പ്രമേഹത്തെ മറികടക്കണോ? നടത്തം കുറച്ച് വേഗത്തിലാക്കാം
Mail This Article
രാവിലെ ആണെങ്കിലും വൈകുന്നേരം ആണെങ്കിലും നടക്കുന്നത് പ്രമേഹ രോഗത്തെ നിയന്ത്രിക്കാനുള്ള മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ്. ദിവസം 10,000 ചുവടുകളാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഡയബറ്റീസ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ചുവടുകളുടെ എണ്ണം മാത്രമല്ല നടപ്പിന്റെ വേഗവും പ്രമേഹ നിയന്ത്രണത്തില്‍ നിര്‍ണ്ണായകമാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വേഗത്തിലുള്ള നടത്തം പ്രമേഹ സാധ്യത 40 ശതമാനത്തോളം കുറയ്‌ക്കുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മണിക്കൂറില്‍ 3.2 കിലോമീറ്റര്‍ വേഗത്തില്‍ താഴെ നടക്കുന്നതിനെ കാഷ്വലായ നടത്തമായി പഠന റിപ്പോര്‍ട്ട് കണക്കാക്കുന്നു. മണിക്കൂറില്‍ 3.2 മുതല്‍ 4.8 കിലോമീറ്റര്‍ വേഗമാണെങ്കില്‍ ഇത് സാധാരണ നടത്തമാണ്. മണിക്കൂറില്‍ 4.8 മുതല്‍ 6.4 കിലോമീറ്റര്‍ വരെയുള്ളത് അല്‍പം വേഗമുള്ള നടത്തമായും ഇതിലും മുകളിലുള്ളതിനെ വേഗത്തിലുള്ള നടത്തമായും കണക്കാക്കുന്നു.
കാഷ്വലായ നടത്തത്തില്‍ നിന്ന് അല്‍പം വേഗം കൂട്ടിയാല്‍ തന്നെ പ്രമേഹ സാധ്യത 24 ശതമാനം കുറയ്‌ക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മണിക്കൂറില്‍ 6.4 കിലോമീറ്ററിന് മുകളില്‍ ഓരോ കിലോമീറ്റര്‍ വേഗവും പ്രമേഹ സാധ്യത 9 ശതമാനം വച്ച് കുറയ്‌ക്കുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
വേഗത്തിലുള്ള നടത്തത്തിന്റെ തീവ്രത ഹൃദയ നിരക്കും ഓക്‌സിജന്‍ ഉള്ളിലേക്ക് എടുക്കുന്നതിന്റെ അളവും വര്‍ദ്ധിപ്പിക്കുമെന്നും ഇത് ഇന്‍സുലിന്‍ സംവേദനത്വവും ഗ്ലൂക്കോസ് ചയാപചയവും മെച്ചപ്പെടുത്തുമെന്നും ആരോഗ്യവിദഗ്‌ധര്‍ പറയുന്നു. അതേ സമയം ഹൃദ്രോഗം, സന്ധിവേദന, നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവ ഉള്ളവര്‍ ഇത്തരം വ്യായാമങ്ങള്‍ ആരംഭിക്കും മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്.
എന്താണ് യോഗ? ആദ്യ പാഠങ്ങൾ - വിഡിയോ