ഷാരോൺ വധക്കേസ്; കുലുക്കമില്ലാതെ ഗ്രീഷ്മ, ക്രിമിനലുകളുടെ പെരുമാറ്റത്തിൽ സ്ത്രീപുരുഷ വ്യത്യാസം എങ്ങനെ?

Mail This Article
ഷാരോൺ കൊലപാതകത്തിൽ ഇപ്പോൾ ഗ്രിഷ്മയ്ക്ക് വധശിക്ഷ ലഭിച്ചിരിക്കുകയാണല്ലോ. ഈ കേസിനെ അടിസ്ഥാനമാക്കി ക്രിമിനൽ സ്വഭാവം എന്താണെന്നും അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റിയും പരിശോധിക്കാം.
ക്രിമിനലുകളുടെ പെരുമാറ്റത്തിൽ സ്ത്രീപുരുഷ വ്യത്യാസം എങ്ങനെ?
നമ്മുടെ സമൂഹത്തിൽ പുരുഷന്മാരും സ്ത്രീകളും സാധാരണ പെരുമാറുന്ന രീതികളിൽ വ്യത്യാസമുണ്ട്. പുരുഷൻ ദേഷ്യം വരുമ്പോൾ അക്രമകരമായി പെരുമാറുമ്പോൾ സമൂഹം അത് കുറച്ചുകൂടി പുരുഷന്റെ പരുക്കൻ രീതിയായി അംഗീകരിക്കും. എന്നാൽ സ്ത്രീകൾ അത്ര വയലന്റ് ആകുന്നത് സമൂഹത്തിൽ അങ്ങനെ അംഗീകാരം കിട്ടുന്ന രീതിയല്ല. ഈ വ്യത്യാസം തന്നെയാണ് ക്രിമിനൽ സ്വഭാവം പ്രകടമാക്കുമ്പോഴും പുരുഷനും സ്ത്രീയും വ്യത്യസ്‍തമായി പെരുമാറാനുമുള്ള കാരണം.
സ്ത്രീകൾ കൊലപാതകവും മറ്റു കുറ്റകൃത്യങ്ങളും ചെയ്യുമ്പോൾ മിക്ക കേസുകളിലും വളരെ തന്ത്രപരമായി അത് അവരാണ് എന്ന് മറ്റുള്ളവർക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്ത വിധമായിരിക്കും ചെയ്യുക .
പുരുഷന്മാർ അധികവും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ എടുത്തുചാടിയാവും കൊലപാതകം നടത്തുക. ശാരീരികമായി വലിയ ഉപദ്രവം ഏല്പിക്കുന്ന നിലയിൽ ഒരു പൊതുസ്ഥലത്തോ മറ്റാളുകളുടെ മുന്നിലോ കൊലപാതകം ചെയ്യാൻ സ്ത്രീകളെ അപേക്ഷിച്ചു സാധ്യത കൂടുതൽ പുരുഷന്മാര്‍ക്കാണ്.
സ്ത്രീകൾ ക്രിമിനലുകൾ ആകുമ്പോൾ അവർ സമയമെടുത്തു ആലോചിച്ചു പ്ലാൻ ചെയ്താവും ക്രൈമുകൾ ചെയ്യുക. മറ്റുള്ളവരുടെ വിശ്വാസം പിടിച്ചുപറ്റി ചതിയിലൂടെയാവും അവർ കൃത്യം നടത്തുക.
വിഷം നൽകി കൊലപ്പെടുത്തുക, ശ്വാസംമുട്ടിച്ചു കൊല്ലുക എന്നീ രീതികളാവും അധികവും സ്ത്രീകൾ ചെയ്യുക. അധികവും പണവും സമ്പത്തും നേടാനാവും പുരുഷന്മാർ കൊലപാതകമോ, സാമ്പത്തിക തട്ടിപ്പോ, മറ്റു കുറ്റകൃത്യങ്ങളോ ചെയ്യുക. എന്നാൽ സ്ത്രീകൾ അധികവും റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട കാരണങ്ങൾ, അവരുടെ മേലുള്ള നിയന്ത്രങ്ങൾ അവസാനിപ്പിക്കാൻ (ജോളി കേസിൽ ഒക്കെ നാം ഇത് കണ്ടിരുന്നു), ചതിക്കപെടുമ്പോൾ ഒക്കെയാണ് കൊലപാതകം ചെയ്യാൻ പ്ലാൻ ചെയ്യുന്നത്.
തെളിവുകൾ മറയ്ക്കുന്ന കാര്യത്തിൽ പുരുഷ ക്രിമിനലുകളെക്കാളും കൃത്യമായി ശ്രദ്ധിക്കുക സ്ത്രീ ക്രിമിനലുകൾ ആയിരിക്കും. പുരുഷ ക്രിമിനലുകൾ സ്ത്രീ ക്രിമിനലുകളെക്കാൾ കൂടുതൽ എടുത്തുചാട്ടക്കാരും വയലന്റും ആണ് എന്നതാണ് അത്ര പെർഫെക്റ്റ് ആയിരിക്കില്ല മിക്കപ്പോഴും അവർ എന്നതാണ് ഇതിന്റെ പിന്നിലെ കാരണം.
ക്രിമിനലുകളുടെ വ്യക്തിത്വം എങ്ങനെയാണ്?
ആന്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ അഥവാ സാമൂഹിക വിരുദ്ധ സ്വഭാവമുള്ള ആളുകളാണ് കൊലപാതകവും മറ്റു കൂട്ടുകൃത്യങ്ങളും ചെയ്യുന്നവർ. ഇവർക്ക് മനഃസാക്ഷി, കുറ്റബോധം എന്നിവ ചെറിയ പ്രായംമുതലെ ഉണ്ടാവില്ല. ചെറുതും വലുതുമായ കുറ്റകൃത്യങ്ങൾ ചെറിയ പ്രായംമുതലെ ചെയ്യുന്നവരാവും ഇവർ. മുൻപ് പിടിക്കപെടുകയോ പിടിക്കപെടാതെ ഇരിക്കുകയോ ചെയ്തിട്ടുണ്ടാവും. മറ്റുള്ളവർക്ക് എന്തുസംഭവിച്ചാലും അതൊന്നും തനിക്കൊരു പ്രശ്നമല്ല എന്ന ചിന്ത. സ്വന്തം കാര്യങ്ങൾ ഒരു കുറവുമില്ലാതെ ഭംഗിയായി നടക്കണം എന്ന നിർബന്ധമായിരിക്കും ഇവർക്ക്. അല്പംപോലും ആരോടും അനുകമ്പ ഉണ്ടാവില്ല. ചെറിയ പ്രായം മുതലേ മറ്റുള്ളവരെ ഉപദ്രവിക്കുക, ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വരുക, സാധനങ്ങൾ നശിപ്പിക്കുക, തീയിട്ടു നശിപ്പിക്കുക, മൃഗങ്ങളെ ഉപദ്രവിക്കുക, മോഷ്ടിക്കുക, കള്ളം പറയുക, ചതിക്കുക, കൗശലബുദ്ധി എന്നീ സ്വഭാവങ്ങൾ അവർക്കുണ്ടായിരിക്കും.
എല്ലാവരെയും നിയന്ത്രിക്കുക, വിചാരിക്കുന്നത് എന്തും നേടുക, അതിനായി ഏതറ്റം വരെയും പോവുക എന്ന നിർബന്ധം ഇവരിൽ ഉണ്ടാകും. പിടിക്കപെടില്ല എന്ന അമിത ആത്മവിശ്വാസമാണ് കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ ഇവർക്കുണ്ടാകുക. പല സാമൂഹ്യ വിരുദ്ധ സ്വഭാവം ഉള്ളവരും ജീവിതത്തിൽ നല്ല അഭിനയം കാഴ്ചവെക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവർ വിശ്വസിക്കാൻ പറ്റുന്ന നല്ല മനുഷ്യരാണ് എന്ന് മറ്റുള്ളവരെ വേഗം തെറ്റിദ്ധരിപ്പിക്കാനും വിശ്വാസം ഉണ്ടാക്കിയെടുക്കാനും അവർക്കു കഴിയും. അതിനു ശേഷമാണ് ചതിയും മറ്റു ക്രൈമുകളും അവർ ചെയ്യുക. പല കേസുകളിലും ഇവർ പിടിക്കപ്പെടുമ്പോൾ ഈ കുറ്റകൃത്യം ഇവർ തന്നെയാണോ ചെയ്തതെന്ന് പൊതുസമൂഹത്തിന് ആദ്യം വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ വരെ തോന്നാൻ സാധ്യതയുള്ള കൗശലശാലികളാണ് ഇവർ. അധികംപേരും നല്ല ബുദ്ധിയുള്ള ആളുകൾ ആയിരിക്കും. എന്നാൽ അവരുടെ ബുദ്ധിയെ സമൂഹത്തിന് ഗുണം ചെയ്യുന്ന രീതിയിൽ ഉപയോഗിക്കാൻ ഇവർക്ക് ഒരിക്കലും കഴിയാതെ വരുന്നു.
ഇനി തന്ത്രപരമായി പങ്കാളിയെ ഒഴിവാക്കാൻ (കൊലപ്പെടുത്താൻ) ശ്രമിക്കുന്നതിന്റെ കാരണങ്ങളിൽ ചില സാധ്യതകൾ എന്തൊക്കെയെന്ന് നോക്കാം:
സമൂഹത്തിന്റെ മുന്നിൽ നല്ല പേര് നിലനിർത്താനുള്ള തന്ത്രം: വിവാഹത്തിലേക്കു കടക്കുമ്പോൾ മുൻ പങ്കാളി ഒരു തടസ്സമാകരുത് എന്ന് തീരുമാനിക്കുക. വിവാഹശേഷം മുൻപുണ്ടായിരുന്ന ബന്ധത്തെപ്പറ്റി ഭർത്താവോ ബന്ധുക്കളോ അറിയുന്നത് ഒഴിവാക്കുക. മുൻപുണ്ടായിരുന്ന പങ്കാളി ജീവിച്ചിരുന്നാൽ നടന്ന കാര്യങ്ങൾ എല്ലാം എല്ലാവരും അറിയും എന്ന ചിന്ത.
പങ്കാളിയോടുള്ള താല്പര്യം നഷ്ടപ്പെടുക: വൈകാരിക അടുപ്പം ഇല്ലാതെയാവുകയും, പങ്കാളി ഒരു ബാധ്യതയായി തോന്നുകയും ചെയ്തുക. ഭാവിയിലെ പ്ലാനുകൾക്ക് ഇതൊരു തടസ്സമായി തോന്നുകയും ചെയ്യുക.
വ്യക്തിപരമായ നേട്ടം: നടക്കാൻ പോകുന്ന വിവാഹത്തിലെ വ്യക്തിപരമായ നേട്ടം ആലോചിക്കുക, അതിനൊരു തടസ്സമായി നിൽക്കുന്ന ആളെ കൊല്ലുക എന്ന ചിന്ത.
സത്യം ഒളിപ്പിക്കാം എന്ന അമിത ആത്മവിശ്വാസം: ചെറുപ്പകാലം മുതലേ വളരെ കൗശല ബുദ്ധിയുള്ള വ്യക്തിത്വം ആയിരുന്നിയിരിക്കും ഇവർക്കുണ്ടാവുക. പലകാര്യങ്ങളും മറച്ചുവെച്ചും സുഹൃത്തുക്കളെ തന്ത്രപരമായി ചതിച്ചും ഒക്കെ ശീലവും അതു നൽകിയ അമിത ആത്മവിശ്വാസവും ഉണ്ടായിരിക്കും. പല കാര്യങ്ങളും മാറ്റി പറഞ്ഞു കേൾക്കുന്നവരെ കൺഫ്യൂസ് ചെയ്യുന്നതിൽ ഇവർ വിദഗ്ധരായിരിക്കും.
(ലേഖിക ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ആണ്)