കടുത്ത നിറത്തിലുള്ള മൂത്രം, വിശപ്പില്ലായ്മ; പിത്തനാളിയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്റെ ലക്ഷണങ്ങൾ ഇവ
Mail This Article
ദഹനപ്രക്രിയയെ സഹായിക്കാനായി നമ്മുടെ കരള്‍ ഉത്പാദിപ്പിക്കുന്ന ദ്രാവകമാണ് പിത്തരസം. കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ പകുതി നിരവധി നാളികളിലൂടെ ചെറുകുടലിലെത്തുകയും ശേഷിക്കുന്ന ഭാഗം ഗാല്‍ബ്ലാഡര്‍ അഥവാ പിത്താശയത്തില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുന്ന അവസരത്തില്‍ പിത്താശയം ഈ പിത്തരസത്തെ വീണ്ടും ചെറുകുടലിലെത്തിക്കുന്നു. പിത്താശയം, പിത്തനാളി എന്നിങ്ങനെ പിത്തരസത്തിന്റെ ഉത്പാദനവും ശേഖരണവും കൈമാറ്റവുമൊക്കെയായി ബന്ധപ്പെട്ട അവയവങ്ങളില്‍ വരുന്ന അര്‍ബുദമാണ് ബൈലിയറി ട്രാക്റ്റ് കാന്‍സര്‍.
കരളിനുള്ളിലോ പുറത്തോ ഉള്ള പിത്തനാളിയിലോ, പിത്താശയത്തിലോ, പിത്തനാളിയും പാന്‍ക്രിയാറ്റിക് നാളിയുമായി ബന്ധിപ്പിക്കുന്ന ആംപുള ഓഫ് വാറ്ററിലോ ഒക്കെ ബൈലിയറി ട്രാക്റ്റ് കാന്‍സര്‍ ആരംഭിക്കാം. ഇവിടെ നിന്ന് അര്‍ബുദം സമീപത്തെ രക്തധമനികളിലേക്കും ലിംഫ് നോഡുകളിലേക്കും മറ്റ് അവയവങ്ങളിലേക്കും പടരാനും സാധ്യതയുണ്ട്. അര്‍ബുദ വളര്‍ച്ചയുടെ വേഗം ഓരോ വ്യക്തിയിലും വ്യത്യസ്തമായ തോതിലാകാം.
ബൈലിയറി ട്രാക്റ്റ് അര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇത് കണ്ടെത്തുന്നതിനുള്ള രോഗനിര്‍ണ്ണയ പരിശോധനകളൊന്നും നിലവിലില്ല. അര്‍ബുദം ചുറ്റുമുള്ള ഇടങ്ങളിലേക്കു പടര്‍ന്ന് ലക്ഷണങ്ങള്‍ പുറത്തു വരുമ്പോള്‍ മാത്രമാണ് ഇത് പലപ്പോഴും കണ്ടു പിടിക്കപ്പെടുക. എത്ര നേരത്തെ ചികിത്സ ആരംഭിക്കുന്നോ അത്രയും ഫലപ്രദമായി അര്‍ബുദം പടരുന്നതിനെ നിയന്ത്രിക്കാന്‍ സാധിക്കും.
ഇനി പറയുന്നവയാണ് ബൈലിയറി ട്രാക്റ്റ് അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍
1. ചര്‍മ്മത്തിനും കണ്ണിന്റെ വെള്ളയ്ക്കും മഞ്ഞ നിറമുണ്ടാക്കുന്ന മഞ്ഞപിത്തം
2. നിറം മങ്ങിയ മലം
3. ചൊറിച്ചില്‍
4. കടുത്ത നിറത്തിലുള്ള മൂത്രം
5. വയര്‍ വേദന
6. വിശപ്പില്ലായ്മ
7. അകാരണമായ ഭാരനഷ്ടം
8. ഓക്കാനം, ഛര്‍ദ്ദി
ഈ ലക്ഷണങ്ങള്‍ മറ്റു രോഗങ്ങള്‍ക്കും ഉണ്ടാകാമെന്നതിനാല്‍ ബൈലിയറി ട്രാക്റ്റ് അര്‍ബുദ നിര്‍ണ്ണയം ബുദ്ധിമുട്ടേറിയതാണ്. കരള്‍ ഉത്പാദിപ്പിക്കുന്ന ബിലിറൂബിന്റെയും ആല്‍കലൈന്‍ ഫോസ്ഫറ്റേസിന്റെയും തോത് രക്ത പരിശോധനയില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ കാണുന്നത് ബൈലിയറി ട്രാക്റ്റ് അര്‍ബുദത്തിന്റെ സൂചന നല്‍കാം. അര്‍ബുദ കോശങ്ങള്‍ പുറത്ത് വിടുന്ന കാര്സിനോഎംബ്രിയോണിക് ആന്റിജന്‍(സിഇഎ), സിഎ 19-9 എന്നിവയും രക്ത പരിശോധനകളില്‍ തെളിയാറുണ്ട്. സിടി സ്കാന്‍, എംആര്‍ഐ തുടങ്ങിയ പരിശോധനകളും അര്‍ബുദം എത്ര മാത്രം പടര്‍ന്നു എന്നതിനെക്കുറിച്ച് ധാരണ നല്‍കും.
കരളിലേക്ക് ഒരൂ സൂചി കുത്തിയിറക്കി അതിലൂടെ ഒരു നിറം കടത്തി വിട്ട് നടത്തുന്ന പെര്‍ക്യൂട്ടേനിയസ് ട്രാന്സ്ഹെപാറ്റിക് കോള്ആന്ജിയോഗ്രഫി പരിശോധന പിത്തനാളിയെയും അതിലെ ബ്ലോക്കുകളെയും എക്സ്റേയില്‍ കാണിക്കും. ഈ പരിശോധനകള്‍ക്കൊപ്പം കോശങ്ങളുടെ ബയോപ്സി കൂടി നടത്തിയാല്‍ മാത്രമേ ബൈലിയറി ട്രാക്റ്റ് അര്‍ബുദം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. അര്‍ബുദം എവിടെ ആരംഭിച്ചു എന്നും എത്ര മാത്രം പടര്‍ന്നിരിക്കുന്നു എന്നതിനെയും അടിസ്ഥാനപ്പെടുത്തിയിരിക്കും ബൈലിയറി ട്രാക്റ്റ് അര്‍ബുദം ബാധിച്ച രോഗിയുടെ ജീവിതദൈര്‍ഘ്യം.