കണ്ണിൽ ഇരുട്ടുകയറ്റിയ കാൻസർ കോശങ്ങളെ മനസ്സിന്റെ വെണ്മ കൊണ്ടു തോൽപിച്ച കാർത്തിക
Mail This Article
ഇരുളിലല്ല, അകക്കണ്ണിന്റെ വെട്ടത്തിൽ തെളിഞ്ഞു ചിരിക്കുകയാണു തൃക്കാർത്തിക. ഇരുട്ടു കയറിയ കണ്ണിനെ മനസ്സിന്റെ വെണ്മ കൊണ്ടു തോൽപിച്ച കാർത്തിക ജീവിതത്തിന്റെ ഓരോ പടവുകളും വാശിയോടെയാണു കീഴടക്കുന്നത്.
കാരാപ്പുഴ തൃക്കാർത്തികയിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ബി. ജയചന്ദ്രന്റെയും ശ്യാമ ജയചന്ദ്രന്റെയും മകളായ എസ്. കാർത്തിക ഏഴു വയസ്സുവരെ സ്വന്തം കണ്ണിലൂടെയാണു ലോകം കണ്ടത്. ഇടംകണ്ണിലെ ഞരമ്പിനെ ഞെരിച്ചമർത്തി വളർന്ന കാൻസർ കോശങ്ങൾ ഇടതു കണ്ണിൽ ഇരുട്ടുകയറ്റി. താമസിക്കാതെ അതു വലതു കണ്ണിലേക്കും പടർന്നു. അങ്ങനെ ഒൻപതാം വയസ്സിൽ കാർത്തികയെന്ന പെൺകുട്ടിക്കു മുന്നിൽ നിറങ്ങളുടെ ലോകം അസ്തമിച്ചു.
ജീവിതത്തിൽ പരാജയപ്പെടാൻ കാർത്തിക തയാറായില്ല. കൈ പിടിക്കാൻ കുടുംബം കൂട്ടായി. അധ്യാപികയായിരുന്ന അമ്മ ശ്യാമ മകൾക്കായി ജോലി ഉപേക്ഷിച്ചു. അമ്മ വായിച്ചു കേൾപ്പിക്കുന്ന പുസ്തകങ്ങൾ കാർത്തിക മനഃപാഠമാക്കി. ലാപ്ടോപ്പിൽ സ്ക്രീൻ റീഡറുടെ സഹായത്തോടെ പഠിച്ചു. പാട്ടും പ്രസംഗവും പഠിച്ചു. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കഥാ രചനയിൽ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം. പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്.
പ്ലസ്ടുവിന് ഫുൾ മാർക്ക്. ബിസിഎം കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവും ഹൈദരാബാദ് ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ (ഇഫ്ലു) നിന്നു ബിരുദാനന്തര ബിരുദവും.
പഠിച്ചിറങ്ങിയ ഉടനെ കോർപറേറ്റ് ട്രെയ്നറായി ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയും ലഭിച്ചു.
അതേസമയം അമ്മയെപ്പോലെ ടീച്ചറാകണമെന്നതാണ് കാർത്തികയുടെ ലക്ഷ്യം.
Content Summary: Blind girl Karthika's life story