ചോര പൊടിക്കുന്ന വാംപയര്‍ ഫേഷ്യല്‍; സൂക്ഷിച്ചില്ലെങ്കില്‍ എച്ച്‌ഐവി പകരാം
Mail This Article
ഫ്രൂട്ട് ഫേഷ്യല്‍, ഗോള്‍ഡ് ഫേഷ്യല്‍ എന്നിങ്ങനെ മുഖകാന്തി വര്‍ധിപ്പിക്കുന്ന പല ഫേഷ്യലുകളെയും പറ്റി നാം കേട്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ തന്നെ രക്തം ഉപയോഗിച്ച് ചെയ്യുന്ന വാംപയര്‍ ഫേഷ്യലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഈ ഫേഷ്യല്‍ ചെയ്‌ത അമേരിക്കയിലെ ചില സ്‌ത്രീകള്‍ക്ക് എച്ച്‌ഐവി നിര്‍ണ്ണയിക്കപ്പെട്ടതോടെ ഇത്തരം ഫേഷ്യലുകള്‍ സുരക്ഷിതമാണോ എന്ന ആശങ്കയുയര്‍ന്നു.
ന്യൂമെക്‌സിക്കോയിലെ ആല്‍ബുക്വെര്‍ക്കിലെ ലൈസന്‍സില്ലാത്ത ഒരു സ്‌പായില്‍ നിന്ന് വാംപയര്‍ ഫേഷ്യല്‍ ചെയ്‌ത മൂന്ന് സ്‌ത്രീകള്‍ക്കാണ് വ്യത്യസ്‌ത കാലയളവില്‍ എയ്‌ഡ്‌സ് റിപ്പോര്‍ട്ട് ചെയ്‌തത്. തുടര്‍ന്ന് ആരോഗ്യ ഏജന്‍സികളടക്കം ഇത്തരം ഫേഷ്യലുകള്‍ ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ് നല്‍കി.
എന്താണ് വാംപയര്‍ ഫേഷ്യല്‍ ?
പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്‌മ മൈക്രോനീഡ്‌ലിങ് നടപടിക്രമത്തിന്റെ മറ്റൊരു പേരാണ് വാംപയര്‍ ഫേഷ്യല്‍. ഇതില്‍ ഫേഷ്യലിനെത്തുന്നയാളുടെ രക്തമെടുത്ത് അതിലെ പ്ലാസ്‌മയും കോശങ്ങളും വേര്‍തിരിച്ചെടുക്കും. തുടര്‍ന്ന് ഒരു സിറിഞ്ച് ഉപയോഗിച്ച് ഈ പ്ലേറ്റ്‌ലെറ്റ് സമ്പന്നമായ പ്ലാസ്‌മ ഇവരുടെ മുഖത്തേക്ക് തന്നെ കുത്തിവയ്‌ക്കും. രക്തത്തിലെ വളര്‍ച്ചയുടെ ഘടകങ്ങള്‍ ഉപയോഗിച്ച് ചര്‍മ്മ കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് ഈ ഫേഷ്യലിന്റെ ലക്ഷ്യം.
ഈ ഫേഷ്യലിന് ഉപയോഗിക്കുന്ന സൂചിയും സിറിഞ്ചും ഒറ്റത്തവണ മാത്രം ഉപയോഗത്തിനുള്ളതാണ്. എന്നാല്‍ ചില സ്‌പാകള്‍ പലരിലും ഒരേ സൂചി ഉപയോഗിക്കുന്നതാണ് എച്ച്‌ഐവി വ്യാപനം പോലുള്ള രോഗപടര്‍ച്ചകളിലേക്ക് നയിക്കുന്നത്. കുറഞ്ഞ ചെലവില്‍ ഈ ഫേഷ്യല്‍ ചെയ്യുന്നതിന് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളിലേക്ക് പോകരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാംപയര്‍ ഫേഷ്യലുകള്‍ ചെയ്യുന്നവര്‍ വൃത്തിയുള്ള സാഹചര്യങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന സൂചിയും സിറിഞ്ചും ഉപയോഗിച്ചാണോ ഇവ ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തണം.
കുടവയർ കുറയ്ക്കാൻ എളുപ്പവഴി: വിഡിയോ