ബ്രേക്ക്അപ് ഉണ്ടായിട്ടുണ്ടോ? പ്രണയം തകരുമ്പോൾ വിഷാദമോ, പകയോ? മനസ്സിനെ മനസ്സിലാക്കണം!

Mail This Article
എങ്ങനെ പ്രണയം തുറന്നു പറയാം, ആരെയാണ് പങ്കാളിയാക്കേണ്ടത് എന്നൊക്കെയായിരിക്കുമല്ലോ എല്ലാ പ്രണയദിനത്തിലും ചർച്ചയാവുക. എന്നാൽ പ്രണയം തകരുന്ന ഒരാളുടെ വേദന എപ്പോഴാണ് നാം സംസാരിക്കേണ്ടത്? ബ്രേക്ക്അപ് എന്ന വാക്ക് ഇപ്പോൾ പതിവിലും കൂടുതലായി കേൾക്കുന്നില്ലേ? വേർപിരിഞ്ഞ പങ്കാളിയെ ഓർത്ത് കരയുന്ന ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഇപ്പോഴും നിങ്ങൾക്കില്ലേ? അതോ നിങ്ങൾ തന്നെയാണോ ആ വ്യക്തി?
കൗമാരം തൊട്ടാൽ പിന്നെ മാതാപിതാക്കളെക്കാൾ സുഹൃത്തുക്കളോടായിരിക്കും കുട്ടികൾ കൂടുതൽ സമയവും പങ്കിടുക. കളിചിരികളും സുഹൃത്തുക്കളുമൊക്കെയായി സ്വന്തമായൊരു ലോകംതന്നെ അവർ കെട്ടിപ്പടുക്കാറാണ് പതിവ്. ജീവിതത്തിൽ ഒരു പ്രണയമുണ്ടായാൽ ആ ലോകം പിന്നെയും മാറിമറിയും. ദിവസവും നടന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങൾ പങ്കുവച്ചും, ഇഷ്ടങ്ങളിലും സ്വപ്നങ്ങളിലും പങ്കാളിയാക്കിയുമായിരിക്കുമല്ലോ ഏതൊരു ബന്ധവും മുന്നോട്ടുപോവുക. തന്റെ ലോകം ആ വ്യക്തിയിലേക്ക് ചുരുങ്ങുന്നതായി അവർക്ക് തോന്നാം. പല കാര്യങ്ങളും മറ്റാരെക്കാളും നന്നായി മനസ്സിലാക്കുന്ന, എന്തിനും കൂടെ നിൽക്കുന്ന, ആത്മാർഥമായി സ്നേഹിക്കുന്ന പങ്കാളിയെ നഷ്ടപ്പെടുത്താൻ അവർ ആഗ്രഹിക്കുകയുമില്ല. പക്ഷേ എല്ലാ ബന്ധങ്ങളിലും ഈ അവസ്ഥ തന്നെയാകണമെന്നും നിർബന്ധമില്ല.
മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ വേണ്ടി മാത്രം ഒരാളെ പങ്കാളിയാക്കി നടക്കുന്ന വ്യക്തികളും നമുക്കിടയിലുണ്ട്. ശകാരിച്ചും, അപമാനിച്ചും, സംശയിച്ചും, സമാധാനം നൽകാതെയുമെല്ലാം ഒരു വ്യക്തിയെ ഇഞ്ചിഞ്ചായി നശിപ്പിക്കുകയാണ് അവിടെ ചെയ്യുന്നത്. പലപ്പോഴും ദേഹോപദ്രവം ഏൽപ്പിക്കലും, ഭീഷണിപ്പെടുത്തലുമെല്ലാം ആ ബന്ധത്തിൽ ഉണ്ടായേക്കാം. അത്തരത്തിലുള്ള ബന്ധങ്ങളൊന്നുംതന്നെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ അർഥമില്ല. ആ സന്ദർഭങ്ങളിൽ പിരിഞ്ഞു പോകുന്നത് തന്നെയാണ് ഇരു കൂട്ടർക്കും നല്ലത്. ഒരു ബന്ധത്തിൽ രണ്ടുപേരുടേയും ശ്രമങ്ങള്‍ പ്രധാനപ്പെട്ടതാണ്. എന്നാൽ റിലേഷൻ മുന്നോട്ടുകൊണ്ടുപോകാൻ ഒരാൾ മാത്രം മുന്നിട്ടിറങ്ങുകയും മറ്റേയാൾ യാതൊരു താൽര്യവും കാണിക്കാതെ ഇരിക്കയും ചെയ്താൽ കൃത്യമായ സംസാരത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയോ, താൽപര്യക്കുറവ് ഉണ്ടെങ്കിൽ ബന്ധം അവസാനിപ്പിക്കുകയോ ചെയ്യണം. അതേസമയം പരസ്പരം ഒരുപാട് സ്നേഹിക്കയും ഒരുമിച്ചൊരു ജീവിതം സ്വപ്നം കാണുകയും ചെയ്യുന്നവർക്കും വേർപിരിയേണ്ടി വരാറുണ്ട്. കാരണങ്ങൾ പലതാവാം.

കുടുംബം, പ്രാരാബ്ദം, മതംവിശ്വാസം, വ്യക്തിവൈരാഗ്യം എന്നിവ പലപ്പോഴും പ്രണയബന്ധങ്ങൾ തകരുന്നതിനുള്ള കാരണങ്ങളായിട്ടുണ്ട്. ഈ കാരണങ്ങളോ, പങ്കാളിയുടെ മരണമോ ഒന്നും പൂർണ സമ്മതത്തോടു കൂടിയ വേർപിരിയലായിരിക്കില്ലല്ലോ സമ്മാനിക്കുക. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പ്രണയം നഷ്ടമാകുന്നവർക്ക് ആ വേദനയിൽ നിന്നും കരകയറാൻ എളുപ്പമല്ല. കിടക്കയിൽനിന്ന് എഴുന്നേൽക്കാനോ ഭക്ഷണം കഴിക്കാനോ ജോലികള്‍ െചയ്യാനോ ഉള്ള ഊർജം പോലുമില്ലാതെ തളർന്നു പോകുമവർ. ഓർമകളെ അയവിറത്ത് സങ്കടപ്പെട്ടിരിക്കുന്നവരെ എങ്ങനെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക? എല്ലാത്തിനും തുണയായി ജീവിതത്തിലേക്ക് വന്ന പങ്കാളി പെട്ടെന്നൊരു ദിവസം ഇല്ലാതെ വരുമ്പോൾ മാനസികമായി ഏറെ ബുദ്ധിമുട്ടും. പലപ്പോഴും വിഷാദരോഗത്തിലേക്ക് പോകാനുള്ള സാധ്യതയാണ് കൂടുതലായുള്ളത്. ഒരു വ്യക്തിക്ക് ഒന്നിലധികം വിഷാദരോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതിനെ അഡ്ജസ്റ്റ്മെന്റ് ഡിസോർഡര്‍ എന്നു വിളിക്കുന്നു. ഒന്നുകിൽ വിഷാദത്തിന്റെ ലക്ഷണങ്ങള്‍, അല്ലെങ്കിൽ ഉത്കണ്ഠയുടെ ലക്ഷണങ്ങളോ ആകാം. എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരുന്ന വ്യക്തിയുടെ അസാന്നിധ്യം ഉത്കണ്ഠയും സമ്മർദ്ദവും ഉണ്ടാക്കും.
പൂർണ മനസ്സോടെയല്ലാത്ത വേർപിരിയൽ ചിലരിലെങ്കിലും പക ഉണ്ടാക്കിയേക്കാം. പ്രതികാരം ചെയ്യണമെന്ന് തോന്നാനുള്ള സാധ്യതയും കൂടുതലാണ്. അത് ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ അനുസരിച്ചിരിക്കും. ബ്രേക്ക്അപ്പിന്റെ പേരിൽ മാനസിക സംഘർഷം അനുഭവിക്കുന്നവരിൽ ഏറിയപങ്കും വിഷാദത്തിലാണ് ചെന്നെത്തുക. പകയും പ്രതികാരവുമെല്ലാം വളരെ അപൂർവം ചിലരിലേ തോന്നാറുള്ളു. വൈകാരികമായി പ്രതികരിക്കുന്നവർ, എടുത്തുചാട്ടക്കാർ, ക്രിമിനൽ സ്വഭാവമുള്ളവർ എന്നിവരാണ് ആ രീതിയിൽ ചിന്തിക്കുക. ചെറിയ രീതിയിൽ വിഷാദരോഗവുമായി വൈദ്യസഹായം തേടുന്നവർക്ക് തെറാപ്പി കൊടുക്കുകയാണ് ചെയ്യുക. എന്നാൽ തീവ്രമായ ലക്ഷണങ്ങളുള്ളവർക്ക് മരുന്ന് നിർദേശിക്കും. അത് മൂന്ന് മാസത്തോളം നിണ്ടുനിന്നേക്കാം. ഈ സമയം കൊണ്ട് അവർക്ക് മാനസികമായി മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്താൻ സാധിക്കും. ഇതിനിടയിൽതന്നെ പഴയ ശീലങ്ങളിലേക്കും, ജോലിയിലേക്കും തിരികെപ്പോകാനും അവരോട് നിർദേശിക്കുകയാണ് സൈക്യാട്രിസ്റ്റുകൾ ചെയ്യാറ്. പുതിയ സ്നേഹബന്ധത്തിന് സാഹചര്യം വരുമ്പോൾ മുഖംതിരിക്കരുതെന്നും അവർക്ക് നിർദേശം നൽകും. എന്തൊക്കെ പറഞ്ഞാലും ജീവിതത്തില്‍ മുന്നോട്ടു പോവുകയാണല്ലോ വേണ്ടത്. ഈ സമയത്ത് നല്ല സുഹൃത്തുക്കളുടെ സാമീപ്യവും, കുടുംബത്തിന്റെ പിന്തുണയും ഒരുപാട് ഗുണം ചെയ്തേക്കാം.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാണ് ബ്രേക്ക്അപ് കൂടുതലായി ബാധിക്കുന്നതെന്നാണ് പറയപ്പെടുന്നത്. സ്വന്തം വികാരങ്ങളെ കൃത്യമായി പ്രകടിപ്പിക്കാൻ കഴിയാത്തതും, പിന്തുണയ്ക്കാൻ ആളില്ലാത്തതും അവരെ കൂടുതൽ വേദന അനുഭവിക്കാൻ ഇടയാക്കും. ബ്രേക്ക്അപ്പിനു ശേഷം പലരും പല ദുഃശീലങ്ങളിലേക്കു പോകാറുമുണ്ട്. മദ്യപാനം, ലഹരി ഉപയോഗം, സ്വയം ഉപദ്രവിക്കുക, തുടങ്ങിയ കാര്യങ്ങൾ യാഥാർഥ്യത്തിൽ നിന്നും ഓടിയൊളിക്കാനായി അവർ ചെയ്യാറുണ്ട്. എന്നാൽ അതിനുമപ്പുറം സംഭവിച്ചതിനെ അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. സ്വന്തമായി കഴിയുന്നില്ലെങ്കിൽ നിർബന്ധമായും ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.
അതേസമയം പ്രണയം ഇല്ലെങ്കിലും മറ്റൊരാളുടെ വേദന കാണാൻ കഴിയില്ലെന്ന കാരണത്താൽ ഒരു ബന്ധത്തിലും തുടരരുത്. സ്ഥിരമായി അപമാനം നേരിടുകയോ, മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തിക്കെട്ടുകയോ, വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ വേദനിപ്പിക്കുകയോ ചെയ്താൽ ബ്രേക്ക്അപ് തന്നെയാണ് ഏറ്റവും നല്ല ഉപാധി. ഏതൊരു വ്യക്തിയും നല്ലൊരു പങ്കാളിയെയും സന്തോഷമുള്ള ജീവിതവും അർഹിക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്നും, ഇരുവരുടെയും എന്തൊക്കെ തെറ്റുകളാണ് പിരിയുന്നതിനു കാരണമായതെന്നും മനസ്സിലാക്കണം. ഭാവിയിൽ ആ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. യാഥാർഥ്യത്തെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതും ശുഭാപ്തി വിശ്വാസം ഉണ്ടായിരിക്കുന്നതും നല്ലൊരു ജീവിതത്തിനു വളരെ പ്രധാനപ്പെട്ടതാണ്.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. ചിക്കു മാത്യു, കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ്)