റാഗിങ് ഒരുതരം വ്യക്തിത്വ വൈകല്യം; ക്രൂരതകൾക്ക് ഇരകളായവരെ എങ്ങനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാം?

Mail This Article
എന്തുകൊണ്ട് റാഗിങ് സംഭവിക്കുന്നു, ക്രൂരതകൾക്ക് ഇരകളായവരെ എങ്ങനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാം ? കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിന്റെ പശ്ചാത്തലത്തിൽ മാനസികാരോഗ്യ വിദഗ്ധൻ ഡോ.സി.ജെ.ജോൺ സംസാരിക്കുന്നു.
എന്തുകൊണ്ട് റാഗിങ്?
നിസ്സഹായനായ വ്യക്തിയെ ഒരുകൂട്ടം ആളുകൾ ചേർന്നു ശാരീരികമായും മാനസികമായും ഉപദ്രവിച്ച് സന്തോഷം നേടുന്നത് ഒരുതരം മനോവൈകല്യമാണ്. അടിസ്ഥാനപരമായ ചില വ്യക്തിത്വ വൈകല്യങ്ങളിൽ നിന്നാണ് ഇത് ഉടലെടുക്കുന്നത്. സഹജീവികളോടുള്ള അനുതാപം ഇല്ലാതാവുക, മറ്റുള്ളവർ വേദനിക്കുന്നതു കണ്ടു സന്തോഷിക്കുക, ചെയ്യുന്ന തെറ്റുകളിൽ കുറ്റബോധം തോന്നാതിരിക്കുക, ഒരാൾ വേദനിക്കുന്നതു കാണുമ്പോൾ അവരെ ആവർത്തിച്ച് വേദനിപ്പിക്കാൻ തോന്നുക, ഇരകളെ തങ്ങളുടെ ആവശ്യങ്ങൾക്കായി സാമ്പത്തികവും ശാരീരികവുമായി ചൂഷണം ചെയ്യുക, ഇവയെല്ലാം അതിന്റെ ഭാഗമാണ്. ഒരു തമാശ പറയുന്നതുപോലെ, അല്ലെങ്കിൽ ഒരു പ്രണയം പ്രകടിപ്പിക്കുന്നതു പോലെ അക്രമം കാണിക്കുന്നതും ഒരു വിനോദം ആയിട്ടാണ് ഇത്തരക്കാർ കാണുന്നത്.

സഹജീവികളോടു കരുണയും കാരുണ്യവും അനുകമ്പയും ധാരാളമായി വേണ്ട തൊഴിൽ മേഖലയായ ആതുരസേവന രംഗത്തെ വിദ്യാർഥികൾ ഇത്തരത്തിലുള്ള പ്രവണത കാണിക്കുന്നത് ആശങ്കാജനകമാണ്. പുതുതായി എത്തുന്ന വിദ്യാർഥികളെ എന്തു ചെയ്താലും അവർ എതിർക്കില്ല എന്ന ദൗർബല്യം ചൂഷണം ചെയ്യുകയാണ് റാഗിങ്ങിലൂടെ.
ഇരകളായ കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എന്തുചെയ്യണം ?
ക്രൂരമായ റാഗിങ് നേരിട്ടവരിൽ അതിഭീകരമായ മാനസികാഘാതം ഉണ്ടാകും. പലരും പിന്നീട് ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവങ്ങളുമുണ്ട്. അധ്യാപകരോടും കുടുംബത്തോടും തങ്ങൾ നേരിട്ട ദുരനുഭവം തുറന്നു പറയാൻ പോലും സാധിക്കാതെ വരുന്നതോടെ ഇവർ പിന്നീട് കടുത്ത വിഷാദരോഗത്തിന് അടിമപ്പെടും. ഇരകൾക്ക് കഴിയുംവിധം മാനസിക പിന്തുണയും സുരക്ഷിതത്വവും നൽകണം. ഭാവിയിൽ ഇത്തരം ഉപദ്രവങ്ങൾ ഉണ്ടാവില്ല എന്ന ഉറപ്പുനൽകി സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാം. പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്ന ഉറപ്പും വിശ്വാസവും പകർന്നു നൽകാം. മാനസികാഘാതത്തിൽ നിന്നു പൂർണമായി പുറത്തുകടക്കാൻ സാധാരണ 6 മാസം മുതൽ 1 വർഷം വേണ്ടിവരും. വ്യക്തിയുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത്.
ക്യാംപസുകളിൽ നടക്കുന്ന റാഗിങ് തടയുന്നതിനു നിലവിലുള്ള സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം. അധ്യാപകരുടെയും അധികൃതരുടെയും നേതൃത്വത്തിൽ റാഗ് ചെയ്യാൻ സാധ്യതയുള്ള വ്യക്തിത്വ വൈകല്യമുള്ളവരെ മുൻകൂട്ടി കണ്ടെത്തി അവരെ പ്രത്യേക നിരീക്ഷണത്തിനു കീഴിൽ കൊണ്ടുവരണം. ഇത്തരത്തിൽ മറ്റൊരാളെ ഉപദ്രവിക്കാൻ മടിയില്ലാത്തവർക്കു വൈദ്യസഹായം നേരത്തേ ലഭ്യമാക്കി അവരെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാം.