രം ഏർപ്പെടുക. മുന്‍പ് പരുക്കുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടിയതിനു ശേഷം മാത്രമേ കഠിനമായ വ്യായാമത്തില്‍ ഏർപ്പെടാവൂ. പരുക്കിനെക്കുറിച്ച് ജിമ്മിലെ പരിശീലകനെയും മുൻകൂട്ടി അറിയിക്കണം. ക്ഷിണമോ, തളർച്ചയോ തോന്നുകയാണെങ്കില്‍ കഠിന വ്യായാമത്തില്‍ ഏർപ്പെടരുത്. ഭാരം ഉയർത്തേണ്ടി വരുന്ന കായിക ഇനങ്ങളില്‍ ഏർപ്പെടുമ്പോള്‍ പരിശീലകന്റെ സാന്നിധ്യം ഉറപ്പാക്കുക. വ്യായാമത്തിനു മുൻപും ശേഷവും പേശികള്‍ സ്ട്രെച്ച് ചെയ്യുന്നത് ശീലമാക്കണം. വ്യായാമത്തിനു ശേഷം പേശികള്‍ക്കും വിശ്രമം നൽകണം. കൂടാതെ പോഷകസമ്പുഷ്ടമായ ആഹാരവും ആവശ്യത്തിന് ഉറക്കവും ഉറപ്പാക്കണം.
ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങിയ കായിക വിനോദങ്ങളില്‍ ഏർപ്പെടുന്നവര്‍ സുരക്ഷാ കിറ്റുകള്‍ ധരിച്ചുവേണം പങ്കെടുക്കാന്‍. ഇത് പരുക്കുകള്‍ കുറയ്ക്കാന്‍ വലിയ പരിധി വരെ സഹായിക്കും.
വ്യായാമത്തിനോ, കായിക പരിശീലനത്തിനോ മുൻപും ശേഷവും സ്ട്രെച്ച് എക്സെസൈസുകള്‍ ചെയ്യേണ്ടത് പരുക്കുകള്‍ ഒഴിവാക്കാന്‍ അത്യാവശ്യമാണ്. കായികവിനോദങ്ങളില്‍ ഏർപ്പെടുന്നതിനു മുൻപ് വാംഅപ് വ്യായാമങ്ങള്‍ ശീലമാക്കണം. ഇതോടൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. ഭക്ഷണത്തില്‍ കൂടുതല്‍ പോഷകാഹാരങ്ങളും ഉൾപ്പെടുത്തണം. വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനിടെ പരുക്കേറ്റാല്‍ എത്രയും പെട്ടെന്ന് വിദഗ്ധനായ ഒരു ഓര്ത്തോപീഡിക് സര്ജന്റെ സഹായത്തോടെ ചികിത്സ ഉറപ്പാക്കണം.
(ലേഖകൻ സ്പോർട്സ് മെഡിസിൻ വിദഗ്ധനും ജോയിന്റ് റിപ്ലേസ്മെന്റ് സ്പെഷലിസ്റ്റുമാണ്)
കുടവയർ കുറയ്ക്കാൻ എളുപ്പവഴികൾ: വിഡിയോ