കണ്ണിനു സൂപ്പർ വിരുന്ന്; ഈ വീടിനകത്തേക്ക് കയറിയാൽ ആരും അമ്പരക്കും!
Mail This Article
തൃശൂർ ചാവക്കാടാണ് ഡോക്ടർ ദമ്പതികളായ ഷൗജാദിന്റെയും റൂബിനയുടെയും പുതിയ വീട്. ഒരു തൃശൂർ പൂരം കണ്ടിറങ്ങുന്ന കാഴ്ചകളാണ് ഈ വീട്ടിലേക്കെത്തിയാൽ കാത്തിരിക്കുന്നത്. പ്ലോട്ടിന്റെ രണ്ടു വശത്തു കൂടിയും റോഡ് പോകുന്നുണ്ട്. രണ്ടു വശങ്ങളിൽ നിന്നും വീടിന്റെ വ്യത്യസ്തമായ പുറംകാഴ്ചയാണ് ലഭിക്കുക. രണ്ടുവശങ്ങളിലും ഗെയ്റ്റ് നൽകിയിട്ടുണ്ട്.
ലാൻഡ്സ്കേപ്പിനും വീടിനൊപ്പം തന്നെ പ്രാധാന്യം നൽകിയിട്ടുണ്ട്. നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു മുറ്റം അലങ്കരിച്ചു. പുൽത്തകിടിക്കൊപ്പം ഗസീബോയും ഉദ്യാനത്തിൽ നൽകിയിട്ടുണ്ട്. വീട്ടുകാരുടെ ഒത്തുചേരൽ ഇടമാണിവിടം.

മോഡേൺ- കന്റെംപ്രറി ശൈലിയിലാണ് പുറംകാഴ്ച. ബോക്സ് ആകൃതിയിൽ നൽകിയ ഷോവാളുകളിൽ ക്ലാഡിങ് നൽകി അലങ്കരിച്ചിരിക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 6500 ചതുരശ്രയടിയിൽ ഒരുക്കിയത്.

വീട്ടിലേക്ക് സ്വാഗതമരുളുന്ന സിറ്റൗട്ട് തന്നെ കൗതുകമുണർത്തുന്ന വിധമാണ് ഒരുക്കിയത്. ഗ്ലാസ് പർഗോളയും ചെയറുകളും ഇൻഡോർ പ്ലാന്റുകളും ഇവിടെ ഹാജർ വയ്ക്കുന്നു. വിശാലമായ ഒരു മൈതാനത്തെത്തിയ പ്രതീതിയാണ് വീടിനകത്തേക്ക് കയറിയാൽ അനുഭവപ്പെടുക. ഓപ്പൺ പ്ലാനിൽ അകത്തളങ്ങൾ ഒരുക്കിയതാണ് ഇതിനു കാരണം. വാം ടോൺ ലൈറ്റുകളും തടിയുടെ പ്രൗഢി നിറയുന്ന സീലിങ് , പാനലിങ് വർക്കുകളും അകത്തളത്തിൽ പ്രൗഢി നിറയ്ക്കുന്നു.

ഫർണീച്ചറുകൾക്ക് നൽകിയ കളർ തീം കണ്ണുകളെ ആകർഷിക്കുന്നതാണ്. മഞ്ഞ ലെതർ ഫർണീച്ചറുകളാണ് ഫോർമൽ ലിവിങ്ങിൽ അഴക് വിരിക്കുന്നത്. ഫാമിലി ലിവിങ്ങിൽ വുഡൻ ഫർണിച്ചറുകൾ നൽകി. ഇനി ഊണുമുറിയിലേക്ക് എത്തിയാലോ? കടുംനീല അപ്ഹോൾസ്റ്ററി ചെയ്ത കസേരകളാണ് നൽകിയിരിക്കുന്നത്. ഊണുമേശയുടെ പിന്നിലും വുഡൻ കാർവിങ് ചെയ്ത ആർട് വർക്ക് കാണാം.

അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം, ഇരട്ടി ഉയരത്തിൽ വുഡൻ ആർട് വർക്കുള്ള ഹൈലൈറ്റർ ഭിത്തിയാണ്. ഇരുനിലകളെയും ഇത് ബന്ധിപ്പിക്കുന്നു. ഇവിടെ ഹാങ്ങിങ് ലൈറ്റുകളും നൽകി ഭിത്തിയെ ഹൈലൈറ്റ് ചെയ്യുന്നു. വുഡും ഗ്ലാസും ചേർന്നാണ് സ്റ്റെയർകേസ് നിർമിച്ചത്. ഇതിനടിയിൽ സിന്തറ്റിക് ഗ്രാസ് വിരിച്ചു കോർട്യാർഡും നൽകിയിട്ടുണ്ട്. സ്റ്റെയറിന്റെ സമീപത്തെ ഭിത്തിയലങ്കരിക്കുന്നത് അക്വേറിയമാണ്.

വിശാലമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ നൽകിയിട്ടുണ്ട്. എല്ലാ കിടപ്പുമുറികളിലും ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും മുറികളിൽ പ്രസന്നത നിറയ്ക്കുന്നു.

ഡൈനിങ്ങിനോട് ചേർന്നുതന്നെ പാൻട്രി കിച്ചൻ നൽകി. ലഘുവായി ഭക്ഷണം കഴിച്ചു സൊറ പറഞ്ഞിരിക്കാനായി ചെയറുകളും നൽകി. സമീപം വിശാലമായ വർക്കിങ് കിച്ചനും ഒരുക്കിയിട്ടുണ്ട്. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

രാത്രിയിൽ വീട്ടിലും ഉദ്യാനത്തിലുമുളള വിളക്കുകൾ കൂടി തെളിയുന്നതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു. ചുരുക്കത്തിൽ ഇത് വീട്ടുകാർ ആഗ്രഹിക്കുന്ന ജീവിത നിലവാരം ലഭിക്കാൻ പാകത്തിൽ ഒരുക്കിയ കസ്റ്റമൈസ്‌ഡ് വീടാണ്.
Project Details
Location- Chavakkad, Thrissur
Area- 6500 sqft
Plot- 65 cent
Owner- Dr. Shoujad Mohammed & Dr. Rubeena Shoujad
Interior Design- Suhail PC
Design & Decors, Chavakkad
Mob- 8111803245
Y.C – 2019
English Summary- Luxury Modern House Thrissur