ADVERTISEMENT

സന്ധിവാതത്തെ തുടര്‍ന്ന്‌ മുട്ടിനുണ്ടായ വേദന മൂലം കളിക്കളം വിടാനൊരുങ്ങി ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌ വാള്‍. മുട്ട്‌ വേദന മൂലം എട്ടും ഒന്‍പതും മണിക്കൂര്‍ പരിശീലനം ചെയ്യുന്നത്‌ ഇപ്പോള്‍ ബുദ്ധിമുട്ടാണെന്ന്‌ ഹൗസ്‌ ഓഫ്‌ ഗ്ലോറി പോഡ്‌കാസ്‌റ്റിനു വേണ്ടി നല്‍കിയ അഭിമുഖത്തിനിടെ സൈന പറഞ്ഞു. രണ്ട്‌ മണിക്കൂര്‍ പരിശീലനം കൊണ്ട്‌ ലോകോത്തര നിലവാരത്തിലുള്ള ബാഡ്‌മിന്റണ്‍ താരങ്ങളെ നേരിടാനാകില്ലെന്നും സൈന കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സിംഗപ്പൂര്‍ ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പുറത്തായതിന്‌ ശേഷം ശേഷം സൈന ടൂര്‍ണമെന്റുകളൊന്നും കളിച്ചിട്ടില്ല. ഇപ്പോള്‍ 34 വയസ്സുള്ള ഈ ലോക മുന്‍ ഒന്നാം നമ്പര്‍ ബാഡ്‌മിന്റണ്‍ താരം ഇന്ത്യയ്‌ക്കായി 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്‌. 2010, 2018 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവ്‌ കൂടിയായ സൈന ഒന്‍പതാം വയസ്സിലാണ്‌ ബാഡ്‌മിന്റണ്‍ കരിയര്‍ ആരംഭിക്കുന്നത്‌. 

രണ്ടോ അതിലധികമോ എല്ലുകള്‍ ചേരുന്ന സന്ധിയില്‍ വരുന്ന നീര്‍ക്കെട്ടാണ്‌ സന്ധിവാതം. 100ലധികം തരത്തില്‍പ്പെട്ട സന്ധിവാതങ്ങളുണ്ട്‌. പലപ്പോഴും കായികതാരങ്ങള്‍ക്ക്‌ സന്ധിവാതം പിടിപെടാറുണ്ട്‌. എന്നാല്‍ പലരിലും പല തരത്തിലാണ്‌ ഇതിന്റെ സ്വാധീനം ഉണ്ടാകാറുള്ളതെന്ന്‌ ന്യൂഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്‌പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. യാഷ്‌ ഗുലാട്ടി ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

shoulder-pain-arthritis-Photoroyalty-Shutterstock
Representative image. Photo Credit: photoroyalty/Shutterstock.com

ഗ്രീന്‍ ഫ്‌ളാഗ്‌, റെഡ്‌ ഫ്‌ളാഗ്‌ എന്നിങ്ങനെ രണ്ട്‌ തരത്തില്‍ ലളിതമായി സന്ധിവാതത്തെ തരം തിരിക്കാമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. പ്രായമാകുമ്പോള്‍ തേയ്‌മാനത്തെ തുടര്‍ന്ന്‌ ഉണ്ടാകുന്ന സന്ധിവാതമാണ്‌ ഗ്രീന്‍ ഫ്‌ളാഗ്‌ വിഭാഗത്തിലേത്‌. എല്ലുകള്‍ക്കിടയിലെ തരുണാസ്ഥി ഇല്ലാതായി, സന്ധികളിലെ അകലം ചുരുങ്ങുകയും എല്ലുകള്‍ ഉരയാന്‍ തുടങ്ങുകയും ചെയ്യും. ഇത്‌ വേദനയും നീര്‍ക്കെട്ടുമൊക്കെ ഉണ്ടാക്കും. 

ചെറുപ്പത്തില്‍ തന്നെ തുടങ്ങുന്ന തരം സന്ധിവാതമാണ്‌ റെഡ്‌ ഫ്‌ളാഗ്‌ വിഭാഗത്തിലേത്‌. ഇത്‌ കാലുകളിലെയും കൈകളിലെയും സന്ധികളെ ബാധിച്ച്‌ നീര്‍ക്കെട്ടും പിരിമുറുക്കവും ഉണ്ടാക്കും. സന്ധികള്‍ക്ക്‌ കാര്യമായ ക്ഷതമുള്ള പക്ഷം മുട്ട്‌ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ ആവശ്യമായി വരാറുണ്ട്‌. ഭാഗികമായ മുട്ട്‌ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും ഇന്ന്‌ ലഭ്യമാണ്‌. റോബോട്ടിക്‌ ശസ്‌ത്രക്രിയ ഈ രംഗത്തും വ്യാപകമായിട്ടുണ്ട്‌. 

സന്ധികളുടെ അമിതമായ ഉപയോഗത്തെ തുടര്‍ന്നുള്ള പോസ്‌റ്റ്‌ ട്രോമാറ്റിക്‌ ആര്‍ത്രൈറ്റിസാണ്‌ സാധാരണ കായിക താരങ്ങള്‍ക്ക്‌ ഉണ്ടാകാറുള്ളത്‌. വേദനയും നീര്‍ക്കെട്ടും കുറച്ച്‌ സന്ധികളുടെ പ്രവര്‍ത്തനം ഉറപ്പാക്കുകയാണ്‌ ഡോക്ടര്‍മാര്‍ ചെയ്യുന്നത്‌. 

സന്ധിവാതമുള്ളവര്‍ക്ക്‌ ഇനി പറയുന്ന കാര്യങ്ങള്‍ ആശ്വാസം നല്‍കും.
1. ശരീര ഭാരം കുറയ്‌ക്കുന്നത്‌ വേദന കുറയാന്‍ സഹായകമാണ്‌. സന്ധികള്‍ക്ക്‌ മേല്‍ അമിത സമ്മര്‍ദ്ധം വരാതിരിക്കാന്‍ ഇത്‌ സഹായിക്കും. 
2. കട്ടിയായ തറകളില്‍ ചാടരുത്‌. കളിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഷോക്ക്‌ അബ്‌സോര്‍ബിങ്‌ ഷൂസ്‌ ധരിക്കുക. ടെന്നീസും ബാഡ്‌മിന്റണും കളിക്കുന്നവര്‍ കളിമണ്‍ കോര്‍ട്ടില്‍ കളിക്കാന്‍ ശ്രദ്ധിക്കുക.
3. സന്ധികള്‍ക്ക്‌ ചുറ്റുമുള്ള പേശികള്‍ ബലപ്പെടുത്താന്‍ ഫ്‌ളെക്‌സിബിലിറ്റി വ്യായാമങ്ങള്‍ പരിശീലിക്കുക
4. തരുണാസ്ഥിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള മരുന്നുകള്‍ ആദ്യ ഘട്ടങ്ങളില്‍ പ്രയോജനം ചെയ്യും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമെങ്കില്‍ മാത്രം കഴിക്കാവുന്നതാണ്‌. 
5. സ്റ്റെം സെല്‍ ഇഞ്ചക്ഷനുകളും പ്ലേറ്റ്‌ലെറ്റ്‌ റിച്ച്‌ പ്ലാസ്‌മ ഇഞ്ചക്ഷനുമൊക്കെ ആദ്യ ഘട്ടങ്ങളില്‍ സഹായകമാണ്‌. 
6. നീന്തല്‍, നടത്തം, തീവ്രത കുറഞ്ഞ എയറോബിക്‌ വ്യായാമങ്ങള്‍ എന്നിവയെല്ലാം സന്ധിവാതമുള്ളവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന വ്യായാമങ്ങളാണ്‌. സ്വിമ്മിങ്‌ പൂളിന്റെ തറയിലൂടെ നടക്കുന്നതും സന്ധികളെ ബലപ്പെടുത്താന്‍ സഹായിക്കും. സ്‌ട്രെച്ചിങ്‌ വ്യായാമങ്ങള്‍ സന്ധികളെ അയവുള്ളതാക്കും.

English Summary:

Knee Pain Keeping You Down? Saina Nehwal's Arthritis Battle Offers Hope and Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com