ആര്‍ത്തവം രണ്ട് ദിവസം കൊണ്ട് അവസാനിച്ചാല്‍ ഭയക്കേണ്ട കാര്യമുണ്ടോ?
Mail This Article
ദിവസങ്ങളോളം നീളുന്ന വേദനയും ബുദ്ധിമുട്ടുകളുമൊക്കെയാണ് പലരെയും സംബന്ധിച്ച് ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. എന്നാല്‍ ചിലര്‍ക്ക് രണ്ടോ മൂന്നോ ദിവസം കൊണ്ട് ആര്‍ത്തവം വന്നു പോകാറുമുണ്ട്. ഇതില്‍ ഭയപ്പെടുന്ന എന്തെങ്കിലും ഉണ്ടോ എന്ന് സ്വാഭാവികമായും സംശയം തോന്നാം. ഇത് മൂലം പ്രത്യുത്‌പാദനക്ഷമതയ്‌ക്കും ഗർഭധാരണ സാധ്യതയ്‌ക്കും എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാകുമോ എന്നതാണ് പലരുടെയും ആശങ്ക.
ആര്‍ത്തവത്തിന്റെ ദൈര്‍ഘ്യവും രക്തത്തിന്റെ അളവും, പ്രായം, സമ്മര്‍ദ്ദം, ഹോര്‍മോണല്‍ മാറ്റങ്ങള്‍, ജീവിതശൈലി, വ്യായാമം എന്നിങ്ങനെ പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി മാറാമെന്ന് സാകേത് മാക്‌സ് സ്‌മാര്‍ട്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ ഒബ്‌സ്‌ടെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ഉഷ എം. കുമാര്‍ ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് സാധാരണ ഗതിയില്‍ പല സ്‌ത്രീകളുടെയും ആര്‍ത്തവ ദൈര്‍ഘ്യം. ഇത് രണ്ട് മുതല്‍ ഏഴ് ദിവസം വരെയൊക്കെ നീളുന്നത് സ്വാഭാവികമാണെന്നും ഡോ. ഉഷ പറയുന്നു. ഉയര്‍ന്ന സമ്മര്‍ദ്ദ തോത് ഹോര്‍മോണുകളുടെ താളം തെറ്റിക്കുന്നത് ആര്‍ത്തവ ചക്രം ഹ്രസ്വമാകാനും ആര്‍ത്തവം തന്നെ ഉണ്ടാകാതിരിക്കാനും ചിലപ്പോള്‍ കാരണമാകാറുണ്ട്. ആവശ്യ പോഷണങ്ങള്‍ ശരീരത്തില്‍ ആവശ്യമായ തോതില്‍ ചെല്ലാതിരിക്കുന്നതും ഹോര്‍മോണ്‍ ഉത്‌പാദനത്തെയും ആര്‍ത്തവ ചക്രത്തെയും ബാധിക്കാം. അമിതമായ വ്യായാമം, പെട്ടെന്നുള്ള ഭാര നഷ്ടം എന്നിവ മൂലം ചിലപ്പോള്‍ ശരീരം ഊര്‍ജ്ജവിനിയോഗം വെട്ടിച്ചുരുക്കുന്നതിന് പ്രത്യുത്‌പാദന ഹോര്‍മോണ്‍ തോത് കുറച്ചെന്ന് വരാം. ഇതും കുറഞ്ഞ കാലത്തെ ആര്‍ത്തവത്തിലേക്ക് നയിക്കാം.
ചിലപ്പോഴൊക്കെ രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്ന ആര്‍ത്തവം പ്രത്യുത്‌പാദന ആരോഗ്യത്തിന്റെ മോശം സ്ഥിതിയെ ചൂണ്ടിക്കാട്ടാമെന്ന് ഗൈനക്കോളജിസ്‌റ്റുകള്‍ അഭിപ്രായപ്പെടുന്നു. അണ്ഡോത്‌പാദനം കൃത്യമായ ഇടവേളകളില്‍ നടക്കാതിരിക്കുന്നത് മൂലമാകാം കുറഞ്ഞ ആര്‍ത്തവ കാലയളവെങ്കില്‍ അത് ഭാവിയില്‍ വന്ധ്യതയ്‌ക്ക് കാരണമാകാം. പോളിസിസ്‌റ്റിക് ഓവറി സിന്‍ഡ്രോം, തൈറോയ്‌ഡ് പ്രശ്‌നങ്ങള്‍ എന്നിവയും കുറഞ്ഞ കാല ആര്‍ത്തവത്തിന് പിന്നിലുണ്ടാകാം.
ഗര്‍ഭപാത്രത്തിന്റെ ആവരണം കട്ടി കുറഞ്ഞതാകുന്നതിന്റെ ലക്ഷണവുമാകാം ചിലപ്പോഴൊക്കെ രണ്ട് ദിവസത്തെ ആര്‍ത്തവചക്രം. ഇത് ഗര്‍ഭധാരണത്തിന്റെ സമയത്ത് ബീജസംയോഗം നടന്ന അണ്ഡം ശരിയായി ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കപ്പെടാത്ത അവസ്ഥയുണ്ടാക്കാം. കുറഞ്ഞ ഈസ്‌ട്രജന്‍ തോത്, അമിതമായ വ്യായാമം, ഗര്‍ഭപാത്രത്തില്‍ സ്‌കാര്‍ ടിഷ്യൂകള്‍ ഉണ്ടാകുന്നത് പോലുള്ള പ്രശ്‌നങ്ങളും ഇതിലേക്ക് നയിക്കാം.
അണ്ഡങ്ങള്‍ക്ക് 40 വയസ്സിന് മുന്‍പ് തന്നെ ശേഷി നഷ്ടമാകുന്ന പ്രീമെച്വര്‍ ഒവേറിയന്‍ ഇന്‍സഫിഷ്യന്‍സിയുടെ ലക്ഷണവുമാകാം ഹ്രസ്വകാലത്തെ ആര്‍ത്തവചക്രം. ഇത് വന്ധ്യത, നേരത്തെയുള്ള ആര്‍ത്തവവിരാമം എന്നിവയ്‌ക്കും കാരണമായേക്കാം.
രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്ന ആര്‍ത്തവത്തിനൊപ്പം കഠിനമായ പേശി വലിവ്, ആര്‍ത്തവ ചക്രങ്ങള്‍ക്കിടയിലെ രക്തമൊഴുക്ക്, ഹോര്‍മോണല്‍ അസന്തുലനത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. നേരത്തെ സ്വാഭാവികമായി ആര്‍ത്തവ കാലയളവ് ഉണ്ടായിരുന്നവര്‍ക്ക് പെട്ടെന്ന് കാലയളവ് കുറഞ്ഞാലും പരിശോധന ആവശ്യമാണ്.