കോവിഡ്, പക്ഷിപ്പനി, ഇപ്പോള്‍ കുരങ്ങ് പനിയും; എന്ത് കൊണ്ടാണ് വൈറസുകള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് ?

Mail This Article
അടുത്ത കാലത്തായി മനുഷ്യരെ ഭീതിയില്‍ ആഴ്‌ത്തിയ പല രോഗങ്ങളുടെയും തുടക്കം മൃഗങ്ങളില്‍ ഉത്ഭവിക്കുകയും പിന്നീട് മനുഷ്യരിലേക്ക് പടരുകയും ചെയ്‌ത അണുക്കളില്‍ നിന്നാണെന്ന് കാണാം. വവ്വാലുകളില്‍ നിന്ന് വന്ന കോവിഡ്-19, പക്ഷികളില്‍ നിന്ന് പടര്‍ന്ന എച്ച്5എന്‍1 എന്നിങ്ങനെ നീളുന്ന നിരയില്‍ ഒടുക്കമെത്തിയതാണ് കുരങ്ങ് പനി അഥവാ എംപോക്‌സ്.
എച്ച്‌ഐവി പോലുള്ള വൈറസുകളുടെ ആവിര്‍ഭാവം കുരങ്ങുകളില്‍ ആയിരുന്നെങ്കിലും അത് പിന്നീട് മനുഷ്യരില്‍ മാത്രം കാണപ്പെടുന്ന വകഭേദമായി മാറി. എബോള, സാല്‍മോണെല്ലോസിസ് പോലുള്ള മൃഗജന്യ അണുക്കള്‍ ഇപ്പോഴും ലോകത്തിന്റെ പലയിടങ്ങളിലും രോഗപടര്‍ച്ചയുണ്ടാക്കുന്നു.

അണുക്കള്‍ അധികമായി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള ഒരു കാരണം വ്യാപകമായ വനനശീകരണവും മൃഗങ്ങളുടെ ആവാസവ്യവസ്ഥകളിലേക്കുള്ള മനുഷ്യരുടെ കടന്നു കയറ്റവുമാണെന്ന് മോളിക്യുലാര്‍ സൊല്യൂഷന്‍സ് കെയര്‍ ഹെല്‍ത്ത് ഡയറക്ടറും മൈക്രോബയോളജിസ്‌റ്റുമായ ഡോ. വര്‍ഷ ശ്രീധര്‍ ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കാലാവസ്ഥ വ്യതിയാനം ആവാസവ്യവസ്ഥകള്‍ക്ക് ഏല്‍പ്പിക്കുന്ന ആഘാതവും ഇത് മൂലം സംഭവിക്കുന്ന മൃഗങ്ങളുടെ പലായനങ്ങളും രോഗപടര്‍ച്ചയ്‌ക്ക് കാരണമാകാം. അസ്വാഭാവികമായ കാലാവസ്ഥ മാറ്റങ്ങള്‍ പക്ഷികളുടെ ദേശാന്തരഗമനത്തെ തടസ്സപ്പെടുത്തിയത് 1918ലെ ഇന്‍ഫ്‌ളുവന്‍സ രോഗപടര്‍ച്ചയ്‌ക്ക് കാരണമായ ഉദാഹരണം ഡോ. വര്‍ഷ ചൂണ്ടിക്കാണിക്കുന്നു.
ഈയൊരവസ്ഥയില്‍ രോഗങ്ങള്‍ വരാതിരിക്കാന്‍ എല്ലാവരും കൈകള്‍ കഴുകുന്നത് അടക്കമുള്ള ശുചിത്വനടപടികള്‍ പിന്തുടരേണ്ടതിന്റെ ആവശ്യകതയും ഡോക്ടര്‍മാര്‍ എടുത്തു പറയുന്നു. മൃഗങ്ങളോടുള്ള സമ്പര്‍ക്കത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പ്രതിരോധസംവിധാനത്തെ ബലപ്പെടുത്താന്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണമെന്നും ഡോ. വര്‍ഷ ശുപാര്‍ശ ചെയ്യുന്നു.