പുകവലിക്കാത്തവര്‍ക്കും ശ്വാസകോശ അര്‍ബുദം വരാം; ലക്ഷണങ്ങള്‍ ഇവ
Mail This Article
അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ശ്വാസകോശ അര്‍ബുദമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുവേ പുകവലിക്കുന്നവർക്കാണ് ഈ അര്‍ബുദം പിടിപെടുന്നതെങ്കിലും പുകവലിക്കാത്തവരിലും ശ്വാസകോശ അര്‍ബുദം വരാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
നോണ്‍ സ്‌മോള്‍ സെല്‍ കാര്‍സിനോമ, സ്‌മോള്‍ സെല്‍ കാര്‍സിനോമ എന്നിങ്ങനെ ശ്വാസകോശ അര്‍ബുദത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ക്രമേണ കുറേ നാള്‍ കൊണ്ട് വളരുന്ന നോണ്‍ സ്‌മോള്‍ സെല്‍ കാര്‍സിനോമയാണ് കൂടുതല്‍ വ്യാപകമായി പല രോഗികളിലും കണ്ടു വരുന്നത്. സ്‌മോള്‍ സെല്‍ കാര്‍സിനോമ അത്ര പ്രബലമല്ലെങ്കിലും വളരെ വേഗം ശരീരത്തിനുള്ളില്‍ വ്യാപിക്കുന്നതാണ്.
പുകവലിക്കു പുറമേ റാഡോണ്‍ എന്ന റേഡിയോ ആക്ടീവ് ഗ്യാസുമായുള്ള സമ്പര്‍ക്കം, ശ്വാസകോശ അര്‍ബുദത്തിന്റെ കുടുംബചരിത്രം, ജനിതക വ്യതിയാനങ്ങള്‍, റേഡിയേഷന്‍, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലാത്ത അലസജീവിതശൈലി എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് ബോറിവല്ലി എച്ച്‌സിജി കാന്‍സര്‍ സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് -റേഡിയേഷന്‍ ഓങ്കോളജിസ്‌റ്റ് ഡോ. ത്രിനഞ്‌ജന്‍ ബസു എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പുകവലിക്കുന്നവരുടെ സമീപത്തിരിക്കുന്നവരുടെ ഉള്ളിലേക്ക് വിഷപുക കടക്കുന്നത് മൂലം വരുന്ന സെക്കന്‍ഡറി ഹാന്‍ഡ് സ്‌മോക്കും ശ്വാസകോശ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ശ്വാസംമുട്ടല്‍, നിരന്തരമായ ചുമ, ചുമച്ച് കഫമോ രക്തമോ തുപ്പല്‍, ചിരിക്കുമ്പോഴോ, ആഴത്തില്‍ ശ്വാസം വലിക്കുമ്പോഴോ ചുമയ്‌ക്കുമ്പോഴോ വരുന്ന നെഞ്ച് വേദന, വലിവ്, ക്ഷീണം, വിശപ്പില്ലായ്‌മ, ഭാരനഷ്ടം, വിട്ടുമാറാത്ത ന്യുമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.
ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അര്‍ബുദം പടരുന്നതോടു കൂടി കഴുത്തിലും തോളെല്ലിലും മുഴകള്‍, എല്ലുകള്‍ക്കു വേദന, തലവേദന, തലകറക്കം, കൈകാല്‍ മരവിപ്പ്, മഞ്ഞപിത്തം, തോള്‍ വേദന, മുഖത്തിന്റെ ഒരു വശത്ത് വിയര്‍പ്പിന്റെ അഭാവം, തൂങ്ങിയ കണ്‍പോളകള്‍, ചുരുങ്ങിയ കൃഷ്‌ണമണികള്‍ എന്നിവ പോലുള്ള ലക്ഷണങ്ങള്‍ രോഗി പ്രകടിപ്പിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന പ്രമേഹം, ചുഴലി പോലുള്ള പ്രശ്‌നങ്ങളും രോഗി പ്രകടിപ്പിക്കാം.
മുഴകള്‍ നീക്കാനുള്ള ശസ്‌ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് ശ്വാസകോശ അര്‍ബുദത്തിന്റെ ചികിത്സ. ടാര്‍ജറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയും ചില രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാറുണ്ട്. അര്‍ബുദം ഏത് ഘട്ടത്തിലാണെന്നതിനെയും രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും അടിസ്ഥാനമാക്കി ചികിത്സയില്‍ മാറ്റങ്ങള്‍ വരാം.
എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമാണോ: വിഡിയോ