ADVERTISEMENT

പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. പോസ്റ്റ്പാർട്ടം ഡിപ്രഷൻ അത്ര അസാധാരണമല്ല. മിക്ക സ്ത്രീകൾക്കും പ്രസവത്തിനു ശേഷം ഏതാനും ദിവസത്തേക്ക് ' പോസ്റ്റ്പാർട്ടം ബ്ളൂസ് ' എന്ന വിഷാദം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇത് അതികഠിനമായ കാലഘട്ടമായിരിക്കും. പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ എന്ന ഈ അവസ്ഥയെ കുറിച്ച് നാം ഈയടുത്ത കാലത്താണ് കൂടുതല്‍ ബോധാവാന്മാരായത്. അതുവരെ ഇത് പ്രസവം കഴിഞ്ഞതിന്റെ ഭാഗമായായിരുന്നു പലരും കണ്ടിരുന്നത്‌. എന്നാല്‍ ഇന്ന് കൂടുതല്‍ സ്ത്രീകള്‍ ഇതിനെക്കുറിച്ച് ബോധാവതികള്‍ ആകുന്നുണ്ട്. പലരും തങ്ങളുടെ അനുഭവം തുറന്നു പറയുന്നുമുണ്ട്. ഇത്തരത്തില്‍ ഒരു തുറന്നുപറച്ചിലുമായി വന്നിരിക്കുകയാണ് ബോളിവുഡ് നടിയും ഹേമമാലിനിയുടെ മകളുമായ ഇഷാ ഡിയോള്‍.

കഴിഞ്ഞ ജൂണിലാണ് ഇഷ രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. മിറായ എന്ന പെണ്‍കുഞ്ഞിന്റെ ജനനശേഷം തനിക്ക് അതികഠിനമായ പോസ്റ്റ്പാർട്ടം ഡിപ്രഷൻ ബാധിച്ചിരുന്നെന്നു ഇഷ പറയുന്നു. വികാരങ്ങളുടെ റോളര്‍കോസ്റ്റര്‍ ഡ്രൈവ് ആയിരുന്നു അക്കാലം. രാധ്യ എന്ന ആദ്യത്തെ കുഞ്ഞിന്റെ ജനനസമയത്തും അതിനു ശേഷവും ഉണ്ടാകാത്തതരം വല്ലാത്ത മാനസികസംഘര്‍ഷങ്ങള്‍ ആയിരുന്നു രണ്ടാമത്തെ കുഞ്ഞുണ്ടായ ശേഷം ഉണ്ടായതെന്ന് ഇഷ പറയുന്നു. 

പ്രസവശേഷം ആളുകള്‍ സ്നേഹത്തോടെ പെരുമാറിയിട്ടും താന്‍ വല്ലാത്ത വിഷാദം അനുഭവിച്ചിരുന്നു. ഒറ്റയ്ക്ക് ഇരുന്നു കരയാന്‍ തോന്നുന്ന സ്ഥിതിയായിരുന്നു. അതിസുന്ദരിയായ ഒരു പെണ്‍കുഞ്ഞിനു താന്‍ രണ്ടാമതും ജന്മം നല്‍കിയതിന്റെ ഒരു സന്തോഷവും അപ്പോള്‍ അനുഭവിക്കാന്‍ തോന്നിയില്ലെന്നു ഇഷ പറയുന്നു. 

എന്നാല്‍ ആ സമയം തന്നിലെ മാറ്റം ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ ആള്‍ അമ്മ ഹേമമാലിനിയാണെന്ന് ഇഷ പറയുന്നു. 'എന്നിലെ മാറ്റം അമ്മ നന്നായി മനസിലാക്കി. ഇതൊക്കെ ഹോര്‍മോണുകളുടെ കളിയാണെന്ന് അമ്മ പറഞ്ഞു തന്നു. ആവശ്യം ഉള്ളപ്പോള്‍ എല്ലാം ചേര്‍ത്തു പിടിച്ചു'...അമ്മയെ താന്‍ കൂടുതല്‍ കൂടുതല്‍ ആ സമയം സ്നേഹിച്ചു പോയെന്നു ഇഷ പറയുന്നു.

അമ്മയുടെ നിര്‍ദേശപ്രകാരം ഹോര്‍മോണ്‍ ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ പ്രൊജസ്ട്രോണ്‍  ഹോര്‍മോണ്‍ വളരെ കൂടുതലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം വൈറ്റമിന്‍ ഗുളികകള്‍ കഴിച്ചു. എന്തായാലും ഒരുമാസം കൊണ്ട് താന്‍ പഴയ ഇഷയായെന്നു താരം പറയുന്നു. 

English Summary: Esha Deol opens up about postpartum depression

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com